ഹൈദരാബാദ്: അമ്മയെ കുത്തിക്കൊന്ന ശേഷം യുവാവ് ഒളിവിൽ പോയി. ഹൈദരാബാദിലാണ് സംഭവം. 50കാരിയായ സംഗീത എന്ന സ്ത്രീയെ മകൻ സന്തോഷ് കൊലപ്പെടുത്തുകയായിരുന്നു. പണത്തെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. തർക്കത്തിന് ഒടുവിൽ അമ്മയെ അടിച്ചതിന് ശേഷം മകൻ കത്തി കൊണ്ട് കുത്തി കൊലപ്പെടുത്തുകയായിരുന്നു.

ശനിയാഴ്ച ഉച്ചയ്ക്കാണ് സംഭവം നടന്നത്. സംഭവത്തിന് പിന്നാലെ മകൻ ഒളിവിൽ പോയി. പൊലീസ് കൊലപാതക കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പണത്തെ ചൊല്ലി ഇരുവരും തമ്മിൽ പതിവായി വഴക്കിടാറുണ്ടെന്ന് പൊലീസ് പറയുന്നു.

സന്തോഷിന് ജോലി ഇല്ല. വരുമാനം ഇല്ലാത്തതുകൊണ്ട് അമ്മയോട് എപ്പോഴും പണം ആവശ്യപ്പെടുമായിരുന്നു. ഇതിനെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. വഴക്കിടുന്നത് കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് അമ്മ ചോരയിൽ കുളിച്ച് കിടക്കുന്നത് കണ്ടതെന്ന് പൊലീസ് പറയുന്നു.