തിരുവനന്തപുരം: തിരുവനന്തപുരത്ത് യുട്യൂബറെ ആക്രമണക്കേസിൽ പ്രതികളായ സിനിമാ ഡബ്ബിങ് ആർട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മിയടക്കം മൂന്ന് പ്രതികളെ ഡിസംബർ 22ന് ഹാജരാക്കാൻ തിരുവനന്തപുരം മൂന്നാം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേട്ട് കോടതി ഉത്തരവിട്ടു. പ്രതികളെ ഹാജരാക്കാൻ തമ്പാനൂർ സർക്കിൾ ഇൻസ്‌പെക്ടറോടാണ് മജിസ്‌ട്രേട്ട് അഭിനിമോൾ രാജേന്ദ്രൻ ഉത്തരവിട്ടത്. യൂട്ഊബർ വിജയ് പി നായരെ തമ്പാനൂർ ലോഡ്ജ് മുറിയിൽ അതിക്രമിച്ചു കടന്ന് കൈയേറ്റം ചെയ്ത് ലാപ്‌ടോപ്പും മൊബൈലും പിടിച്ചുപറിച്ചെന്നാണ് കേ്‌സ്. പ്രതികളായ ഭാഗ്യലക്ഷ്മി, വെമ്പായം സ്വദേശിനി ദിയ സന, കണ്ണൂർ സ്വദേശിനി ശ്രീലക്ഷ്മി അറയ്ക്കൽ എന്നിവരാണ് വിചാരണക്കായി ഹാജരാക്കേണ്ടത്. തമ്പാനൂർ പൊലീസ് കുറ്റപത്രം സമർപ്പിച്ചതിനെ തുടർന്നാണ് വിചാരണക്കായി പ്രതികളെ ഹാജരാക്കാൻ കോടതി ആവശ്യപ്പെട്ടു.

നേരത്തെ മൂന്നു പ്രതികളുടെയും മുൻകൂർ ജാമ്യഹർജി തിരുവനന്തപുരം രണ്ടാം അഡീ. ജില്ലാ സെഷൻസ് ജഡ്ജി ശേഷാദ്രിനാഥൻ തള്ളിയിരുന്നു. നിയമം കൈയിലെടുത്ത പ്രതികൾക്ക് ജാമ്യം നൽകി സ്വതന്ത്രരാക്കിയാൽ സമൂഹത്തിനത് തെറ്റായസന്ദേശം നൽകുമെന്നും മറ്റുള്ളവർക്ക് ഇത് പ്രചോദനമാകുമെന്നും കാണിച്ച് ഹർജിയിൽ കക്ഷി ചേർന്ന മെൻസ് റൈറ്റ്‌സ് അസോസിയേഷൻ ഓഫ്ഇ ന്ത്യയ്ക്ക് വേണ്ടി അഡ്വ നെയ്യാറ്റിൻകര പി നാഗരാജും കോടതിയെ സമീപിച്ചിരുന്നു.

അക്രമാസക്തരായി 11.28 മിനിറ്റ് നേരം അക്രമം അഴിച്ചുവിട്ട് അത് ലൈവായി സമൂഹമാധ്യമത്തിലൂടെ പ്രക്ഷേപണം ചെയ്ത പ്രതികൾ നിയമവാഴ്ചയെ വെല്ലുവിളിക്കുകയാണ് ചെയ്തതെന്നും അസോസിയേഷൻ വാദിച്ചിരുന്നു. ജാമ്യാപേക്ഷയുമായി എത്തേണ്ടവർ ശുദ്ധമായ കരങ്ങളോടെയാണ് എത്തേണ്ടത്. നിയമത്തെയും നീതിന്യായ നിർവഹണ സിസ്റ്റത്തെയും ബഹുമാനിക്കാൻ താൽപര്യമില്ലാത്തവർക്ക് ക്രിമിനൽ നടപടി ക്രമത്തിലെ വകുപ്പ് 438 പ്രകാരമുള്ള വിവേചനപരിഹാരത്തിന് അർഹതയില്ല. കണ്ണിന് കണ്ണ് , പല്ലിന് പല്ല് എന്ന നയം ആരംഭിച്ച് എല്ലാവരും നിയമം കയ്യിലെടുത്താൽ സമൂഹത്തിൽ അരാജകത്വമുണ്ടാകും. കുറ്റവും ശിക്ഷയും ജനങ്ങൾ സ്വയം നടപ്പാക്കിയാൽ ജനങ്ങളുടെ സമാധാന ജീവിതം അസാദ്ധ്യമാകും. ഇത്തരം കേസുകളിൽ പ്രതികളെ സ്വതന്ത്രരാക്കി വിട്ടയച്ചാൽ സാധാരണക്കാർക്ക് നിയമത്തിലും കോടതിയിലുമുള്ള വിശ്വാസം നഷ്ടപ്പെടുമെന്ന മെൻസ് റൈറ്റ് അസോസിയേഷന്റെ വാദത്തെ സർക്കാരും പിൻ താങ്ങിയിരുന്നു.

കസ്റ്റഡിയിൽ വെച്ച് പ്രതികളെ ചോദ്യം ചെയ്യേണ്ട ആവശ്യമുണ്ട്. കൃത്യത്തിനുപയോഗിച്ച വാഹനം തൊണ്ടിയായി ഹാജരാക്കേണ്ടതുണ്ട്. പ്രതികൾ കൃത്യം ചെയ്തതിന്റെ സ്വയമായി ഉണ്ടാക്കിയ ഷൂട്ട് ചെയ്ത വീഡിയോ തെളിവ് , പ്രതികൾ കുത്യസ്ഥലത്തേക്ക് വന്നതിന്റെ സിസിറ്റി വി ഫൂട്ടേജ് എന്നിവ പിടിച്ചെടുത്ത് തൊണ്ടിയായി ഹാജരാക്കണമെന്ന അസോസിയേഷന്റെ വാദത്തിനെയും സർക്കാർ എതിർത്തില്ല. ഈ ഘട്ടത്തിൽ ജാമ്യം നൽകി സ്വതന്ത്രരാക്കിയാൽ അന്വേഷണത്തെ പ്രതികൂലമായി ബാധിക്കും. മുൻകൂർ ജാമ്യം അനുവദിച്ചാൽ പൊതുതാൽപര്യത്തിനും പൊതു നീതിക്കും പൊതുസമാധാനത്തിനും വിരുദ്ധമാകുമെന്നും അസോസിയേഷൻ വാദിച്ചിരുന്നു.

2020 സെപ്റ്റംബർ 26 നാണ് പ്രതികൾ സംഘം ചേർന്ന് വിജയ്. പി.നായരെ ആക്രമിച്ചത്. യൂട്യൂബ് ചാനലിൽ സ്ത്രീകൾക്ക് എതിരെ അശ്ലീല പരാമർശങ്ങൾ പോസ്റ്റ് ചെയ്‌തെന്നാരോപിച്ചായിരുന്നു ആക്രമണം. സംഘം ചേർന്ന് യൂട്ഊബർ നേമം തെന്നൂർ സ്വദേശി വിജയ്.പി.നായരെ മർദിക്കുകയും കറുത്ത മഷി ദേഹത്തൊഴിക്കുകയും മുണ്ടുരിഞ്ഞ് ചെറിയണം ദേഹത്ത് ഇടുകയും ചെയ്യുകയായിരുന്നു. 11.28 മിനിറ്റ് ദൈർഘ്യമുള്ള സംഭവം മുഴുവൻ ഫെമിനിസ്റ്റുകൾ വീഡിയോയിൽ പകർത്തുകയും ഇതിന്റെ ഫെയ്‌സ് ബുക്ക് ലൈവ് ദിയസന തന്റെ അക്കൗണ്ടിലൂടെ പങ്ക് വക്കുകയും ചെയ്തു. യൂട്യൂബ് ചാനലിൽ അപ് ലോഡ് ചെയ്ത് പ്രദർശിപ്പിക്കുകയും ചെയ്തു. വിജയ് താമസിക്കുന്ന തമ്പാനൂർ ഗാന്ധാരി അമ്മൻകോവിൽ റോഡിലുള്ള ലോഡ്ജ് മുറിയിൽ അതിക്രമിച്ചു കടന്ന് കയറിയാണ് ആക്ടിവിസ്റ്റുകൾ പ്രതിഷേധം നടത്തിയത്.

തുടർന്ന് വിജയിന്റെ ലാപ്‌ടോപ്പ് , മൊബൈൽ ഫോൺ തുടങ്ങിയവ പിടിച്ചുപറിച്ചു കൊണ്ടു പോവുകയായിരുന്നു. തുടർന്ന് തമ്പാനൂർ പൊലീസിൽ വിജയ് തങ്ങളെ മാനഭംഗപ്പെടുത്തണമെന്നുള്ള ഉദ്ദേശ്യത്തോടു കൂടി കൈയേറ്റവും ബലപ്രയോഗവും ചെയ്‌തെന്ന് കാട്ടി പരാതി നൽകി. പരാതിയിൽ തമ്പാനൂർ പൊലീസ് ഇന്ത്യൻ ശിക്ഷാ നിയമത്തിലെ ജാമ്യമില്ലാ വകുപ്പായ 354 ചുമത്തി തമ്പാനൂർ ക്രൈം 1764/2020 നമ്പരായി കേസ് എടുക്കുകയായിരുന്നു. അന്ന് തന്നെ വിജയ്.പി. നായരുടെ പരാതിയിൽ ഭാഗ്യലക്ഷ്മിയടക്കം 3 ആക്ടിവിസ്റ്റുകളുടെ പേരിൽ തമ്പാനൂർ പൊലീസ് ക്രൈം 1765/2020 നമ്പരായി ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കേസ് രജിസ്റ്റർ ചെയ്തു. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 452 (ദേഹോപദ്രവം ഏൽപ്പിക്കണമെന്ന ഉദ്ദേശ്യത്തോടെ ഒരുക്കം കൂട്ടിയുള്ള ഭവനഭേദനം), 294 (ബി) (അശ്ലീല പദപ്രയോഗം നടത്തൽ), 323 (ദേഹോപദ്രവം ഏൽപ്പിക്കൽ), 506 ( ഭീഷണിപ്പെടുത്തൽ), 392 (പിടിച്ചുപറിക്കൽ), 34 (കൃത്യത്തിന് പരസ്പരം ഉത്സാഹികളും സഹായികളുമായി നിന്ന് പ്രവർത്തിക്കൽ) എന്നീ വകുപ്പുകൾ 3 പേർക്കെതിരെ ചുമത്തിയാണ് കേസെടുത്തത്.