ലക്നൗ: തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം അവശേഷിക്കേ, യുവാക്കളിൽ സ്വാധീനം വർധിപ്പിക്കാൻ വമ്പൻ പ്രഖ്യാപനവുമായി യോഗി സർക്കാർ. ഡിജിറ്റൽ ശാക്തീകരണത്തിന്റെ ഭാഗമായി ഒരു കോടി യുവാക്കൾക്ക് സ്മാർട്ട്ഫോണുകളും ടാബ് ലെറ്റുകളും നൽകാനാണ് തീരുമാനം.

അനുബന്ധ ബജറ്റുമായി ബന്ധപ്പെട്ട ചർച്ചക്കിടെ മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് പ്രഖ്യാപനം നടത്തിയത്. യോഗിയുടെ മറുപടിയെ തുടർന്ന് 7301 കോടി രൂപയുടെ അനുബന്ധ ബജറ്റ് ശബ്ദ വോട്ടോടെ പാസായി. ഹൈസ്‌കൂളോ അതിന് മുകളിൽ വിദ്യാഭ്യാസമോ ഉള്ള യുവാക്കളെ ഉദ്ദേശിച്ചാണ് പദ്ധതി. തൊഴിൽരഹിതരായ യുവാക്കൾക്കാണ് ഇത് കൂടുതൽ പ്രയോജനപ്പെടുക എന്ന് മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്തെ യുവാക്കളെ കുറിച്ച് പ്രതിപക്ഷം ഒരിക്കലും ആലോചിക്കാറ് പോലുമില്ല. തെറ്റായ കാര്യങ്ങൾ ചെയ്യാൻ പ്രതിപക്ഷം ഇവരെ പ്രേരിപ്പിക്കുകയാണെന്ന് യോഗി ആദിത്യനാഥ് ആരോപിച്ചു.

യുവാക്കൾക്ക് മെച്ചപ്പെട്ട ജീവിതം ലഭിക്കുന്നതിനെ കുറിച്ചാണ് ബിജെപി സർക്കാർ എപ്പോഴും ചിന്തിക്കുന്നത്. നിയമസംവിധാനവുമായി ബന്ധപ്പെട്ട് മോശം പ്രതിച്ഛായ നിലനിന്നിരുന്ന കാലത്ത് സ്വദേശം മറ്റുള്ളവരിൽ നിന്ന് യുവാക്കൾ മറച്ചുവെച്ചിരുന്നതായും യോഗി ആദിത്യനാഥ് പറഞ്ഞു.