കപ്ടൗൺ:ഇന്ത്യയ്ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ദിനം അവസാനിക്കുമ്പോൾ ദക്ഷിണാഫ്രിക്ക ഒരു വിക്കറ്റ് നഷ്ടത്തിൽ 17 റൺസെടുത്തു. എട്ട് റൺസെടുത്ത് എയ്ഡൻ മാർക്രവും ആറുറൺസുമായി കേശവ് മഹാരാജും പുറത്താവാതെ നിൽക്കുന്നു.

മൂന്ന് റൺസെടുത്ത ഡീൻ എൽഗറുടെ വിക്കറ്റാണ് നഷ്ടമായത്. അപകടകാരിയായ എൽഗറെ ജസ്പ്രീത് ബുംറ ചേതേശ്വർ പൂജാരയുടെ കൈയിലെത്തിച്ചു. ഇന്ത്യയുടെ ഒന്നാം ഇന്നിങ്സ് 223ന് അവസാനിച്ചു. കേപ്ടൗണിൽ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യക്ക് വിരാട് കോലിയുടെ 79 റൺസാണ് തുണയായത്. കഗിസോ റബാദ ദക്ഷിണാഫ്രിക്കയ്ക്കായി നാല് വിക്കറ്റ് വീഴ്‌ത്തി. മാർക്കോ ജാൻസണ് മൂന്ന് വിക്കറ്റുണ്ട്. കോലി സെഞ്ചുറി വരൾച്ചയ്ക്ക് അറുതി വരുത്തുമെന്ന് കരുതിയെങ്കിലും റബാദ സമ്മതിച്ചില്ല.

12-ാം ഓവറിൽ തന്നെ ഇന്ത്യക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. 15 റൺസെടുത്ത മായങ്കിനെ റബാദ, എയ്ഡൻ മാർക്രമിന്റെ കൈകളിലെത്തിച്ചു. തൊട്ടടുത്ത ഓവറിൽ വൈസ് ക്യാപ്റ്റൻ രാഹുലും മടങ്ങി. ഡുവാനെയുടെ പന്തിൽ വിക്കറ്റ് കീപ്പർ കെയ്ൽ വെറെയ്നെയ്ക്ക് ക്യാച്ച്. ഓപ്പണർമാരെ നഷ്ടമായെങ്കിലും കോലിയും പൂജാരയും ആദ്യ സെഷനിൽ വിക്കറ്റ് പോവാതെ കാത്തു.

രണ്ടാം സെഷനിൽ ചേതേശ്വർ പൂജാരയും (43), അജിൻക്യ രഹാനെയും (9) മടങ്ങി. നന്നായി തുടങ്ങിയ ശേഷമാണ് പൂജാര മടങ്ങിയത്. ജാൻസണിന്റെ പന്തിൽ വിക്കറ്റ് കീപ്പർക്ക് ക്യാച്ച്. രഹാനെ ഒരിക്കൽകൂടി നിരാശപ്പെടുത്തി. 9 റൺസെടുത്ത താരം റബാദയുടെ പന്തിൽ വിക്കറ്റ് കീപ്പർക്ക് ക്യാച്ച് നൽകി. ചായ സമയം വരെ വിക്കറ്റ് പോവാതെ കോലിയും റിഷഭ് പന്തും (27) കാത്തു.

എന്നാൽ ചായയ്ക്ക് പന്തും പവലിയനിൽ തിരിച്ചെത്തി. ജാൻസണിന്റെ പന്തിൽ കീഗൻ പീറ്റേഴ്സനായിരുന്നു ക്യാച്ച്. ആർ അശ്വിന് (2) പത്ത് പന്ത് മാത്രമായിരുന്നു ആയുസ്. ജാൻസൺ തന്നെയാണ് അശ്വിനേയും മടക്കിയത്. ഷാർദുൽ ഠാക്കൂർ (12) കേശവ് മഹാരാജിന്റെ പന്തിൽ പീറ്റേഴ്സന് ക്യാച്ച് നൽകി. ജസ്പ്രിത ബുമ്ര (0) റബാദയുടെ പന്തിൽ ഡീൻ എൽഗാറിന് ക്യാച്ച് നൽകുകയായിരുന്നു. മനോഹരമായി കളിച്ചുകൊണ്ടിരിക്കുകായിരുന്ന കോലിയെ റബാദയാണ് മടക്കിയത്. ഓഫ്സ്റ്റംപിന് പുറത്തുപോയ പന്തിൽ കോലിയുടെ ബാറ്റുരസി. ഒരു സിക്സും 12 ഫോറും അടങ്ങുന്നതായിരുന്നു കോലിയുടെ ഇന്നിങ്സ്.

നേരത്തെ രണ്ട് മാറ്റവുമായിട്ടാണ് ഇന്ത്യ ഇറങ്ങിയത്. കോലി പരിക്ക് മാറി തിരിച്ചെത്തിയപ്പോൾ ഹനുമ വിഹാരിക്ക് പുറത്തേക്കുള്ള വഴി തെളിഞ്ഞു. രണ്ടാം ടെസ്റ്റിനിടെ പരിക്കേറ്റിരുന്ന മുഹമ്മദ് സിറാജിനും കളത്തിലിറങ്ങാനായില്ല. ഉമേഷ് യാദവാണ് ടീമിലെത്തിയത്. മൂന്ന് മത്സരങ്ങളുടെ പരമ്പരയിൽ ഇരുവരും ഓരോ ടെസ്റ്റുകൾ വീതം ജയിച്ചിരുന്നു. കേപ്ടൗണിൽ ജയിക്കുന്നവർക്ക് പരമ്പര സ്വന്തമാക്കാം.