അഡ്ലെയ്ഡ്: ഒരു രാത്രയിലെ സമാധാനമായ ഉറക്കത്തിൽ നിന്ന് ഇന്ത്യൻ ടീമിനെ കാത്തിരുന്നത് ഏറെ രാത്രികളിലെ ഉറക്കം നഷ്ടമാക്കുന്ന നിമിഷങ്ങൾ. മൂന്നാം ദിനം ഭേദപ്പെട്ട സ്‌കോർ കുറിച്ച് ഓസീസിനെ സമ്മർദ്ദത്തിലാക്കി വിജയം പിടിക്കാമെന്ന കണക്കുകൂട്ടലിലാകും മൂന്നാം ദിനമായ ഇന്ന് രാവിലെ ഉണർന്നതും. പക്ഷേ, അഡ്ലെയ്ഡിലെ ടൊറെൻസ് നദീതീരത്തുള്ള സ്റ്റേഡിയത്തിൽ ഇന്ത്യയെ കാത്തിരുന്നത് നാണക്കേടിന്റെ ഒരുപിടി റെക്കോർഡുകൾ.ടെസ്റ്റ് ചരിത്രത്തിൽ ഇന്ത്യൻ ടീമിന്റെ ഏറ്റവും ചെറിയ സ്‌കോർ, ടീമിലെ ഒരാൾ പോലും രണ്ടക്കത്തിലെത്താതെ പോകുന്ന ചരിത്രത്തിലെ രണ്ടാമത്തെ മാത്രം ഇന്നിങ്‌സ് തുടങ്ങി നാണക്കേടുകളുടെ ഘോഷയാത്രയാണ് മൂന്നാം ദിനത്തിന്റെ ആദ്യ സെഷൻ ഇന്ത്യയ്ക്കായി കാത്തുവച്ചത്.

ടെസ്റ്റ് ഇന്നിങ്‌സിൽ ഒരു ടീമിലെ ഒരാൾ പോലും രണ്ടക്കം കാണാതെ പോകുന്നത് ടെസ്റ്റ് ക്രിക്കറ്റിന്റെ ചരിത്രത്തിൽത്തന്നെ ഇത് രണ്ടാം തവണ മാത്രം. ഇന്ത്യക്കാർ അഡ്ലെയ്ഡിൽ ഈ 'റെക്കോർഡ്' സ്വന്തമാക്കുന്നതിനു മുൻപ് സമാനമായ 'നേട്ടം' സ്വന്തമാക്കിയത് ദക്ഷിണാഫ്രിക്കയാണ്. അതു പക്ഷേ, ഏതാണ്ട് 100 വർഷങ്ങൾക്കു മുൻപാണെന്ന് മാത്രം. 1924ൽ ഇംഗ്ലണ്ടിനെതിരെ ദക്ഷിണാഫ്രിക്ക 30 റൺസിന് ഓൾഔട്ടായപ്പോൾ, ആ ടീമിലെ ആർക്കും രണ്ടക്കം കടക്കാൻ കഴിഞ്ഞിരുന്നില്ല. അതിനുശേഷം അത്തരമൊരു സംഭവം ചരിത്രത്തിൽ ആദ്യം.ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും ചെറിയ സ്‌കോറെന്ന നാണക്കേടിൽനിന്ന് ഇന്ത്യ കഷ്ടിച്ചാണ് രക്ഷപ്പെട്ടതെന്ന പ്രത്യേകതയുമുണ്ട് ഈ ഇന്നിങ്ങ്‌സിന്. 1955ൽ ഇംഗ്ലണ്ടിനെതിരെ 26 റൺസിന് പുറത്തായ ന്യൂസീലൻഡിന്റെ പേരിലാണ് ടെസ്റ്റ് ചരിത്രത്തിലെ ഏറ്റവും ചെറിയ സ്‌കോർ. ഇന്ത്യ അഡ്ലെയ്ഡിൽ ഒരുവേള 19 റൺസിനിടെ ആറു വിക്കറ്റ് നഷ്ടമാക്കിയപ്പോൾ ഈ നാണക്കേടും പേരിലാകുമെന്ന് ആരാധകർ ഭയപ്പെട്ടതാണ്. ഭാഗ്യം കൊണ്ട് അതു സംഭവിച്ചില്ല. അതേസമയം, 1955നുശേഷം ടെസ്റ്റ് ചരിത്രത്തിൽ ഒരു ടീമിന്റെ ഏറ്റവും ചെറിയ സ്‌കോറെന്ന നാണക്കേട് ഈ പ്രകടനത്തിലൂടെ ഇന്ത്യ സ്വന്തമാക്കി.

ടെസ്റ്റ് ചരിത്രത്തിൽ ഇന്ത്യൻ ടീമിന്റെ ഏറ്റവും ചെറിയ സ്‌കോറെന്ന നാണക്കേട് പക്ഷേ, ഒഴിവാക്കാൻ വിരാട് കോലിക്കും സംഘത്തിനും കഴിഞ്ഞില്ല. 1974ൽ ഇംഗ്ലണ്ടിനെതിരെ ലോർഡ്‌സിൽ 42 റൺസിന് പുറത്തായതാണ് ഇതിനു മുൻപ് ഇന്ത്യൻ ടെസ്റ്റ് ചരിത്രത്തിലെ ഏറ്റവും ചെറിയ സ്‌കോർ. ആ നാണക്കേട് തിരുത്തിയാണ് കോലിയും സംഘവും അഡ്ലെയ്ഡിൽനിന്ന് തിരികെ കയറുന്നത്.

ടെസ്റ്റിൽ ഇന്ത്യയുടെ ചെറിയ സ്‌കോറുകൾ

  • 36 ഓസ്‌ട്രേലിയയ്ക്കെതിരെ അഡ്ലെയ്ഡിൽ, 2020
  • 42 ഇംഗ്ലണ്ടിനെതിരെ ലോർഡ്‌സിൽ, 1974
  • 58 ഓസ്‌ട്രേലിയയ്ക്കെതിരെ ബ്രിസ്‌ബേനിൽ, 1947
  • 58 ഇംഗ്ലണ്ടിനെതിരെ മാഞ്ചസ്റ്ററിൽ, 1952
  • 66 ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഡർബനിൽ, 1996
  • 67 ഓസ്‌ട്രേലിയയ്ക്കെതിരെ മെൽബണിൽ, 1948
  • 26 ന്യൂസീലൻഡ് ഇംഗ്ലണ്ടിനെതിരെ ഓക്ലൻഡിൽ, 1955
  • 30 ദക്ഷിണാഫ്രിക്ക ഇംഗ്ലണ്ടിനെതിരെ പോർട്ട് എലിസബത്തിൽ, 1896
  • 30 ദക്ഷിണാഫ്രിക്ക ഇംഗ്ലണ്ടിനെതിരെ ബർമിങ്ങാമിൽ, 1924
  • 35 ദക്ഷിണാഫ്രിക്ക ഇംഗ്ലണ്ടിനെതിരെ കേപ്ടൗൺ, 1899
  • 36 ദക്ഷിണാഫ്രിക്ക ഓസ്‌ട്രേലിയയ്ക്കെതിരെ മെൽബണിൽ, 1932
  • 36 ഓസ്‌ട്രേലിയ ഇംഗ്ലണ്ടിനെതിരെ ബർമിങ്ങാമിൽ, 1902