മുംബൈ: അന്ധേരിയിൽ ഡാൻസ് ബാറിൽ നടത്തിയ റെയ്ഡിൽ പൊലീസ് ലഭ്യമായത് ഞെട്ടിക്കുന്ന വിവരങ്ങൾ.രഹസ്യ അറയും പൊലീസിന്റെ നീക്കം തിരിച്ചറിയാനുള്ള അത്യാധുനിക സംവിധാനങ്ങൾ ഉൾപ്പടെ റെയ്്ഡിനെത്തിയ അന്വേഷണസംഘത്തെപ്പോലും ഞെട്ടിക്കുന്നതായിരുന്നു ബാറിനുള്ളിലെ കാഴ്‌ച്ചകൾ.ഇതിനുപുറമെ രഹസ്യ അറയിൽ നിന്നും 17 യുവതികളെ രക്ഷപ്പെടുത്തിയെന്ന് പൊലീസ് അറിയിച്ചു.

ഇടപാടുകാർക്കു മുന്നിൽ സ്ത്രീകളെ നിർബന്ധിച്ച് നൃത്തം ചെയ്യിക്കുന്നുവെന്ന് രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് ശനിയാഴ്ചയാണ് അന്ധേരിയിലെ ദീപ ബാറിൽ പരിശോധന നടത്തിയത്. പൊലീസ് എത്തിയപ്പോൾ മിക്ക മുറികളും ഒഴിഞ്ഞ നിലയിലായിരുന്നു. ബാർ ജീവനക്കാരെ ചോദ്യം ചെയ്തിട്ടും ഫലമുണ്ടായില്ല.തുടർന്ന് നടത്തിയ പരിശോധനയിൽ മേക്കപ്പ് മുറിയിലെ വമ്പൻ കണ്ണാടി ശ്രദ്ധയിൽപെട്ടത് വഴിത്തിരിവായി.

മേക്കപ്പ് റൂമുമായി ബന്ധപ്പെടുത്തിയ രഹസ്യഅറയിലാണ് യുവതികളെ പാർപ്പിച്ചിരുന്നത്. സംശയം തോന്നി കണ്ണാടി ഭിത്തിയിൽനിന്നു മാറ്റാൻ ശ്രമിച്ചപ്പോൾ കഴിഞ്ഞില്ല. ഇതോടെ കണ്ണാടി ചുറ്റിക കൊണ്ടു പൊട്ടിച്ചപ്പോഴാണ് രഹസ്യ അറയിലേക്കുള്ള വഴി കണ്ടെത്തിയത്. 17 സ്ത്രീകളാണ് അറയിലുണ്ടായിരുന്നത്. എസിയും കിടക്കകളും ഉൾപ്പെടെ എല്ലാ സജ്ജീകരണങ്ങളും അറയിൽ ഒരുക്കിയിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

ബാർ ഉടമകൾക്കെതിരെ കേസെടുത്തെന്നും പൊലീസ് വ്യക്തമാക്കി.പൊലീസ് പരിശോധനയ്ക്ക് എത്തുന്ന വിവരം മുൻകൂട്ടി അറിയാനായി ബാറിന്റെ പരിസരത്ത് അത്യാധുനിക ഉപകരണം ഘടിപ്പിച്ചിരുന്നുവെന്നും പൊലീസ് അറിയിച്ചു.