കോഴിക്കോട്: യൂത്ത് ലീഗിന്റെ പുതിയ സംസ്ഥാന കമ്മിറ്റി ഈ മാസം 23 ന് നിലവിൽ വരും. കമ്മിറ്റിയിൽ കാര്യമായ മാറ്റങ്ങൾ ഉണ്ടാകാൻ സാധ്യതയില്ല. പ്രായപരിധി പരിശോധിച്ചാൽ സംസ്ഥാന പ്രസിഡന്റ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ മാറേണ്ടതുണ്ടെങ്കിലും അദ്ദേഹത്തിന് ഇളവ് നൽകുമെന്നാണ് സൂചന. ജനറൽ സെക്രട്ടറിയായി പികെ ഫിറോസും തുടർന്നേക്കും. മുനവറലി തങ്ങളെ മാറ്റാൻ തീരുമാനിച്ചാൽ പികെ ഫിറോസ് സംസ്ഥാന പ്രസിഡന്റാകും. അതേസമയം, സീനിയർ വൈസ് പ്രസിഡന്റ് നജീബ് കാന്തപുരം മാറും. പെരിന്തൽമണ്ണ എംഎൽഎ ആയി തിരഞ്ഞെടുക്കപ്പെട്ട നജീബ് ഇനി മുസ്ലിം ലീഗിലാണ് പ്രവർത്തിക്കുക. സംസ്ഥാന ട്രഷറർ എംഎ സമദിനെയും മാറ്റും.  

പോഷകസംഘടനകളുടെ ഭാരവാഹികളിൽ 20 ശതമാനം വനിതകളെ ഉൾപ്പെടുത്തണമെന്ന ലീഗ് തീരുമാനമാണ് യൂത്ത് ലീഗ് ഭാരവാഹി നിർണയത്തിൽ കീറാമുട്ടിയായി നിൽക്കുന്നത്. യൂത്ത് ലീഗിലെ പുനഃസംഘടനാ നടപടികൾ നേരത്തെ തുടങ്ങിയതായതിനാൽ ഇത്തവണ ആ നിർദ്ദേശം പരിഗണിയ്‌ക്കേണ്ടതില്ലെന്നാണ് ഒരു വിഭാഗം ആവശ്യപ്പെടുന്നത്. ഭാരവാഹികളിൽ 20 ശതമാനം വനിതകളെന്ന നിർദ്ദേശം പരിഗണിക്കപ്പെട്ടാൽ സംസ്ഥാന കമ്മിറ്റിയിലേയ്ക്ക് കണ്ണുംനട്ടിരിക്കുന്ന ജില്ലാ നേതാക്കൾ നിരാശരാകേണ്ടി വരും. അത് മുൻകൂട്ടികണ്ടുകൊണ്ടാണ് വനിതാ പ്രാതിനിധ്യത്തെ ഒരു വിഭാഗം എതിർക്കുന്നത്.

ജില്ലാ പുനഃസംഘടന ഇതിനകം പൂർത്തിയായതിനാൽ സംസ്ഥാന കമ്മിറ്റിക്ക് വേണ്ടി മാത്രം പുതിയ നിർദ്ദേശം നടപ്പാക്കേണ്ടതില്ലെന്നും അടുത്ത തവണ മുതൽ 20 ശതമാനം വനിതകളെന്ന നിർദ്ദേശം ഉറപ്പാക്കിയാൽ മതിയെന്നുമാണ് ഇവരുടെ അഭിപ്രായം. ഉടൻ തന്നെ എംഎസ്എഫ് പുനഃസംഘടന വരുന്നതിനാൽ പുതിയ നിർദ്ദേശം എംഎസ്എഫിൽ നിന്നും ആരംഭിക്കാമെന്നും ഇവർ പറയുന്നു. എന്നാൽ ഹരിത വിവാദത്താൽ മങ്ങിപ്പോയ പ്രതിച്ഛായ തിരിച്ചുപിടിക്കാൻ കൊണ്ടുവന്ന പോഷകസംഘടനകളിലെ വനിതാ പ്രാതിനിധ്യമെന്ന നിർദ്ദേശത്തിൽ വെള്ളം ചേർക്കാൻ ലീഗ് നേതൃത്വം തയ്യാറാകുമോ എന്ന് കണ്ടറിയണം.

ഹരിതയിൽ നിന്ന് പുറത്താക്കപ്പെട്ട ഭാരവാഹികളെ ഇനി മുസ്ലിം ലീഗിന്റെ പോഷക സംഘടനകളുമായി സഹകരിപ്പിക്കിപ്പില്ല എന്നാണ് വിവരം. എംഎസ്എഫ് നേതാക്കൾക്കെതിരായ പരാതിയിൽ ഹരിതയുടെ മുൻ ഭാരവാഹികൾ ഉറച്ച് നിൽക്കുകയും കേസുമായി മുന്നോട്ട് പോകുകയും ചെയ്യുന്ന സാഹചര്യത്തിലാണിത്. ഞങ്ങൾ നൽകിയ പരാതിയിൽ പൊലീസ് കാര്യക്ഷമമായി അന്വേഷിക്കുന്നില്ല എന്നാണ് അവർ പറയുന്നത്. കഴിഞ്ഞ ദിവസം കോഴിക്കോട് വനിതാ കമ്മീഷൻ സിറ്റിങിൽ ഹാജരായ ഭാരവാഹികൾ പൊലീസ് അന്വേഷണത്തിൽ അനാസ്ഥയുണ്ടെന്ന് ബോധിപ്പിച്ചു. ഹരിത മുൻ പ്രസിഡന്റ് മുഫീദ തെസ്നിയും നജ്മ തബ്ഷീറയുമാണ് പൊലീസിനെതിരെ ആക്ഷേപം ഉന്നയിച്ചത്. അന്വേഷണത്തിൽ വീഴ്ച പടില്ലെന്ന് വനിതാ കമ്മീഷൻ ചെയർപേഴ്സൺ പി സതീദേവി വ്യക്തമാക്കി. അന്വേഷണ പുരോഗതി റിപ്പോർട്ട് പൊലീസിനോട് തേടാനും തീരുമാനിച്ചു.

ഹരിത വിവാദം മുസ്ലിം ലീഗിനെ ഏറെ പ്രതിരോധത്തിലാക്കിയിരുന്നു. കഴിഞ്ഞ ജൂണിൽ കോഴിക്കോട് ചേർന്ന എംഎസ്എഫ് യോഗത്തിൽ വനിതാ ഭാരവാഹികളെ ലൈംഗികമായി അധിക്ഷേപിച്ചു എന്നാണ് പരാതി. നേരത്തെയുള്ള തർക്കത്തിന്റെ തുടർച്ചയാണ് ആരോപണവും പരാതിയുമെന്ന് മുസ്ലിം ലീഗ് നേതൃത്വം പറയുന്നു. എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പികെ നവാസ്, മലപ്പുറം ജില്ലാ ഭാരവാഹികളായ വി അബ്ദുൽ വഹാബ്, കബീർ മുതുപറമ്പ് എന്നിവർക്കെതിരെയാണ് ഹരിതയുടെ 10 ഭാരവാഹികൾ ഒപ്പിട്ട പരാതി സമർപ്പിച്ചത്. ആദ്യം ലീഗ് നേതൃത്വത്തെ സമീപിച്ചെങ്കിലും അവർ കാര്യമായെടുത്തില്ലെന്നാണ് ആരോപണം. തുടർന്നാണ് ഹരിത ഭാരവാഹികൾ വനിതാ കമ്മീഷനെ സമീപിച്ചത്. പരാതി പിൻവലിപ്പിക്കാൻ മുസ്ലിം ലീഗ് നേതൃത്വം ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് ഹരിത സംസ്ഥാന കമ്മിറ്റി മുസ്ലിം ലീഗ് നേതൃത്വം ഇടപെട്ട് പുനഃസംഘടിപ്പിക്കുകയായിരുന്നു.