മംഗളുരു: കർണാടകയിൽ ബിജെപി -യുവമോർച്ച പ്രവർത്തകനെ കൊലപ്പെടുത്തിയത് രാജസ്ഥാനിലെ ഉദയ്പുരിൽ കനയ്യ ലാലിനെ കഴുത്തറുത്തുകൊന്നതിനെ അപലപിച്ചതിനെ തുടർന്നെന്ന് സൂചന. പ്രവീൺ കുമാർ നെട്ടാരുമായി അടുപ്പമുള്ളവരാണ് ഇക്കാര്യം സൂചിപ്പിച്ചത്.

ബിജെപി യുവമോർച്ച അംഗവും കർണാടകയിലെ ദക്ഷിണ കന്നഡ ജില്ലയിലെ സുള്ള്യയിൽ താമസക്കാരനുമായ പ്രവീൺ കുമാർ നെട്ടാരു (31) ആണ് ചൊവ്വാഴ്ച രാത്രി വെട്ടേറ്റ് മരിച്ചത്. ബൈക്കിലെത്തിയ അജ്ഞാതരായ രണ്ട് അക്രമികൾ ഇയാളെ വാളുകൊണ്ട് ആക്രമിച്ച് കടന്നു കളയുകയായിരുന്നു. കഴുത്തിന് ആഴത്തിൽ മുറിവേറ്റ ഇയാളെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണത്തിന് കീഴടങ്ങുകയായിരുന്നു. പുത്തൂരിനടുത്ത് ബെള്ളാരെ ഗ്രാമത്തിലെ പെരുവാജെ ക്രോസിൽ കോഴിക്കടയുടെ ഉടമയാണ് പ്രവീൺ.

നാല് ദിവസം മുമ്പ് ന്യൂനപക്ഷ സമുദായത്തിൽ പെട്ട യുവാവിനെ കൊലപ്പെടുത്തിയ സംഭവത്തിന്റെ പ്രതികാരമായാണ് നെട്ടാരുവിനെ വകവരുത്തിയതെന്ന് ബിജെപി പ്രവർത്തകർ നേരത്തെ അവകാശപ്പെട്ടിരുന്നു. ഇതോടെയാണ് വിശദീകരണവുമായി നെട്ടാരുവുമായി ബന്ധപെട്ടവർ രംഗത്ത് വന്നത്. നെട്ടാരുവിന് ശത്രുക്കളില്ലെന്നും സമാധാനപരമായ ജീവിതം നയിക്കുകയായിരുന്നുവെന്ന് ഇവർ കൂട്ടിച്ചേർത്തു ,

ജൂൺ 29ന് പ്രവീൺ കുമാർ നെട്ടാരു ഫേസ്‌ബുക്കിലിട്ട കുറിപ്പിൽ മതമൗലികവാദത്തിനെതിരെ ശക്തമായ ഭാഷ ഉപയോഗിച്ചിരുന്നു. സസ്പെൻഡ് ചെയ്യപ്പെട്ട ബിജെപി നേതാവ് നൂപുർ ശർമയുടെ നബി നിന്ദാ പ്രസ്താവനയെ പിന്തുണച്ചും, രാജസ്ഥാനിലെ തയ്യൽക്കാരൻ കനയ്യ ലാലിനെ തലയറുത്തുകൊലപ്പെടുത്തിയ നടപടിയെ അപലപിച്ചുമായിരുന്നു പോസ്റ്റ് എന്നും ഇവർ പറയുന്നു

സംസ്ഥാനത്തിന്റെ തീരപ്രദേശത്തെ അസ്ഥിരമായ സാഹചര്യത്തെ തുടർന്ന്, സംസ്ഥാനത്തിന്റെ മറ്റ് ഭാഗങ്ങളിലേക്കും പ്രതിഷേധം പടരുമെന്ന ഭയത്തിലാണ് സർക്കാർ. കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ആഭ്യന്തര മന്ത്രി ആരാഗ ജ്ഞാനേന്ദ്രയുമായും ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായും ഇതുമായി ബന്ധപെട്ട് അടിയന്തര യോഗം വിളിച്ചു. 10 പ്രതികളെ പൊലീസ് പിടികൂടിയിട്ടുണ്ടെന്നും കൂടുതൽ അന്വഷണത്തിന് ഒരു പൊലീസ് സംഘം ഇതിനകം കേരളത്തിലേക്ക് പുറപ്പെട്ടിട്ടുണ്ടെന്നും ജ്ഞാനേന്ദ്ര പറഞ്ഞു.

ഇവിടെ കൊലപാതകങ്ങൾ നടത്തി അക്രമികൾ കേരളത്തിലേക്ക് രക്ഷപ്പെടുന്നു. ഇത്തവണ കർണാടകയും കേരളവും സംയുക്തമായാണ് ഓപ്പറേഷൻ നടത്തുന്നതെന്നും കുറ്റവാളികളെ ഉടൻ അറസ്റ്റ് ചെയ്യുമെന്നും കേസ് അന്വേഷിക്കാൻ ദേശീയ അന്വേഷണ ഏജൻസിയോട് സംസ്ഥാന സർക്കാർ ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

അതിനിടെ, സംഭവവുമായി ബന്ധപെട്ട് പ്രതിഷേധിച്ച ഹിന്ദുമുന്നണി പ്രവർത്തകരെ നിയന്ത്രിക്കാൻ പൊലീസ് നടപടികൾ കർശനമാക്കിയതോടെ ചിക്കമംഗളൂരുവിലെ ബിജെപി യുവമോർച്ച പ്രവർത്തകർ കൂട്ട രാജി ഭീഷണി ഉയർത്തിയിരിക്കുകയാണ് . കൊലപാതകത്തിൽ രോഷാകുലരായ ഹിന്ദുമുന്നണി പ്രവർത്തകർ കർണാടക ബിജെപി അധ്യക്ഷൻ നളിൻ കുമാർ കട്ടീലിന്റെ വാഹനം ഉപരോധിച്ചു. പ്രവീണിന്റെ മൃതദേഹത്തിൽ ആദരാഞ്ജലി അർപ്പിക്കാനായി കാറിൽ നിന്നും ഇറങ്ങാൻ പോലും പ്രവർത്തകർ അനുവദിച്ചില്ല.