കൊല്ലം: ചവറ ചേന്നങ്കര മുക്കിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് വെട്ടേറ്റു. യൂത്ത് കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റ് ജോയ് മോൻ, സനൂപ് എന്നിവർക്കാണ് വെട്ടേറ്റത്. തിങ്കളാഴ്ച വൈകിട്ട് ഏഴ് നാൽപ്പതോടെയായിരുന്നു സംഭവം. അക്രമത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ ഉൾപ്പെടെ പുറത്ത് വന്നിട്ടുണ്ട്. ആക്രമണത്തിന് പിന്നിൽ ഡിവൈഎഫ്‌ഐയാണെന്ന് യൂത്ത് കോൺഗ്രസ് നേതാക്കൾ ആരോപിച്ചു.

വെട്ടേറ്റ ഇരുവരും ചവറക്കടുത്തുള്ള സ്വകാര്യാശുപത്രിയിൽ ചികിത്സയിലാണ്. പ്രവീൺ എന്ന ഡിവൈഎഫ്ഐ പ്രവർത്തകനാണ് ഇരുവരെയും വെട്ടിയത് എന്ന് യൂത്ത് കോൺഗ്രസ് ജില്ലാ നേതൃത്വം ആരോപിച്ചു. പ്രാദേശിക തർക്കങ്ങളുടെ പേരിലായിരുന്നു അക്രമമെന്നും യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് അരുൺ രാജ് കുറ്റപ്പെടുത്തി.

എന്നാൽ സംഭവവുമായി ബന്ധമില്ലെന്ന് ഡിവൈഎഫ്ഐ ജില്ലാ നേതൃത്വം പ്രതികരിച്ചു. ക്ഷേത്രോൽസവവുമായി ബന്ധപ്പെട്ട തർക്കമാണ് അക്രമത്തിൽ കലാശിച്ചതെന്നും അക്രമിക്ക് ഡിവൈഎഫ്ഐയുമായി ബന്ധമില്ലെന്നും നേതാക്കൾ അവകാശപ്പെട്ടു. പൊലീസ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.