കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ധർമ്മടം മണ്ഡലത്തിൽ മത്സരിക്കാൻ മുൻ യൂത്ത് കോൺഗ്രസ് നേതാവ് തലശേരി പ്രസ് ഫോറത്തിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് മഹറുഫ് തന്റെ സ്ഥാനാർത്ഥിത്വം സ്വയം പ്രഖ്യാപിച്ചത്. പിണറായി പഞ്ചായത്തിലെ എരുവട്ടി സ്വദേശിയായ മഹ്‌റൂഫ് നേരത്തെ യുത്ത് കോൺഗ്രസ് മണ്ഡലം ഭാരവാഹിയായിരുന്നു.

സിനിമാ പ്രൊഡക്ഷൻ എക്‌സിക്യുട്ടീവായി പ്രവർത്തിച്ചിരുന്ന ഇയാളെ ഗ്രൂപ്പ് വഴക്കിനെ തുടർന്നുണ്ടായ ആരോപണത്തിനെ തുടർന്ന് യൂത്ത് കോൺഗ്രസിൽ നിന്നും പുറത്താക്കായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനെതിരെ സ്ഥാനാർത്ഥിയായി നിർത്താതെ കോൺഗ്രസ് നേതാക്കൾ ഒളിച്ചു കളിക്കുകയാണെന്നും ഇതിൽ പ്രതിഷേധിച്ചാണ് താൻ സ്വയംസ്ഥാനാർത്ഥിയായി നിൽക്കുന്നതെന്നും മഹ്‌റൂഫ് പറഞ്ഞു.

മുഖ്യമന്ത്രിക്കെതിരെ പൊരുതാൻ നാട്ടുകാരൻ തന്നെയായ തനിക്ക് ജനങ്ങളുടെ പിൻ തുണയുണ്ട്. എല്ലാ വിഭാഗം ജനങ്ങളുടെയും പിൻതുണ ഇതിനായി ലഭിക്കും. തലശേരി മേഖലയിലെ അക്രമ രാഷ്ട്രീയത്തിന്റെ ഇരകളിലൊന്നാണ് താൻ.

തലനാരിഴയ്ക്കാണ് സിപിഎം പ്രവർത്തകരുടെ വധശ്രമത്തിൽ നിന്നും രക്ഷപ്പെട്ടത്. പെരളശേരി എ.കെ.ജി സ്മാരക ഹയർസെക്കൻഡറി സ്‌കൂളിൽ പഠിക്കുമ്പോൾ എസ്.എഫ്.ഐ നേതാവായിരുന്നു. ചില പ്രശ്‌നങ്ങൾ കാരണം സംഘടന വിട്ടപ്പോൾ തന്നെ കാൽ അടിച്ചൊടിച്ചു. തലനാരിഴയ്ക്കാണ് വധശ്രമത്തിൽ നിന്നും രക്ഷപ്പെട്ടതെന്നും മഹ്റൂഫ് പറഞ്ഞു. പിന്നീട് കെ.എസ്.യു യൂത്ത് കോൺഗ്രസ് പ്രവർത്തകനായി പ്രവർത്തിച്ചു.

യുത്ത് കാൺഗ്രസ് മണ്ഡലം ജനറൽ സെക്രട്ടറി, ധർമ്മടം നിയോജക മണ്ഡലം പ്രസിഡന്റ്, ഫെഫ്ക പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ് യുനിയൻ മുൻ പ്രസിഡന്റ് എന്നീ നിലകളിലും കലാ സാഹിത്യ മേഖലയിലും പ്രവർത്തിച്ചിട്ടുണ്ടെന്ന് മഹ് റുഫ് പിണറായി വാർത്താ സമ്മേളനത്തിൽ അറിയിച്ചു. അക്രമ രാഷ്ട്രീയത്തിന് മറുപടി നൽകാനാണ് താൻ മുഖ്യമന്ത്രിക്കെതിരെ മത്സരിക്കുന്നത്. ഇനിയെങ്കിലും ഈ വിഷയത്തിൽ ജനങ്ങൾ ബോധവൽക്കരിക്കപ്പെടണമെന്നും മഹ് റുഫ് പറഞ്ഞു.