അടൂർ: നാളെ വാലന്റൈൻസ് ദിനമാണ്. പ്രണയത്തിന്റെ ചുവന്ന പൂക്കളിൽ ലോകം ചുടുചുംബനം നൽകുന്ന ദിനം. ഈ ദിനത്തിൽ ഒരു അപൂർവ പ്രണയം സാഫല്യത്തിലെത്തുകയാണ് മഹാത്മാ ജനസേവന കേന്ദ്രത്തിൽ. അമ്പത്തെട്ടു വയസുള്ള രാജൻ 65 വയസുള്ള സരസ്വതിയുടെ കഴുത്തിൽ മിന്നു ചാർത്തും. പ്രണയത്തിന് അതിർവരമ്പും ജാതിമത ദേദവും ഭാഷയുമില്ലെന്ന് തെളിയുന്ന അപൂർവ നിമിഷം. മഹാത്മയിലെ അന്തേവാസികളായ ഈ കമിതാക്കൾ നാളെ വിവാഹിതരായി മറ്റൊരിടത്ത് പുതുജീവിതത്തിലേക്ക് കടക്കും.


തമിഴ്‌നാട് തിരുച്ചിറപ്പള്ളി സ്വദേശിയാണ് രാജൻ. മണ്ണടി പുളിക്കൽ വീട്ടിൽ സരസ്വതി മൂന്നു വർഷമായി ജനസേവന കേന്ദ്രത്തിലെ അന്തേവാസിയും. ശബരിമല മണ്ഡല-മകര വിളക്ക് കാലത്ത് കടകളിൽ ജോലി ചെയ്യാനായി വന്നയാളാണ് രാജൻ. അതു കഴിഞ്ഞാലും നാട്ടിലേക്ക് പോകാറില്ലായിരുന്നു. അവിടെ തന്നെ കൂട്ടം ചേർന്ന് കഴിയും. കൂട്ടുകാരുമൊത്ത് ഭക്ഷണം പാകം ചെയ്ത് കഴിക്കും. ജോലി ചെയ്ത് കിട്ടുന്ന തുകയൊക്കെ ബന്ധുക്കൾക്ക് അയച്ചു നൽകും.

സഹോദരിമാർക്ക് വേണ്ടി ജീവിതം മാറ്റി വച്ച രാജൻ വിവാഹം ചെയ്തില്ല. ലോക്ക് ഡൗണായതോടെ രാജൻ ഉൾപ്പടെ ആറു പേരെ പമ്പാ പൊലീസ് താൽക്കാലിക സംരക്ഷണത്തിനായി അടൂർ മഹാത്മ ജനസേവന കേന്ദ്രത്തിന് കൈമാറിയിരുന്നു. കഴിഞ്ഞ ഏപ്രിൽ 18-ന് മഹാത്മയിലെത്തിയ രാജൻ വയോജനങ്ങളുടെ സംരക്ഷണത്തിലും പാചകത്തിലും തത്പരനായി സ്വയം ജോലി ഏറ്റെടുത്തു.

ജീവിതത്തിൽ ഒറ്റപ്പെട്ടപ്പോൾ പൊതു പ്രവർത്തകരും പൊലീസും ചേർന്ന് 2018 ഫെബ്രുവരി രണ്ടിന് മഹാത്മയിലെത്തിച്ചതാണ് സരസ്വതിയെ. വിവാഹം കഴിക്കാത്ത, സംസാര വൈകല്യമുള്ള സരസ്വതി മാതാപിതാക്കൾ മരണപ്പെട്ടതോടെ തനിച്ചായി. മഹാത്മായിൽ അന്തേവാസിയായ സരസ്വതി ജീവിതത്തിൽ മറ്റൊരധ്യായത്തിന് തുടക്കം കുറിക്കുകയായിരുന്നു. രോഗബാധിതരായ വയോജനങ്ങളുടെ പരിചരണത്തിലാണ് സരസ്വതിക്ക് ശ്രദ്ധ.

രാജൻ കൂടി എത്തിയതോടെ രണ്ടു പേരും ഒരുമിച്ചായി പ്രവർത്തനം. രണ്ടുപേരും തുല്യ ദുഃഖിതർ. സായന്തനത്തിൽ ഒരു തണലായി രാജനെ കാണുവാൻ സരസ്വതി ആഗ്രഹിച്ചു. വിവരം രാജനോട് പറഞ്ഞപ്പോൾ അയാൾക്കും സമ്മതം. അങ്ങനെ അവർ പ്രണയികളായി. രാജൻ അവരുടെ ഇഷ്ടം മഹാത്മാ ചെയർമാൻ രാജേഷ് തിരുവല്ലയെ അറിയിച്ചു. ഒരു ജന്മത്തിന്റെ ഏറിയ പങ്കും ബന്ധുക്കൾക്കും സമൂഹത്തിനുമായി ജീവിച്ച അവർ ഇരുവരും ഇനി അവർക്ക് വേണ്ടി ഒരുമിച്ച് ജീവിക്കട്ടെ എന്നായിരുന്നു രാജേഷിന്റെ അഭിപ്രായം. സരസ്വതിയുടെ ബന്ധുക്കളെയും ആ മേഖലയിലെ ജനപ്രതിനിധികളേയും വിളിച്ച് കാര്യങ്ങൾ ചർച്ച ചെയ്തു.

എല്ലാവർക്കും സമ്മതം. രാജന്റെ സഹോദരിമാരെയും മക്കളെയും വിവരം അറിയിച്ചു. അവർക്കും സമ്മതമായി. നാളെ രാവിലെ 11നും 11.30നും ഇടയിലുള്ള മുഹൂർത്തത്തിൽ ചിറ്റയം ഗോപകുമാർ എംഎൽഎ, നഗരസഭ ചെയർമാൻ ഡി. സജി, പള്ളിക്കൽ ഗ്രാമപഞ്ചായത്തംഗം സുശീല കുഞ്ഞമ്മ കുറുപ്പ്, സാമൂഹികനീതി ഓഫീസർ ജാഫർഖാൻ എന്നിവരുടെ സാന്നിധ്യത്തിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ലളിതമായ ചടങ്ങുകളോടു കൂടി വിവാഹം നടത്തും. കൊടുമൺ ജീവകാരുണ്യ ഗ്രാമത്തിൽ നിർമ്മിച്ചിട്ടുള്ള വീടുകളിൽ ഒന്നിൽ ഇവർക്ക് താമസവും, തൊഴിലും നൽകി ഇവരുടെ ജീവിതം സന്തോഷകരമാക്കുമെന്ന് ജനസേവനകേന്ദ്രം സെക്രട്ടറി എ. പ്രീഷിൽഡ അറിയിച്ചു.