കൊല്ലം : കൊല്ലം കല്ലുവാതുക്കൽ ഊഴായിക്കോട് കരിയിലക്കൂനയിൽ പിഞ്ചുകുഞ്ഞിനെ ഉപേക്ഷിച്ച സംഭവത്തിൽ പൊലീസ് ചോദ്യം ചെയ്യലിന് വിളിപ്പിച്ചതിന് പിന്നാലെ കാണാതായ യുവതികളിൽ രണ്ടാമത്തെയാളുടെ മൃതദേഹവും കണ്ടെത്തി. കേസിൽ അറസ്റ്റിലായ കുട്ടിയുടെ അമ്മ രേഷ്മയുടെ ബന്ധുവായ ഗ്രീഷ്മ (22)യുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഗ്രീഷ്മയ്ക്കൊപ്പം പുഴയിൽ ചാടിയ ആര്യയുടെ മൃതദേഹം ഉച്ചയോടെ കണ്ടെടുത്തിരുന്നു.

ഇത്തിക്കരയാറ്റിൽ ആദിച്ചനല്ലൂർ മീനാട് ഭാഗത്തു നിന്നാണ് ആര്യയുടെ മൃതദേഹം ലഭിച്ചത്. ഇതിന് സമീപത്തു നിന്നാണ് ഗ്രിഷ്മയുടെ മൃതദേഹവും കണ്ടെത്തിയത്. കേസിൽ മൊഴിയെടുക്കാൻ പൊലീസ് വിളിപ്പിച്ചതിനു പിന്നാലെയാണ് കേസിൽ അറസ്റ്റിലായ കല്ലുവാതുക്കൽ ഊഴായ്ക്കോട് പേഴുവിള വീട്ടിൽ രേഷ്മയുടെ (22) ഭർത്താവ് വിഷ്ണുവിന്റെ അടുത്ത ബന്ധുക്കളായ യുവതികളെ കാണാതായത്. ഇവർ ഇത്തിക്കരയാറിന്റെ സമീപത്തുകൂടി പോകുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.

ഇന്നലെ ഉച്ചകഴിഞ്ഞ് മുതലാണ് ഇവരെ കാണാതായത്. അന്വേഷണത്തിന്റെ ഭാഗമായി മൊഴി നൽകാൻ സ്റ്റേഷനിൽ എത്തണമെന്ന് പൊലീസ് യുവതികളോട് ആവശ്യപ്പെട്ടിരുന്നു. കാമുകനൊപ്പം പോകുന്നതിനാണ് ചോരക്കുഞ്ഞിനെ കരിയിലക്കാട്ടിൽ ഉപേക്ഷിച്ചതെന്നാണ് രേഷ്മ പൊലീസിനോട് പറഞ്ഞത്.

കുഞ്ഞിനെ കൊന്ന കേസിലെ പ്രതി രേഷ്മ ഉപയോഗിച്ചിരുന്നത് ഭർതൃ സഹോദര ഭാര്യയുടെ പേരിലുള്ള സിം കാർഡായിരുന്നു. പൊലീസ് വിളിപ്പിച്ചതിന് പിന്നാലെ ഈ യുവതി അസ്വസ്ഥയായിരുന്നെന്ന് ബന്ധുക്കൾ പറയുന്നു. കാണാതായ രണ്ടാമത്തെ യുവതിക്ക് കേസുമായിട്ടുള്ള ബന്ധമെന്താണെന്ന് വ്യക്തമായിട്ടില്ല.

ഈ വർഷം ജനുവരി 5ന് പുലർച്ചെയാണ് കൊല്ലം പരവൂരിനടുത്ത് ഊഴായിക്കോട്ട് സുദർശനൻ പിള്ളയുടെ വീട്ടുവളപ്പിൽ നവജാതശിശുവിനെ കരിയില കൂനയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്. ശ്വാസകോശത്തിലടക്കം കരിയില കയറിയ കുഞ്ഞ് പിറ്റേന്ന് മരിക്കുകയും ചെയ്തു. തുടർന്നു നടത്തിയ അന്വേഷണത്തിലാണ് സുദർശനൻ പിള്ളയുടെ മകൾ രേഷ്മ തന്നെയാണ് കുഞ്ഞിനെ പ്രസവിച്ച് ഉപേക്ഷിച്ചതെന്നു പൊലീസ് കണ്ടെത്തിയത്.