കോഴിക്കോട്: കോഴിക്കോട് കൊയിലാണ്ടിയിൽ പ്രവാസിയെ തോക്ക് ചൂണ്ടി തട്ടിക്കൊണ്ടുപോയി. ഊരള്ളൂർ മാതോത്ത് മീത്തൽ അഷ്‌റഫിനെയാണ് തട്ടിക്കൊണ്ട് പോയത്. പിന്നിൽ സ്വർണക്കടത്ത് സംഘമാണെന്നാണ് സൂചന. ഇന്നോവയിലെത്തിയ ഒരു സംഘമാണ് ഇയാളെ തട്ടിക്കൊണ്ട് പോയത്.

ഇന്നു രാവിലെ ഊരള്ളൂരിലെ വീട്ടിൽവച്ചാണ് അഷ്‌റഫിനെ വാഹനത്തിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയത്. ബന്ധുക്കളെ സംഘം തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു.വിദേശനിർമ്മിത തോക്ക് ചൂണ്ടിയാണ് തട്ടിക്കൊണ്ട് പോയതെന്നാണ് അഷ്‌റഫിന്റെ ബന്ധുക്കൾ ആരോപിക്കുന്നത്. പൊലീസ് സംഘം സ്ഥലത്തെത്തി ബന്ധുക്കളുടെ മൊഴിയെടുക്കൽ ആരംഭിച്ചു.

അഷ്‌റഫ് ഒരു മാസം മുമ്പാണ് ഗൾഫിൽ നിന്ന് എത്തിയത്. അഷ്‌റഫ് സ്വർണക്കടത്ത് ക്യാരിയറാണ് എന്നാണ് പൊലീസ് പറയുന്നത്.തട്ടിക്കൊണ്ട് പോയത് സ്വർണക്കടത്തുമായി ബന്ധപ്പെട്ട കൊടുവള്ളി സംഘമെന്ന് സൂചനയുണ്ട്. നേരത്തെയും ഇവർ അഷ്‌റഫിനെ തേടിയെത്തിയിരുന്നു. സ്വർണം തന്റെ പക്കൽ നിന്നും ക്വട്ടേഷൻ സംഘം തട്ടിക്കൊണ്ട് പോയെന്നായിരുന്നു അഷ്‌റഫ് ഇവരോട് പറഞ്ഞിരുന്നത്. എന്നാൽ സ്വർണം അഷ്‌റഫ് സ്വന്തം രീതിയിൽ മുക്കിയതാണെന്ന് ക്വട്ടേഷൻ സംഘം കരുതിയിരുന്നുവെന്നും, ഇതേത്തുടർന്നാണ് വീണ്ടും ഇവർ അഷ്‌റഫിനെ തേടിയെത്തിയത് എന്നും ബന്ധുക്കൾ പറയുന്നു. സംഭവത്തിൽ കൊയിലാണ്ടി പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

കോഴിക്കോട് കൊടുവള്ളി അടക്കം കേന്ദ്രീകരിച്ച് വൻതോതിൽ സ്വർണക്കടത്തും, കടത്തിയ സ്വർണം തട്ടിക്കൊണ്ടുപോകുന്ന ക്വട്ടേഷനും വീണ്ടും സജീവചർച്ചയിൽ വരുന്നത് രാമനാട്ടുകരയിൽ വാഹനാപകടത്തിൽ ക്വട്ടേഷൻ സംഘാംഗങ്ങൾ മരിച്ചതോടെയാണ്. ഇതുമായി ബന്ധപ്പെട്ട് മുമ്പ് ഡിവൈഎഫ്‌ഐ അടക്കമുള്ള യുവസംഘടനകളുമായി ബന്ധമുണ്ടായിരുന്ന അർജുൻ ആയങ്കി അടക്കം കസ്റ്റംസിന്റെ കസ്റ്റഡിയിലായിട്ടും, ഇപ്പോഴും നിർബാധം തട്ടിക്കൊണ്ടുപോകൽ അടക്കമുള്ള ക്വട്ടേഷൻ പ്രവർത്തനങ്ങൾ വടക്കൻ കേരളത്തിൽ തുടരുന്നുവെന്നാണ് ഈ സംഭവത്തോടെ വ്യക്തമാകുന്നത്.