ആലപ്പുഴ : ഫർണിച്ചർ ഇടപാടുമായി ബന്ധപ്പെട്ടു പൊലീസ് സ്റ്റേഷനിൽ വിളിപ്പിച്ച യുവാക്കൾ പൊലീസിനെ കയ്യേറ്റം ചെയ്‌തെന്ന കേസിൽ വഴിത്തിരിവ്. കള്ളക്കേസെടുക്കാൻ പൊലീസ് ഉദ്യോഗസ്ഥർ ഗൂഢാലോചന നടത്തുന്നത് യുവാക്കളിൽ ഒരാളുടെ മൊബൈൽ ഫോണിൽ റിക്കാർഡ് ചെയ്യപ്പെട്ടതോടെയാണ് നൂറനാട് സ്റ്റേഷനിൽ നടന്ന സംഭവം പൊലീസിനെ വെട്ടിലാക്കിയത്. യുവാക്കൾ സംരക്ഷണം തേടി ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്.

ചങ്ങനാശേരി പായിപ്പാട് കോതാറപ്പാറ ആർ.ഷാന്മോൻ, അനുജൻ സജിൻ എന്നിവരാണ് പൊലീസിൽനിന്നു നേരിട്ട ക്രൂരത വിശദീകരിച്ച് കോടതിയെ സമീപിച്ചത്. ഇവർ വിറ്റ ഫർണിച്ചർ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് ഒരാൾ നൽകിയ പരാതിയിൽനിന്നാണ് സംഭവത്തിന്റെ തുടക്കം. ഈ പ്രശ്‌നത്തിൽ 8ന് ഉച്ചയ്ക്ക് തങ്ങൾ നൂറനാട് സ്റ്റേഷനിൽ എത്തിയെന്ന് ഷാന്മോൻ പറയുന്നു.