മലപ്പുറം: കോവിഡിന്റെ മറവിൽ മലപ്പുറം കുറ്റിപ്പുറം പഞ്ചായത്തിലെ മൂടാൽ മേഖല ലീഗ് ഓഫീസിൽ പൊലീസ് കയറിയത് വിവാദത്തിൽ. പൊലീസ് അതിക്രമം നടന്നെന്ന ആക്ഷേപവുമായി യൂത്ത് ലീഗ് രംഗത്തെത്തി. യൂത്ത് ലീഗ് കുറ്റിപ്പുറം പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധം രേഖപ്പെടുത്തി. സർക്കിൾ ഇൻസ്പെക്ടർ സശീന്ദ്രനും സംഘവുമാണ് ഓഫീസിൽ കയറി ചെയറുകളും ഫർണ്ണീച്ചറും തച്ച് തകർത്തതെന്ന് ഭാരവാഹികൾ പറഞ്ഞു. നിയമപാലകർ തന്നെ നിയമം ലംഘിച്ചും ജനാതിപത്യ മര്യാതകളില്ലാതെയും ഇത്തരം ഗുണ്ടാപ്രവർത്തനത്തിനിറങ്ങിയാൽ നിയമം ലംഘിച്ചുള്ള പ്രതിഷേധങ്ങൾ നേരിടേണ്ടി വരുമെന്നും ഇത്തരക്കാർക്കെതിരെ നിയമ നടപടികൾ കൈകൊള്ളണംഅല്ലാത്തപക്ഷം ശക്തമായ യുവജന പ്രതിഷേധ സമരം സംഘടിപ്പിക്കുമെന്ന് യൂത്ത് ലീഗ് നേതാക്കൾ പ്രതികരിച്ചു.

കുറ്റിപ്പുറം പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡന്റ് കെ ടി.ഹമീദ്, സെക്രട്ടറി ശമീർ തടത്തിൽ, അജ്മൽ മൂടാൽ,കെ.പി കബീർ, അഷ്റഫ് മൂടാൽ, ഖലീൽ കെ, അഷ്റഫ് എം എം, നാസർ ഹുദവി, ഖിളർ പനങ്കാവിൽ എന്നിവർ ഓഫീസ് സന്ദർശിച്ചു അതേ സമയം മലപ്പുറം ജില്ല മുഴുവൻ സമ്പൂർണ ലോക്ക്ഡൗൺ നടപ്പാക്കുന്നതിന് പകരം രോഗ ബാധിത പ്രദേശങ്ങളിൽ നിയന്ത്രണങ്ങൾ കർശനമായി നടപ്പാക്കണമെന്ന് സർവകക്ഷി യോഗത്തിൽ അഭിപ്രായം. പി.കെ കുഞ്ഞാലിക്കുട്ടി എംപി യുടെ അധ്യക്ഷതയിൽ ചേർന്ന ഓൺലൈൻ യോഗത്തിൽ എംപി മാർ എംഎ‍ൽഎ മാർ വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികൾ പങ്കെടുത്തു.

രോഗവ്യാപനം തടയുന്നതിന് ജില്ലാ ഭരണകൂടം നടപ്പാക്കുന്ന നിയന്ത്രണങ്ങളോട് പൂർണ്ണ സഹകരണം ജനപ്രതിനിധികളും രാഷ്ട്രീയ പാർട്ടി പ്രതിനിധികളും ഉറപ്പ് നൽകി. രോഗ ബാധിത മേഖലകളിൽ കർശന നിയന്ത്രണങ്ങൾ വേണമെന്നും ഇക്കാര്യത്തിൽ വിദഗ്ധാഭിപ്രായം കണക്കിലെടുത്ത് ജില്ലാ ഭരണകൂടത്തിന് തീരുമാനമെടുക്കാമെന്നും ജനപ്രതിനിധികൾ പറഞ്ഞു. കോവിഡ് പരിശോധനാ ഫലം പെട്ടെന്ന് ലഭ്യമാക്കുന്നതിനും കോവിഡ് ആശുപത്രികളിലും സി.എഫ്.എൽ.ടി.സി കളിലും ആവശ്യമായ സൗകര്യങ്ങളൊരുക്കുന്നതോടൊപ്പം കൂടുതൽ ചികിൽസാ കേന്ദ്രങ്ങൾ ആരംഭിക്കാനും യോഗത്തിൽ നിർദ്ദേശമുണ്ടായി. ജില്ലയിൽ രോഗികളുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിൽ കോവിഡ് പോസിറ്റീവായ രോഗലക്ഷണങ്ങളില്ലാത്തവരെ വീടുകളിൽ ചികിൽസിക്കന്നതിന്റെ പ്രായോഗികത പരിശോധിക്കാൻ ജില്ലാ മെഡിക്കൽ ഓഫീസറോട് ആവശ്യപ്പെട്ടു.

സാധാരണ മരണങ്ങൾ സംഭവിക്കുമ്പോൾ പോലും കോവിഡ് സാഹചര്യത്തിൽ പരിശോധനകളും നടപടി ക്രമങ്ങളും പാലിക്കേണ്ടി വരുന്നത് സങ്കീർണത സൃഷ്ടിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ നടപടിക്രമങ്ങൾ പെട്ടെന്ന് പൂർത്തിയാക്കണം. ഓണച്ചന്തകൾ ഒഴിവാക്കാമെന്നും എന്നാൽ കർഷകരുടെ ഉല്പന്നങ്ങൾക്ക് വിപണി കണ്ടെത്താൻ സാഹചര്യമൊരുക്കണമെന്നും ജനപ്രതിനിധികൾ പറഞ്ഞു.

യോഗത്തിൽ എംപി.മാരായ ഇ.ടി മുഹമ്മദ് ബഷീർ, പി.വി അബ്ദുൾ വഹാബ്, എം എൽ എ മാരായ പി ഉബൈദുള്ള, പി. ഹമീദ്, പി.കെ ബഷീർ, മഞ്ഞളാംകുഴി അലി, ടി.വി ഇബ്രാഹിം, ആബിദ് ഹുസൈൻ തങ്ങൾ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണിക്കൃഷ്ണൻ, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികൾ, എ.ഡി.എം എൻ.എം. മെഹറലി, ഡെപ്യൂട്ടി കലക്ടർമാരായ പി. എൻ പുരുഷോത്തമൻ, കെ. ലത, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ സക്കീന, ജില്ലാതല ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.