കൊട്ടാരക്കര : വനിതാ സെല്ലിൽ സബ്ബ് ഇൻസ്‌പെക്ടർമാർ ഏറ്റുമുട്ടിയെന്ന ആക്ഷേപത്തിൽ പൊലീസിൽ ഉന്നതതല അന്വേഷണം നടക്കും. കൈയ്ക്കു പരിക്കേറ്റ എസ്‌ഐ. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയെന്നാണ് റിപ്പോർട്ട്.

ചൊവ്വാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. സീനിയോറിറ്റിയെച്ചൊല്ലിയുള്ള തർക്കമാണ് ഏറ്റുമുട്ടലിനു കാരണമായത്. വനിതാ സെൽ ചുമതലയുണ്ടായിരുന്ന സർക്കിൾ ഇൻസ്‌പെക്ടർ വിരമിച്ചപ്പോൾ സെല്ലിന്റെ ചുമതല ലഭിച്ച എസ്‌ഐ.യും പിന്നീടെത്തിയ മറ്റൊരു എസ്‌ഐ.യും തമ്മിലായിരുന്നു ഭിന്നത്. ഇത് സേനയ്ക്ക് നാണക്കേടായി മാറി.

അടികൂടിയവർ തമ്മിൽ സീനിയോറിറ്റിയെച്ചൊല്ലി തർക്കം നിലവിലുണ്ടായിരുന്നു. പലപ്പോഴും ഇതേച്ചൊല്ലി വാക്കുതർക്കം നടന്നിരുന്നു. കൂടാതെ ഒരാൾക്കെതിരേ മറ്റൊരാൾ ഡി.ജി.പി.ക്ക് പരാതിയും നൽകിയിരുന്നു. പരാതിക്കാരോട് മോശമായി പെരുമാറുന്നു, ക്രമക്കേടുകൾ കാട്ടുന്നു തുടങ്ങിയവ ആയിരുന്നു ആരോപണങ്ങൾ.

കഴിഞ്ഞ ദിവസം വാക്കുതർക്കം കൈയാങ്കളിയിലേക്കു കടന്നു. പരാതിക്കാരുൾപ്പെടെ ഓഫീസിലുള്ളപ്പോഴായിരുന്നു അസഭ്യം വിളികളോടെ ഏറ്റുമുട്ടിയത്. മൽപ്പിടിത്തത്തിനിടെ സെൽ ചുമതലയുള്ള എസ്‌ഐ.യുടെ കൈയ്ക്കു പരിക്കേൽക്കുകയായിരുന്നു. ഇതോടെയാണ് സംഭവം ഡിജിപി ഓഫീസിലും എത്തിയത്.

കൈയ്ക്ക് പൊട്ടൽ സംഭവിച്ചതായി പരിശോധനയിൽ കണ്ടെത്തി. സംഭവത്തിൽ റൂറൽ ജില്ലാ പൊലീസ് മേധാവി റിപ്പോർട്ട് തേടി. വിശദമായ അന്വേഷണം ഇക്കാര്യത്തിൽ നടക്കും. കുറ്റക്കാർക്കെതിരെ നടപടിയും വരും. സ്റ്റേഷനിലെ സിസിടിവിയും പരിശോധിക്കും.