കോഴിക്കോട്: മാരക മയക്കുമരുന്നായ എംഡി.എം.എ യുമായി യുവാവ് അറസ്റ്റിൽ. നല്ലളം നിറംനിലം വയൽ മുഹിൻ സുഹാലിഹാണ് പിടിയിലായത്. വിൽപ്പനക്കായി കൊണ്ടുവന്ന മയക്കുമരുന്നും വാഹനവും ഉൾപ്പെടെയാണ് നല്ലളം ശാരദമന്ദിരത്ത് വെച്ച് പിടികൂ‌ടിയത്. സിന്തറ്റിക്ക് ഡ്രഗ്ഗായ ക്രിസ്റ്റൽ രൂപത്തിലുള്ള 4.530 ഗ്രാം എംഡിഎംഎ ഇയാളിൽ നിന്നും കണ്ടെടുത്തു. കോവിഡ് പരിശോധനക്ക് ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

നാർക്കോട്ടിക്ക് അസിസ്റ്റന്റ് കമ്മീഷണർ സുനിൽ കുമാറിന്റെ നേതൃത്വത്തിലുള്ള കോഴിക്കോട് സിറ്റി ജില്ലാ ആന്റി നാർക്കോട്ടിക്ക് സ്പെഷ്യൽ ആക്ഷൻ ഫോഴ്സും (ഡൻസാഫ്) നല്ലളം പൊലീസ് സബ്ബ് ഇൻസ്പെക്ടർ അഷ്റഫും ചേർന്നാണ് യുവാവിനെ പിടികൂടിയത്. നല്ലളം പൊലീസ് സബ്ബ് ഇൻസ്പെക്ടർ എ അഷ്റഫ്,എംകെ സലിം, സിനിയർ സിപിഒ ദീപ്തി ലാൽ, ഡ്രൈവർ സിപിഒ അരുൺഘോഷ്, ഹോം ഗാർഡ് വിജയകൃഷ്ണൻ എന്നിവരെ കൂടാതെ ഡൻസാഫ് അംഗങ്ങളായ എം മുഹമ്മദ് ഷാഫി, എം സജി, കെ അഖിലേഷ്, കെഎ ജോമോൻ, എം ജിനേഷ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.

കോഴിക്കോട് നഗരത്തിന്റെ വിവിധ ഭാഗങ്ങൾ കേന്ദ്രീകരിച്ച് വൻ തോതിൽ ലഹരിമരുന്ന് വില്പന നടക്കുന്നുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കോഴിക്കോട് നഗരത്തിൽ ഡൻസാഫ് നിരീക്ഷണം ശക്തമാക്കിയിരുന്നു. പുതുവർഷ ആഘോഷത്തിന്റെ ഭാഗമായി ജില്ലയിലേക്കുള്ള ലഹരിമരുന്നിന്റെ വ്യാപനം തടയുന്നതിനായി കോഴിക്കോട് സിറ്റി പൊലീസ് ചീഫ് ഡിഐജി എവി ജോർജ്ജ് ഐപിഎസ് ഡൻസാഫ് അംഗങ്ങൾക്ക് ശക്തമായ നിർദ്ദേശം നൽകിയിരുന്നു. ഇതിന്റെ ഭാഗമായി കഴിഞ്ഞ മാസാവസാനം വില്പനയ്ക്കായി കൊണ്ടുവന്ന അൻപത് കിലോഗ്രാമോളം കഞ്ചാവുമായി യുവാവിനെ ഡൻസാഫിന്റെ സഹായത്തോടെ മെഡിക്കൽ കോളേജ് പൊലീസ് പിടികൂടിയിരുന്നു.

എം‌ഡി‌എം‌എയുടെ മിതമായ ഡോസുകൾ വരെ ഉപയോഗിക്കുന്നത് ശരീര താപനിലയെ അമിതമായി വർദ്ധിപ്പിക്കുമെന്നും ഉയർന്ന രക്തസമ്മർദ്ദം, ക്ഷീണം,തലച്ചോറിന്റെ മാരകമായ വീക്കം, എം‌ഡി‌എം‌എയുടെ ഒരു മിതമായഡോസ് പതിവായി ഉപയോഗിക്കുന്ന ആളുകളിൽ ഹൃദയത്തിന്റെ പമ്പിങ് കാര്യക്ഷമത കുറയ്‌ക്കുകയും ചെയ്യും. വളരെ ഗുരുതരമായ പാർശ്വഫലങ്ങൾക്ക് കാരണമാകുന്ന ലഹരിമരുന്നാണ് മെത്തലീൻ ഡയോക്സി മെത്താംഫീറ്റമിൻ. സിന്തറ്റിക് ഡ്രഗ്‌സ് വിഭാഗത്തിൽപ്പെടുന്ന ലഹരിവസ്തുക്കൾ എക്സ്റ്റസി, എംഡിഎംഎ എന്ന വിളിപ്പേരുകളിലും അറിയപ്പെടുന്നത്. നിശാപാർട്ടികളിൽ പങ്കെടുക്കുന്നവരാണ് ഇവ കൂടുതലായി ഉപയോഗിക്കുന്നതെന്നും നാർക്കോട്ടിക്ക് സെൽ എസിപി സുനിൽ കുമാർ പറഞ്ഞു.

കൂടുതൽനേരം ലഹരി നിൽക്കുന്നതു കാരണം സംഗീതമേളകളിലും നൃത്തപരിപാടികളിലും ഈ ലഹരിമരുന്നു വ്യാപകമായി ഉപയോഗിക്കപ്പെടുന്നുണ്ടെന്നും ബാംഗ്ലൂരിൽ നിന്നാണ് ഇയാൾ കോഴിക്കോട് എത്തിച്ചതെന്നും നല്ലളം ഇൻസ്പെക്ർ എം.കെ സുരേഷ്കുമാർ പറഞ്ഞു.