കൊൽക്കത്ത: മരിച്ചയാളുടെ എടിഎം കൈക്കലാക്കി പണം കവർന്ന വീട്ടുജോലിക്കാരി അറസ്റ്റിൽ. കൊൽക്കത്തയിലാണ് സംഭവം. സത്യനാരായൺ അഗർവാൾ എന്നയാളുട എടിഎം ഉപയോ​ഗിച്ച് 35 ലക്ഷം രൂപയോളം കവർന്ന റിത റോയ് എന്ന യുവതിയാണ് അറസ്റ്റിലായത്. യുവതിയുടെ മരുമകന്റെയും സഹോദരന്റെയും സഹായത്തോടെയാണ് യുവതി പണം പിൻവലിച്ചത്. നകാഷിപാറ നിവാസിയാണ് റിത റോയ്. മരുമകൻ രഞ്ജിത് മുള്ളിക്കും സഹോദരൻ സൗമിത്ര സർക്കാരും യുവതിയെ സഹായിച്ചു. മൂന്ന് പ്രതികളും 34,90,000 രൂപയാണ് പിൻവലിച്ചത്.

കൊൽക്കത്ത പ്രിൻസ് അൻവർ ഷാ റോഡിലെ സിറ്റി ഹൈയിലെ സത്യനാരായണ അഗർവാളിന്റെ വീട്ടിലെജോലിക്കാരി ആയിരുന്നു റിത. ഏഴ് വർഷമായി യുവതി ഇയാളുടെ വീട്ടിലെ ജോലിക്കാരിയാണ്. കോവിഡ് വ്യാപനത്തെ തുടർന്ന് രാജ്യമാകെ ലോക് ഡൗൺ പ്രഖ്യാപിച്ച് ഒരാഴ്‌ച്ച പിന്നിട്ടപ്പോൾ അ​ഗർവാൾ അന്തരിച്ചു. ഇതിന് പിന്നാലെയാണ് യുവതി ഇയാളുടെ എടിഎം കാർഡ് ഉപയോഗിച്ച് പണം അപഹരിക്കാൻ തുടങ്ങിയത്. ലോക്ക്ഡൗണായതുകൊണ്ടുതന്നെ വീട്ടിലെ ആരും ബാങ്കിൽ പോകാത്തതിനാൽ പണം പിൻവലിച്ച കാര്യം വീട്ടുകാർ അറിഞ്ഞതുമില്ല.

സത്യനാരായണൻ അഗർവാളിന്റെ മകൻ സമീപത്തെ ഫ്‌ളാറ്റിലാണ് താമസം. മരിച്ച പിതാവിന്റെ ഫോൺ സ്വിച്ച് ഓഫ് ആയതിനെ തുടർന്ന് ബാങ്ക് ബന്ധുക്കളുടെ മൊബൈൽ നമ്പറിലേക്ക് സന്ദേശം അയക്കുന്നുണ്ടായിരുന്നു. എന്നാൽ പിതാവിന്റെ എടിഎം കാർഡിന്റെ പിൻനമ്പർ അറിയാത്തതിനാൽ പണം പിൻവലിക്കാനും മകന് കഴിഞ്ഞിരുന്നില്ല. ബാങ്കിൽ പോയി കാര്യങ്ങൾ തിരക്കിയതിന് പിന്നാലെയാണ് യുവതി പണം അപഹരിച്ച കാര്യങ്ങൾ മനസിലാക്കാൻ കഴിഞ്ഞത്.

സിസി ടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് പ്രതികളെ തിരിച്ചറിഞ്ഞത്. മുഖംമൂടിയും തൊപ്പിയും ധരിച്ച് അഗർവാളിന്റെ അക്കൗണ്ടിൽ നിന്ന് പണം പിൻവലിച്ചതായി കണ്ടെത്തി. ഇവരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവരുടെ വീട്ടിൽ നിന്ന് 27 ലക്ഷം രൂപയും പൊലീസ് കണ്ടെടുത്തു.