അങ്കാറ: പ്രശസ്ത മാധ്യമപ്രവർത്തകൻ ജമാൽ ഖഷോഗിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ദുരൂഹതകൾ മായാതെ നിൽക്കവേയാണ് അദ്ദേഹത്തിന്റെ ശരീരഭാഗങ്ങൾ വെട്ടി നുറുക്കിയ ശേഷം കൊണ്ടു പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിരിക്കുന്നത്. ഖഷോഗിയുടെ ശരീരഭാഗങ്ങൾ തുർക്കി സൗദി കോൺസുലേറ്റിൽ നിന്നും കൊണ്ടു പോകുന്നതിന്റെ ദൃശ്യങ്ങളാണ് ഒരു തുർക്കി ചാനൽ കഴിഞ്ഞ ദിവസം പുറത്ത് വിട്ടത്. ബാഗുകളും സ്യൂട്ട് കേസുകളുമായി മൂന്നംഗ സംഘം നടന്നു പോകുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്.

ഖഷോഗ്ഗിയുടെ മൃതദേഹ ഭാഗങ്ങളുള്ള ഈ ബാഗുകളും സ്യൂട്ട്‌കെയ്‌സുകളും സൗദി കോൺസുലേറ്റിൽ നിന്ന് കോൺസുൽ ജനറലുടെ താമസസ്ഥലത്തേക്കാണ് മാറ്റിയതെന്നാണ് റിപ്പോർട്ട്. ഇസ്താംബൂളിലെ സൗദി കോൺസുലേറ്റും കോൺസുൽ ജനറലിന്റെ താമസസ്ഥലവും തമ്മിൽ കുറഞ്ഞ ദൂരം മാത്രമേയുള്ളൂ. ഒക്ടോബറിലാണ് സൗദി കോൺസുലേറ്റിൽ വെച്ച് വാഷ്ങ്ടൺ പോസ്റ്റ് കോളമിസ്റ്റായ ഖഷോഗ്ഗി കൊല്ലപ്പെടുന്നത്. ഇതേ തുടർന്ന് സൗദി അറേബ്യക്ക് മേൽ കടുത്ത സമ്മർദ്ദമാണ് നേരിടേണ്ടി വന്നിരുന്നത്.

 

സൗദി അറേബ്യയിലെ ഏറ്റവും പ്രശസ്തനായ മാധ്യമപ്രവർത്തകനായിരുന്നു ജമാൽ ഖഷോഗി. സോവിയറ്റ് യൂണിയന്റെ അഫ്ഗാനിസ്ഥാൻ അധിനിവേശവും ഉസാമ ബിൻ ലാദന്റെ വളർച്ചയുമൊക്കെ ലോകത്തെ ആദ്യമറിയിച്ച പത്രപ്രവർത്തകൻ. സൗദിയിലെ വിവിധ മാധ്യമങ്ങൾക്കുവേണ്ടി പ്രവർത്തിച്ച അദ്ദേഹം കൊട്ടാരവുമായി ഏറ്റവും അടുപ്പം പുലർത്തിയിരുന്ന മാധ്യമപ്രവർത്തകനുമായിരുന്നു. ദശാബ്ദങ്ങളോളം തുടർന്ന അടുപ്പം പെട്ടെന്ന് ഇല്ലാതാവുകയായിരുന്നു. കിരീടാവകാശിയായി മുഹമ്മദ് ബിൻ സൽമാൻ വന്നതോടെയാണ് ഖഷോഗി സൗദി രാജകുടുംബത്തിന് അനഭിമതനായത്.

ഇതോടെ, സൗദി വിട്ട ഖഷോഗി അമേരിക്കയിൽ അഭയം തേടി. ഒരുവർഷമായി അവിടെ കഴിയുന്ന കാലയളവിൽ വാഷിങ്ടൺ പോസ്റ്റിൽ മാസത്തിലൊരു പംക്തി അദ്ദേഹം എഴുതിയിരുന്നു. സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനെ വിമർശിക്കുന്നതായിരുന്നു ഈ ലേഖനങ്ങളിലേറെയും. സൗദിയിൽ മുഹമ്മദ് ബിൻ സൽമാൻ നടത്തിയ അഴിമതി വിരുദ്ധ പോരാട്ടത്തെയും അദ്ദേഹം വിമർശിച്ചു. വിമതരെയല്ല, സ്വതന്തമായി ചിന്തിക്കുന്ന മനസ്സുള്ളവരെയാണ് എംബിഎസ് അകത്താക്കിയതെന്നായിരുന്നു ഖഷോഗിയുടെ വിമർശനം.