ലഖ്നൗ: രാജ്യത്തെ ജനസംഖ്യ വർധിക്കുന്നത് സമൂഹത്തിൽ അസമത്വമുൾപ്പെടുള്ള പലവിധ പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ജനസംഖ്യാവർധന മൂലമുണ്ടാകുന്ന പ്രതിസന്ധികളെ കുറിച്ച് സമൂഹത്തിൽ ബോധവത്കരണം പ്രചരിപ്പിക്കണമെന്നും യോഗി ജനങ്ങളോട് ആവശ്യപ്പെട്ടു. ലോക ജനസംഖ്യാദിനത്തോടനുബന്ധിച്ചായിരുന്നു യോഗിയുടെ പ്രസ്താവന.

'സമൂഹത്തിൽ നിലനിൽക്കുന്ന അസമത്വമുൾപ്പെടെ പല ഗുരുതര പ്രശ്നങ്ങളുടേയും പ്രധാന കാരണം ജനസംഖ്യാവർധനവാണ്. ജനസംഖ്യാനിയന്ത്രണം നടപ്പിലാക്കുന്നതാണ് സാമൂഹികവികസനത്തിന്റെ ആദ്യഘട്ടം. ജനസംഖ്യ വർധിക്കുന്നത് മൂലമുണ്ടാകുന്ന സാമൂഹിക പ്രശ്നങ്ങളെ കുറിച്ച് വ്യക്തിപരമായും സാമൂഹികമായും ബോധവത്കരിക്കുമെന്ന് ഈ ജനസംഖ്യാദിനത്തിൽ നാമോരുത്തരും പ്രതിജഞ ചെയ്യേണ്ടതാണ്'. യോഗി വ്യക്തമാക്കി.

സംസ്ഥാനത്ത് ജനസംഖ്യ നിയന്ത്രിക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി രണ്ടിലധികം കുട്ടികളുള്ള ദമ്പതിമാർക്ക് സർക്കാരാനുകൂല്യങ്ങൾക്ക് അർഹത ഉണ്ടാകില്ലെന്ന് വ്യവസ്ഥ ചെയ്യുന്ന യുപി ജനസംഖ്യാ ബിൽ 2021 ന്റെ ആദ്യ കരട് രൂപം സംസ്ഥാന നിയമകമ്മീഷൻ ശനിയാഴ്ച പ്രസിദ്ധീകരിച്ചിരുന്നു. ഇത് വിവാദങ്ങൾക്കും ഇടയാക്കിയിട്ടുണ്ട്. രണ്ടിലധികം കുട്ടികൾ പാടില്ലെന്ന് പുതിയ നിയമം വ്യവസ്ഥ ചെയ്യുന്നില്ലെന്നും കമ്മീഷൻ ചെയർമാൻ ആദിത്യ മിത്തൽ വ്യക്തമാക്കിയിരുന്നു.

ജനസംഖ്യ നിയന്ത്രിക്കുന്നതിലൂടെ ജനങ്ങളുടെ ക്ഷേമം കൂടുതൽ ഉറപ്പാക്കുന്നതിന് വേണ്ടിയാണ് നിയമം രൂപവത്കരിച്ചതെന്നും രണ്ട് കുട്ടികളുള്ള ദമ്പതിമാർക്ക് എല്ലാ വിധ സർക്കാരാനുകൂല്യങ്ങളും ലഭിക്കുമെന്നും മിത്തൽ അറിയിച്ചു. നിയമത്തിലെ വ്യവസ്ഥകളിൽ മാറ്റം വരുത്തണമെന്ന് അഭിപ്രായമുണ്ടെങ്കിൽ ജൂലായ് 19 ന് മുമ്പ് അറിയിക്കണമെന്നും ജനങ്ങളോട് കമ്മീഷൻ ആവശ്യപ്പെട്ടിട്ടുണ്ട്.