ന്യൂഡൽഹി: പാക്കിസ്ഥാൻ കേന്ദ്രമായി പ്രവർത്തിക്കുന്ന ഇരുപതോളം യൂട്യൂബ് ചാനലുകളും രണ്ട് വാർത്ത സൈറ്റുകളും ഇന്ത്യയിൽ നിരോധിച്ചു. കേന്ദ്ര വാർത്ത വിനിമയ മന്ത്രാലയമാണ് നിരോധനം ഏർപ്പെടുത്തിയത്. രണ്ട് പ്രത്യേക ഉത്തരവുകളിലൂടെയാണ് കേന്ദ്ര സർക്കാർ തീരുമാനം. ഇന്ത്യ വിരുദ്ധതയും തെറ്റായ വാർത്തകളും പ്രചരിപ്പിച്ചക്കുന്നതിനാണ് കേന്ദ്രത്തിന്റെ നടപടി.

കശ്മീർ, ഇന്ത്യൻ സൈന്യം, രാജ്യത്തെ ന്യൂനപക്ഷ സമൂഹം, രാമക്ഷേത്രം, ഹെലികോപ്റ്റർ അപകടത്തിൽ മരണപ്പെട്ട സംയുക്ത സൈനിക മേധാവി ബിബിൻ റാവത്ത് എന്നിവരെക്കുറിച്ച് തെറ്റിദ്ധാരണ പരത്തുന്ന കണ്ടന്റുകൾ പ്രചരിപ്പിച്ചതിനാണ് നടപടി. ഈ സൈറ്റുകൾ ഇവ സംബന്ധിച്ച് വാർത്തകൾ നൽകിയെന്ന് വ്യാപകമായി റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. കശ്മീർ വാച്ച്, കശ്മീർ ഗ്ലോബൽ എന്നീ രണ്ട് വാർത്ത സൈറ്റുകളാണ് നിരോധിച്ചത്. ഇവ പ്രവർത്തിക്കുന്നത് പാക്കിസ്ഥാനിൽ നിന്നാണെന്ന് രഹസ്യന്വേഷണ ഏജൻസികൾ കണ്ടെത്തിയിരുന്നു.

നിരവധി യൂട്യൂബ് ചാനലുകൾ പ്രവർത്തിപ്പിക്കുന്ന 'നയ പാക്കിസ്ഥാൻ' അക്കൗണ്ടും പൂട്ടിച്ചവയിൽ ഉണ്ട്. ഇവരുടെ പല അക്കൗണ്ടുകളും പാക്കിസ്ഥാനിലെ പ്രമുഖരായ അങ്കർമാരാണ് നടത്തുന്നത് എന്നാണ് റിപ്പോർട്ട് പറയുന്നത്.

'അതിർത്തിക്കപ്പുറം നിന്ന് ഇന്ത്യൻ താൽപ്പര്യങ്ങളെ ഹനിക്കുന്ന രീതിയിലാണ് ഈ ചാനലുകളും സൈറ്റുകളും പ്രവർത്തിക്കുന്നത്. അതിനാൽ തന്നെ ഇന്ത്യൻ നിയമങ്ങൾ ഇവ ലംഘിച്ചതായി വ്യക്തമായതോടെയാണ് കർശ്ശനമായ നടപടി എടുത്തത്. ഇത്തരം സൈറ്റുകളും ചാനലുകളും പാക്കിസ്ഥാൻ അജണ്ട ഇന്ത്യയ്‌ക്കെതിരായി പ്രചരിപ്പിക്കുകയാണ്' - കേന്ദ്ര വാർത്ത വിനിമയ മന്ത്രി അനുരാഗ് താക്കൂർ പറഞ്ഞു.

കേന്ദ്ര രഹസ്യന്വേഷണ വിഭാഗവും, വിവിധ മന്ത്രാലയങ്ങളും നടത്തിയ കൂടിയാലോചനകൾക്ക് ശേഷമാണ് ചാനലുകളും വെബ് സൈറ്റുകളും നിരോധിക്കാൻ കേന്ദ്ര സർക്കാർ തീരുമാനം എടുത്തത്. കഴിഞ്ഞ ഫെബ്രുവരി 25ന് നിലവിൽ വന്ന ഐടി ആക്ടിലെ ഭേദഗതിയിലൂടെ അടിയന്തര നടപടി എടുക്കാൻ മന്ത്രാലയത്തിന് ലഭിച്ച അധികാരം ഉപയോഗിച്ചാണ് പുതിയ നിരോധനം നിലവിൽ വന്നിരിക്കുന്നത്.