കൊൽക്കത്ത: പശ്ചിമ ബംഗാളിലെ തൃണമൂൽ കോൺഗ്രസ് സർക്കാറിനെ ലക്ഷ്യമിട്ട് തീവ്ര ഹിന്ദുത്വ പ്രചാരണവുമായി ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പശുക്കടത്തും ലൗ ജിഹാദും അടക്കമുള്ളവ തടയാൻ ബംഗാൾ സർക്കാറിനാകുന്നില്ലെന്ന് യോഗി ആദിത്യനാഥ് പറഞ്ഞു. ബംഗാളിലെ മാൽഡയിലെ ബിജെപി റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

''തൃണമൂൽ സർക്കാറിന് അഭയാർഥികൾക്ക് പൗരത്വം നൽകുന്നതിലാണ് പ്രശ്‌നം. അനധികൃത കുടിയേറ്റക്കാർ സംസ്ഥാനത്ത് വരുന്നതിൽ പ്രശ്‌നമില്ല.പശ്ചിമ ബംഗാളിൽ ബിജെപി അധികാരത്തിലെത്തിയാൽ പശുക്കടത്ത് 24 മണിക്കൂറിനുള്ളിൽ തടയും. ജയ് ശ്രീറാം മുഴക്കാൻ അനുവദിക്കാത്തവരെ ജനങ്ങൾ ഉടൻ പുറത്താക്കും.

ബംഗാളിൽ ഇപ്പോൾ ദുർഗ പൂജ നിരോധിച്ചിരിക്കുന്നു. ഇവിടെ ഈദിന് പശുവിനെ ബലമായി അറുക്കുകയാണ്. പശുക്കടത്ത് കാരണം ആളുകളുടെ വികാരത്തിന് മുറിവേറ്റിരിക്കുന്നു. എന്നിട്ടും സംസ്ഥാന സർക്കാർ മൗനം പാലിക്കുകയാണ്. ബംഗാളിൽ ലൗ ജിഹാദ് അരങ്ങേറുന്നു. ഉത്തർപ്രദേശിൽ ഞങ്ങൾ ലൗജിഹാദിനെതിരെ നിയമം കൊണ്ടുവന്നു. അധികാരത്തിലെത്തിയാൽ പശുക്കടത്തും ലൗ ജിഹാദും ബിജെപി അവസാനിപ്പിക്കും'' -യോഗി ആദിത്യനാഥ് പറഞ്ഞു.