ബറേലി: മുൻ കാമുകൻ ഉൾപ്പടെയുള്ള മൂന്ന് യുവാക്കൾക്കെതിരെ വ്യാജ പരാതി നൽകി ഇരുപത്തിരണ്ടുകാരി. യുവാക്കൾ തന്നെ ലൈംഗികമായി ഉപദ്രവിക്കുകയും, മതംമാറി അവരിൽ ഒരാളെ വിവാഹം ചെയ്യാൻ നിർബന്ധിച്ചുവെന്നുമാണ് യുവതി ഉന്നയിച്ച പരാതി. ഉത്തർപ്രദേശിലെ ബറേലിയിലാണ് സംഭവം. പരാതിക്കാരി വിവാഹിതയാണ്.

ഡിസംബർ ഒന്നിന് തന്നെ യുവാക്കൾ ഉപദ്രവിച്ചെന്നായിരുന്നു പരാതിക്കാരിയുടെ ആരോപണം. യുവാക്കൾ ആ ദിവസം ബറേലിയിൽ ഉണ്ടായിരുന്നില്ലെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. ഇതോടെ ഉദ്യോഗസ്ഥർ പരാതി തള്ളുകയായിരുന്നു. കൂടാതെ ഒരാൾക്കെതിരെ തെറ്റായ പരാതി നൽകിയതിന് യുവതിക്കെതിരെ നടപടിയെടുത്തേക്കുമെന്നാണ് സൂചന.

വിവാഹത്തിന് മുമ്പ് പരാതിക്കാരി യുവാക്കളിൽ ഒരാളുമായി പ്രണയത്തിലായിരുന്നു. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ ഇരുവരും ഒളിച്ചോടി. തുടർന്ന് യുവതിയെ കാണാനില്ലെന്ന് കാണിച്ച് അമ്മാവൻ പരാതി നൽകിയിരുന്നു. ഒൻപതു ദിവസത്തിന് ശേഷമാണ് തിരിച്ചെത്തിയത്. പിന്നീട് സ്വന്തം സമുദായത്തിൽപ്പെട്ട ഒരാളെ വിവാഹം ചെയ്യുകയും ചെയ്തു.

വിവാഹ ശേഷം മുൻ കാമുകൻ തന്നെ പിന്തുടരുകയും, ഉപദ്രവിക്കുകയും ചെയ്തുവെന്നായിരുന്നു യുവതി പരാതിയിൽ പറഞ്ഞത്. ഡിസംബർ ഒന്നിന് തോക്കിൻ മുനയിൽ നിർത്തിയ ശേഷം മതപരിവർത്തനം ചെയ്യാൻ ആവശ്യപ്പെട്ടെന്നായിരുന്നു ആരോപണം. ഇതേത്തുടർന്ന് യോഗി സർക്കാർ കൊണ്ടുവന്ന മതപരിവർത്തനത്തിനെതിരെയുള്ള നിയമങ്ങളും യുവാക്കൾക്കെതിരെ പൊലീസ് ചുമത്തിയിരുന്നു. മൂന്ന് പേരെയും കസ്റ്റഡിയിലെടുക്കുകയും ചെയ്തു. എന്നാൽ കൂടുതൽ അന്വേഷിച്ചപ്പോഴാണ് പരാതി വ്യാജമാണെന്ന് മനസിലായത്. തുടർന്ന് വിട്ടയയ്ക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.