ഡൽഹി: ഇരുചക്ര വാഹനത്തിന് വഴി നൽകിയില്ലെന്ന് ആരോപിച്ച് ക്യാബ് ഡ്രൈവറുടെ മുഖത്തടിച്ച് യുവതി. തനിക്ക് കടന്നു പോകുവാൻ വഴി നൽകാതിരുന്നതിനെ തുടർന്ന് യുവതി തുടർച്ചയായി ഡ്രൈവറുടെ മുഖത്ത് അടിക്കുകയായിരുന്നു. ദൃസാക്ഷികളിൽ ഒരാൾ പകർത്തിയ ഡ്രൈവറെ കയ്യേറ്റം ചെയ്യുന്ന യുവതിയുടെ വീഡിയോ ഇതിനോടകം സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

രണ്ടു യുവതികളാണ് സ്‌കൂട്ടറിൽ ഉണ്ടായിരുന്നത്. ഗതാഗത കുരുക്ക് നേരിട്ടതിനെ തുടർന്ന് യുവതി കടന്നു പോകാൻ ശ്രമിക്കവെ ക്യാബ് ഡ്രൈവർ വഴി നൽകിയില്ലെന്നും ഇതിൽ പ്രകോപിതയായ യുവതി ഡ്രൈവറുടെ മുഖത്തടിക്കുകയായിരുന്നുവെന്നും ദൃസാക്ഷികൾ പറഞ്ഞു. ഡ്രൈവറോട് ക്ഷുഭിതയായി സംസാരിക്കുന്ന യുവതി തുടർച്ചയായി അഞ്ചു തവണ ഇയാളുടെ മുഖത്തടിക്കുന്നത് വീഡിയോയിൽ കാണാൻ സാധിക്കും.

ഡ്രൈവറെ അടിക്കരുതെന്ന് കൂടിനിൽക്കുന്നവർ പറയുന്നുണ്ടെങ്കിലും യുവതി അത് കേൾക്കാൻ തയ്യാറാകാതെ കയ്യേറ്റം തുടരുകയായിരുന്നു.വഴി നൽകാതിരുന്ന ഡ്രൈവറോട് അസഭ്യം പറഞ്ഞതിന് ശേഷമാണ് യുവതി ഇയാളെ വാഹനത്തിൽ നിന്നും ഇറക്കി കയ്യേറ്റം ചെയ്തതെന്നാണ് റിപ്പോർട്ട്. വിഷയത്തിൽ പ്രതിഷേധം രേഖപ്പെടുത്തിയ വഴിയാത്രക്കാരന് യുവതി മറുപടി നൽകുന്നതും വീഡിയോയിൽ വ്യക്തമാണ്.