തിരുവനന്തപുരം: കനത്ത തോൽവിയുടെ ക്ഷീണത്തിൽ കോൺഗ്രസ് നിൽക്കുമ്പോഴും കോൺഗ്രസിനുള്ളിലെ ഗ്രൂപ്പിസം തളരുന്നില്ല. സ്ഥാനമാനങ്ങൾ സ്വന്തം ഗ്രൂപ്പിന് ഉറപ്പിക്കാനുള്ള രഹസ്യയോഗങ്ങളുമായി പിന്നണിയിൽ ഗ്രൂപ്പിസം വീണ്ടും സജീവമാകുകയാണ്. തോൽവിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് കെപിസിസി പ്രസിഡന്റ് രാജിവയ്ക്കണമെന്ന ആവശ്യം ഉയരുമ്പോൾ തലസ്ഥാനത്ത് കോൺഗ്രസ് എ ഗ്രൂപ്പിന്റെ രഹസ്യയോഗം. ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിലായിരുന്നു കവടിയാറിലെ ഫ്‌ളാറ്റിൽ യോഗം നടന്നത്.

കെ ബാബു, ബെന്നി ബെഹനാൻ, എംഎം ഹസൻ, കെ സി ജോസഫ് തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു. രമേശ് ചെന്നിത്തല പ്രതിപക്ഷനേതൃസ്ഥാനം ഒഴിയുകയാണെങ്കിൽ അവിടേയ്ക്ക് എ ഗ്രൂപ്പ് തിരുവഞ്ചൂരിന്റെ പേര് നിർദ്ദേശിച്ചേയ്ക്കും. എന്നാൽ ചെന്നിത്തലയുടെ രാജി അവർ ആവശ്യപ്പെടില്ല. ചെന്നിത്തല തുടരുകയാണെങ്കിൽ കെപിസിസി പ്രസിഡന്റ് സ്ഥാനം എ ഗ്രൂപ്പ് ആവശ്യപ്പെട്ടേയ്ക്കും.

പാർലമെന്ററി പാർട്ടി നേതൃസ്ഥാനവും കെപിസിസി പ്രസിഡന്റ് സ്ഥാനവും ഐ ഗ്രൂപ്പിന് നൽകില്ലെന്നും യോഗത്തിൽ തീരുമാനമായി. കെ സുധാകരന്റെ പേരാണ് കെ പി സി സി അദ്ധ്യക്ഷ സ്ഥാനത്തേക്ക് പ്രധാനമായും ഉയർന്നുകേൾക്കുന്നത്. രമേശ് ചെന്നിത്തല പ്രതിപക്ഷ നേതൃസ്ഥാനം ഒഴിയുകയാണെങ്കിൽ വിഡി സതീശനെ അവിടെയ്ക്ക് പരിഗണിക്കണമെന്നാണ് പ്രവർത്തകരുടെ ആവശ്യം. എന്നാൽ സുധാകരനും സതീശനും ഐ ഗ്രൂപ്പുകാരാണ് എന്നതാണ് അടിയന്തിര ഗ്രൂപ്പ് യോഗത്തിന് കാരണമെന്നാണ് റിപ്പോർട്ടുകൾ.

മുരളീധരനോ സുധാകരനോ കെപിസിസി അദ്ധ്യക്ഷ സ്ഥാനത്തേക്ക് വരുന്നെങ്കിൽ എ ഗ്രൂപ്പിന്റെ നിലപാട് നിർണായകമാകും. സതീശൻ പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് വരുന്നെങ്കിൽ പിന്തുണ നൽകണോ അതോ തിരുവഞ്ചൂരിനെ ഉയർത്തി സമ്മർദ്ദം ചെലുത്തണമോയെന്ന കാര്യങ്ങളടക്കം യോഗത്തിൽ ചർച്ചയായെന്നാണ് വിവരം.

കവടിയാറിലുള്ള ആര്യാടൻ മുഹമ്മദിന്റെ ബന്ധുവിന്റെ ഫ്‌ളാറ്റിലായിരുന്നു യോഗം. ഇന്നലെ തിരുവനന്തപുരത്തെത്തിയ ആര്യാടന്റെ അസുഖവിവരം തിരക്കാൻ എല്ലാവരും ഒരുമിച്ചെത്തിയതാണെന്നായിരുന്നു എംഎം ഹസന്റെ പ്രതികരണം. മറ്റ് ചർച്ചകൾ ഉണ്ടായിട്ടില്ലെന്നും നേതൃമാറ്റം സംബന്ധിച്ചുള്ള ചർച്ചകൾ അടുത്ത ദിവസത്തെ രാഷ്ട്രീയകാര്യസമിതിയിൽ നടക്കുമെന്നും എംഎം ഹസൻ പ്രതികരിച്ചു. മറ്റ് നേതാക്കളാരും പരസ്യപ്രതികരണത്തിന് തയ്യാറായിട്ടില്ല. നേതൃതലത്തിലുള്ള അഴിച്ചുപണി എ ഗ്രൂപ്പ് ആഗ്രഹിക്കുന്നുണ്ട്. ഇക്കാര്യം കെസി ജോസഫ് നേരത്തെ പരസ്യമായി ആവശ്യപ്പെട്ടിരുന്നു.

നിയമസഭാ തെരഞ്ഞെടുപ്പ് തോൽവിയിൽ നേതൃത്വം വഹിച്ചവർക്ക് ഉത്തരവാദിത്തമുണ്ടെന്നും രാഷ്ട്രീയകാര്യ സമിതി ഉടൻ വിളിച്ച് ചേർക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. പാർട്ടിയിൽ പുനഃസംഘടന ആവശ്യമാണ്. ഒരു വ്യക്തിയെ മാത്രം ഉദ്ദേശിച്ചല്ല വിമർശനം. താഴെ തട്ടുമുതൽ അഴിച്ചുപണി ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പ് ഫലത്തിൽ മതിമറന്നപ്പോൾ തദ്ദേശ തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടി മറച്ചുവെക്കാൻ കോൺഗ്രസിൽ ശ്രമമുണ്ടായി. നിയമസഭാ തെരഞ്ഞെടുപ്പ് പരാജയത്തിന്റെ പശ്ചാത്തലത്തിൽ തൊലിപ്പുറത്തെ ചികിത്സ കൊണ്ട് കാര്യമില്ല. ഒരിക്കലും പ്രതീക്ഷിക്കാത്ത പരാജയമാണ് സംസ്ഥാനത്ത് യുഡിഎഫിനുണ്ടായത്. താഴെത്തട്ടിലുള്ള കമ്മിറ്റികൾ ദുർബലമാണെന്നും കെസി ജോസഫ് വ്യക്തമാക്കി. ജനങ്ങൾക്കും കോൺഗ്രസ് പ്രവർത്തകർക്കും ആത്മവിശ്വാസം നൽകുന്ന നേതൃത്വമാണ് കേരളത്തിൽ ആവശ്യം. പരാജയത്തിന് കാരണമായ കാര്യങ്ങൾ ഗൗരവമായി പരിശോധിക്കണം. അല്ലാതെ മുന്നോട്ട് പോകാൻ കഴിയില്ല. സമൂലമായ അഴിച്ചു പണിയാണ് കേരളത്തിലെ കോൺഗ്രസിനാവശ്യമെന്നും അദ്ദേഹം വിമർശിച്ചു.

സംസ്ഥാനത്തെ ന്യൂനപക്ഷ വിഭാഗങ്ങളിൽ കടുത്ത ആശങ്കയുണ്ടായിരുന്നു. അവർ അത് പ്രകടിപ്പിക്കുകയും ചെയ്തിട്ടുണ്ട്. കോൺഗ്രസ് നേതൃത്വം ഇടപെട്ട് ഈ ആശങ്കകൾ പരിഹരിക്കാൻ വലിയതോതിൽ ശ്രമം നടത്തിയെങ്കിലും ഇവയൊന്നും യുഡിഎഫിന് അനുകൂലമായ വോട്ടായി മാറിയില്ലെന്നും കെസി ജോസഫ് മാധ്യമങ്ങളോട് പറഞ്ഞു. ഹൈക്കമാൻഡിന്റെ നിർദ്ദേശങ്ങൾ ധിക്കരിച്ചുള്ള കെസി ജോസഫിന്റെ പരസ്യപ്രതികരണം ഗ്രൂപ്പിന്റെ നിർദ്ദേശപ്രകാരമാണെന്നാണ് വിവരം.

അതെസമയം കോൺഗ്രസിനുള്ളിലെ ഗ്രൂപ്പിസത്തിനെതിരെ പ്രമുഖനേതാക്കളും ഘടകകക്ഷിനേതാക്കളും രംഗത്തെത്തിയിരുന്നു. കോൺഗ്രസ് ഗ്രൂപ്പുകളുടെ ഫെഡറേഷനാകുന്നു എന്നായിരുന്നു വിമർശനം.