കൊച്ചി: അച്ഛന് മരുന്നുവാങ്ങാനായി പറഞ്ഞുവിട്ട മകനെ കാണാതായിട്ട് 9 ദിവസം പിന്നിട്ടു. എറണാകുളം മരട് മാർട്ടിൻ പുരം മനക്കത്തുണ്ടിയിൽ പുഷ്പന്റെ മകൻ എംപി.അച്ചുവിനെയാണ്  കാണാതായത്.പൊലീസ് അന്വേഷണം പുരോഗമിക്കുന്നുണ്ടെങ്കിലും അസ്വാഭാവികമായി ഇതുവരെയും ഒന്നും കണ്ടെത്താനായിട്ടില്ല. മൊബൈൽഫോണും പേഴ്‌സും എടുക്കാതെ ബൈക്കിൽ പോയതിനാൽ മുൻകൂട്ടി ആലോചിച്ച് ഉറപ്പിച്ചുള്ള പ്രവൃത്തിയാണെന്നാണ് പൊലീസ് നഗമനം.അതേസമയം മകന് വല്ല അപകടവും പറ്റിയോ എന്ന ആശങ്കയിലാണ് കുടുംബം.

അച്ചുവിനെക്കുറിച്ച് അമ്മ പറയുന്നതിങ്ങനെ; കോവിഡ് ബാധിതനായി വീട്ടിൽ മുകളിലെ മുറിയിൽ ഒറ്റയ്ക്കു തുടർച്ചയായി 22 ദിവസം കഴിഞ്ഞതോടെ അച്ചുവിൽ ചില മാറ്റങ്ങൾ കണ്ടിരുന്നു.ആരോടും കാര്യമായി സംസാരിക്കാതെയായി. ആകെ സംസാരിച്ചിരുന്നത് മൂലമ്പള്ളി സ്വദേശി ഒരു സഹപാഠിയുമായി മാത്രം.മറ്റു വീടുകളിൽ പോയി ഭക്ഷണം കഴിക്കുന്ന പതിവില്ലാത്ത അച്ചു ഒരു തവണ അവിടെയത്തി ഭക്ഷണം കഴിച്ചിട്ടുണ്ട്. വീട്ടുകാരുടെ സംശയം ആ വഴിക്കു നീണ്ടപ്പോൾ യുവാവിന്റെ ബന്ധുവിനൊപ്പം അവിടെ പോയി പൊലീസ് അന്വേഷണം നടത്തി. എന്നാൽ സംശയകരമായി ഒന്നും അന്വേഷണസംഘത്തിന് കണ്ടെത്താനായില്ല.

സുഹൃത്തിനെ ചോദ്യം ചെയ്തതിൽ നിന്നും മിക്കപ്പോഴും ഫോണിൽ സംസാരിക്കുമായിരുന്നെങ്കിലും പഴയകാല സ്‌കൂൾ കഥകളാണ് പങ്കുവച്ചിരുന്നതെന്നു പൊലീസിന് ലഭിച്ച വിവരം. കുറച്ചുനാൾ മുൻപുണ്ടായ അപകടത്തിൽപെട്ട് കിടപ്പിലാണ് സുഹൃത്ത്. വീട്ടിൽനിന്നു ബൈക്കിൽ പോകുമ്പോൾ കഴുത്തിൽ രണ്ടര പവൻ മാലയുണ്ടായിരുന്നു. മരുന്നു വാങ്ങാൻ കൊടുത്ത പണമല്ലാതെ മറ്റു പണമോ വസ്ത്രങ്ങളോ കരുതിയിട്ടില്ല. എന്നാൽ ഏതാനും ദിവസം മുൻപ് ബൈക്കിൽ 850 രൂപയ്ക്കു പെട്രോൾ അടിച്ചതു സംശയമുണ്ടാക്കുന്നു.

ഏതെങ്കിലും അമ്പലങ്ങളിലേക്കു പോയിട്ടുണ്ടാകുമോ എന്നാണ് പൊലീസ് സംശയം. രണ്ടു ദിവസം മുൻപ് ഓഫ് ചെയ്ത മൊബൈൽ ഫോൺ ഉപയോഗിച്ചിട്ടില്ല എന്നതും മുൻകൂട്ടി ആലോചിച്ചുറപ്പിച്ച യാത്രയാണ് എന്ന സംശയമുണ്ടാക്കുന്നുണ്ട് പൊലീസിന്. മൊബൈൽ ഫോൺ സൈബർ സെൽ പരിശോധിച്ചെങ്കിലും സംശയകരമായി ഒന്നും കണ്ടെത്തിയിട്ടില്ല. കാണാതാകുമ്പോൾ നീല ട്രാക്സൂട്ടും ഇളംനീല വരയുള്ള ഷർട്ടുമായിരുന്നു വേഷം.ബന്ധുക്കളുടെ സംശയം മുൻനിർത്തി മൊബൈൽ ഫോൺ വിവരങ്ങൾ ഉൾപ്പെടെ പൊലീസ് പരിശോധിക്കുന്നുണ്ട്. എന്നാലിതുവരെയും ദൂരൂഹമെന്ന് തോന്നിക്കുന്ന ഒന്നും തന്നെ പൊലീസിന് ലഭിച്ചിട്ടില്ല.

ടോൾ പ്ലാസകളിലൂടെ കടന്നുപോയോ എന്നറിയാൻ ഈ ദിവസത്തെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിക്കുന്നുണ്ട്. മറ്റു ജില്ലകളിലെ ഏതെങ്കിലും അമ്പലങ്ങളിലേക്കു സന്ദർശനം നടത്തിയോ എന്നറിയാനായി പരിശോധന നടത്താൻ പൊലീസ് സ്റ്റേഷനുകളിൽ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മരട് പൊലീസ് പറഞ്ഞു.

പഠനം കഴിഞ്ഞതിനു പിന്നാലെ ഷിപ്യാർഡിൽ കരാർ ജോലി ചെയ്യുകയായിരുന്ന അച്ചു. ഏതാനും ദിവസങ്ങളായി ജോലിക്കു പോകാതെ മുറിയിൽതന്നെ ഇരിക്കുകയായിരുന്നു.ഷിപ്യാർഡിൽ ജോലി ചെയ്യുന്നതിനിടെ ആരോഗ്യ പ്രശ്നങ്ങളുണ്ടായി കിടപ്പിലായതാണ് അച്ചുവിന്റെ പിതാവ് പുഷ്പൻ. പരസഹായത്തോടെയാണ് കാര്യങ്ങളെല്ലാം ചെയ്യുന്നത്.ഇതിനിടയിലാണ് കുടുംബത്തെ ആശങ്കയിലാഴ്‌ത്തി മകന്റെ തിരോധാനം