മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്‌ക്കെതിരെ രൂക്ഷ വിമർശവുമായി നടി കങ്കണ റണാവത്. തന്റെ ഓഫീസ് കെട്ടിടം തകർത്തതിന്റെ പേരിലാണ് താരം ഉദ്ധവിനെതിരെ മുന്നറിയിപ്പുമായി രം​ഗത്തെത്തിയത്. 'ഉദ്ധവ് താക്കറെ, നിങ്ങൾ എന്താണ് കരുതുന്നത്. സിനിമ രംഗത്തെ മാഫിയകളുമായി കൂട്ടുചേർന്ന് നിങ്ങൾ എന്റെ വീട് തകർക്കുകയും എന്നോട് പ്രതികാരം ചെയ്യുകയുമുണ്ടായി. എന്റെ വീട് ഇന്ന് തകർക്കപ്പെട്ടു. നിങ്ങളുടെ അഹങ്കാരം നാളെ തകർക്കപ്പെടും'. സമയം ഇപ്പോൾ നിങ്ങൾക്ക് അനുകൂലമാണ്. എന്നാൽ അത് എപ്പോഴും അങ്ങനെയാവില്ലെന്നും 33 വയസുകാരിയായ നടി മഹാരാഷ്ട്ര മുഖ്യമന്ത്രിക്ക് മുന്നറിയിപ്പ് നൽകി.

മുംബൈയെ പാക് അധീന കശ്മീരിനോട് ഉപമിച്ചതിനെത്തുടർന്നാണ് ശിവസേന കങ്കണയ്‌ക്കെതിരെ രംഗത്തുവന്നത്. പാലി ഹിൽസിലുള്ള കങ്കണയുടെ ഓഫീസ് കെട്ടിടത്തിൽ അനധികൃതമായി മാറ്റങ്ങൾ വരുത്തിയെന്നാരോപിച്ച് മുനിസിപ്പൽ കോർപ്പറേഷൻ അധികൃതരാണ് ഓഫീസ് കെട്ടിടം പൊളിച്ചു തുടങ്ങിയത്. എന്നാൽ പൊളിക്കൽ താത്കാലികമായി നിർത്തിവെക്കാൻ നിർദ്ദേശിച്ച ബോംബെ ഹൈക്കോടതി ശിവസേന ഭരിക്കുന്ന മുനിസിപ്പൽ കോർപ്പറേഷന് നോട്ടീസ് അയയ്ക്കുകയും ചെയ്തിരുന്നു.

ബാന്ദ്രയിലെ ബംഗ്ലാവിൽ അനധികൃത നിർമ്മാണം നടത്തിയെന്നു കാണിച്ച് ഇന്നലെയാണ് കോർപ്പറേഷൻ കങ്കണയ്ക്കു നോട്ടീസ് നൽകിയത്. ശിവസേനാ നേതാക്കളുമായി കങ്കണയുടെ വാക് പോര് തുടരുന്നതിനിടെ കോർപ്പറേഷൻ നടപടി അധികാര ദുർവിനിയോഗമാണെന്ന് ആക്ഷേപം ഉയർന്നിരുന്നു. കങ്കണയുടെ അഭിഭാഷകൻ നൽകിയ മറുപടിയിലും ഈ ആരോപണം ഉണ്ടായിരുന്നു.

അതിനിടെ, കങ്കണ മുംബൈയിലെ വീട്ടിലെത്തി. വിമാനത്താവളത്തിൽ നിന്നു കങ്കണയെ കനത്ത സുരക്ഷയിലാണ് പാലി ഹിൽസിലെ വീട്ടിലെത്തിച്ചത്. വൻപ്രതിഷേധവുമായി ശിവസേന വിമാനത്താവളത്തിനകത്തും പുറത്തും നിലയുറപ്പിച്ചിരുന്നു. ബിഎംസി പൊളിച്ച ഓഫിസിന്റെ ദൃശ്യങ്ങൾ കങ്കണ ട്വീറ്റ് ചെയ്തു. ഓഫിസ് പൊളിക്കുന്നത് ബോംബെ ഹൈക്കോടതി സ്റ്റേചെയ്തിരുന്നു. നാളെ വൈകിട്ട് മൂന്നുമണിക്ക് ഹർജി വീണ്ടും പരിഗണിക്കും. കൂടുതൽ അനധികൃത നിർമ്മാണങ്ങൾക്കെതിരെ ബിഎംസി നോട്ടിസ് നൽകിയിരുന്നു.

നടി കങ്കണ റനൗട്ടും ശിവസേനയും തമ്മിലുള്ള പോരിനെത്തുടർന്ന്, കങ്കണയുടെ മുംബൈ പാലി ഹിൽസ് ഓഫിസ് കെട്ടിടത്തിന്റെ ഒരുഭാഗം പൊളിച്ചു. ശുചിമുറി ഓഫിസ് മുറിയാക്കിയതടക്കം അനധികൃത നിർമ്മാണം ആരോപിച്ചാണ് കോർപറേഷന്റെ നടപടി. മുംബൈ നഗരത്തെ പാക്ക് അധിനിവേശ കശ്മീരിനോട് ഉപമിച്ച കങ്കണയുടെ ട്വീറ്റായിരുന്നു വിവാദത്തിന്റെ തുടക്കം. നടൻ സുശാന്ത് സിങ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ടായിരുന്നു ട്വീറ്റ്. രാമക്ഷേത്രം പൊളിച്ച ബാബറിന്റെ നടപടിക്ക് സമാനമെന്നായിരുന്നു കങ്കണയുടെ പ്രതികരണം.