നാഗർകോവിൽ: മോഷണ ശ്രമത്തിനിടെ യുവാവ് വീട്ടമ്മയെ കൊലപ്പെടുത്തി. തമിഴ്‌നാട്ടിലെ നാ​ഗർകോവിലിലാണ് സംഭവം. മാല പൊട്ടിക്കുന്നതിനിടെ കുളത്തിൽവീണ മേരിജയ ആണ് മരിച്ചത്. തിരുവട്ടാറിനു സമീപം മേക്കാമണ്ഡപം ഉമ്മൻകോട് സ്വദേശി നെൽസന്റെ ഭാര്യയാണ് കൊല്ലപ്പെട്ട മേരിജയ.

സംഭവവുമായി ബന്ധപ്പെട്ട് 40കാരനായ മെർലിൻ ജപരാജിനെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. ഇയാൾ മിലിറ്ററി സർവീസിൽനിന്നു പുറത്താക്കപ്പെട്ട ആളാണെന്ന് പൊലീസ് പറഞ്ഞു. ഞായറാഴ്ച വൈകുന്നേരം റേഷൻകടയിൽ നിന്ന് വീട്ടിലേക്കു പോകുമ്പോഴാണ് ഉമ്മൻകോട് കുളത്തിനു സമീപത്ത് വെച്ച് മെർലിൻ ജപരാജ് മാല പൊട്ടിക്കാൻ ശ്രമിച്ചത്. തട്ടിമാറ്റാൻ ശ്രമിക്കുന്നതിനിടെ മേരിജയ കുളത്തിൽ വീണു. കുളത്തിൽ ചാടിയ മെർലിൻ ജപരാജ് മേരിജയയുടെ കഴുത്ത് ഞെരിച്ചു.

നിലവിളികേട്ട് സ്ഥലത്തെത്തിയ നാട്ടുകാർ കുളത്തിൽ ഇറങ്ങി രണ്ടുപേരെയും കരയ്‌ക്കെടുത്തു. എന്നാൽ, മേരിജയയുടെ ജീവൻ രക്ഷിക്കാനായില്ല. തിരുവട്ടാർ പൊലീസ് സ്ഥലത്തെത്തി മെർലിൻ ജപരാജിനെ അറസ്റ്റുചെയ്തു. നെൽസൺമേരിജയ ദമ്പതിമാർക്ക് രണ്ട് പെൺമക്കളുണ്ട്.