മലപ്പുറം: പി കെ കുഞ്ഞാലിക്കുട്ടിയുടെ മകന്റെ കള്ളപ്പണ നിക്ഷേപം കണ്ടെത്തിയ മലപ്പുറം മലപ്പുറം എആർ നഗർ സഹകരണ ബാങ്ക് പ്രസിഡന്റ് രാജിവെച്ചു. കള്ളപ്പണവും അനധികൃത നിക്ഷേപങ്ങളും കണ്ടെത്തിയതിനെ തുടർന്നാണ് തീരുമാനം. മുസ്ലിം ലീഗിലെ കെ.ടി. ലത്തീഫാണ് രാജിവച്ചത്. മുസ്ലിം ലീഗ് ഭരിക്കുന്ന മലപ്പുറം എആർ നഗർ സഹകരണ ബാങ്കിൽ 110 കോടിയുടെ അനധികൃത നിക്ഷേപമുള്ളതായി ആദായനികുതി വകുപ്പ് കണ്ടെത്തിയത്. അതിനു പിന്നാലെയാണ് ഇപ്പോൾ പ്രസിഡന്റ് രാജിവെച്ചിരിക്കുന്നത്.

കഴിഞ്ഞ മാർച്ചിൽ ആദായ നികുതി വകുപ്പ് നടത്തിയ തെരച്ചിലാണ് ബാങ്കിൽ കള്ളപ്പണ നിക്ഷേപം ഉള്ളതായി കണ്ടെത്തുകയും ഈ തുക മരവിപ്പിക്കുകയും ചെയ്ത്. മുസ്ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിയുടെ മകന്റെ നിക്ഷേപവും ഇതിൽ ഉൾപ്പെടും. നിക്ഷേപത്തിന്റെ രേഖകൾ സമർപ്പിക്കാൻ ആവശ്യപ്പെട്ടിട്ടും നൽകാത്തതിനെ തുടർന്നാണ് ഇത്.

2018 ൽ തന്നെ ഇതേ ബാങ്കിൽ ബിനാമി നിക്ഷേപങ്ങളും ഇടപാടുകളും നടന്നതായി സഹകരണവകുപ്പിന്റെ പരിശോധനയിൽ കണ്ടെത്തിയിരുന്നു. ബാങ്ക് സെക്രട്ടറി സ്വന്തം പേരിലുണ്ടാക്കിയ അക്കൗണ്ടിലൂടെ 12 കോടിയുടെ ഇടപാട് നടത്തിയതായും ഉദ്യോഗസ്ഥർ റിപ്പോർട്ട് നൽകിയിരുന്നു. രണ്ട് വ്യാജ പേരുകളിലുണ്ടാക്കിയ അക്കൗണ്ടുകളിലൂടെയും ഉദ്യോഗസ്ഥൻ 17 കോടിയോളം രൂപയുടെ വഴിവിട്ട ഇടപാട് നടത്തിയതായി സഹകരണ വകുപ്പും കണ്ടെത്തിയിരുന്നെങ്കിലും തുടർ നടപടിയുണ്ടായിട്ടില്ല.

അതേസമയം ക്രമക്കേടിനെ കുറിച്ച് അന്വേഷിക്കാൻ സഹകരണ വകുപ്പും പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കുന്നുണ്ട്. നേരത്തെ എ.ആർ നഗർ സർവീസ് സഹകരണ ബാങ്കിലെ ക്രമിക്കേട് ആദായനികുതി വകുപ്പും കണ്ടെത്തിയിരുന്നു. സാമ്പത്തിക ക്രമക്കേട് കണ്ടെത്തിയിട്ടും തിരിമറി നടത്തിയ ഉദ്യോഗസ്ഥരെ പിരിച്ചു വിട്ടതായും മുൻ സെക്രട്ടറിയും ബാങ്ക് അഡ്‌മിനിസ്‌ട്രേറ്ററുമായ വി.കെ. ഹരികുമാർ ആരോപിച്ചിരുന്നു.

യഥാർഥത്തിൽ ഇല്ലാത്ത ഒട്ടേറെ വ്യാജ മേൽവിലാസങ്ങളിൽ അക്കൗണ്ട് ആരംഭിച്ച് കോടികൾ നിക്ഷേപിച്ചിട്ടുണ്ടെന്നാണ് മുൻ കുന്നുംപുറം ബ്രാഞ്ച് മാനേജരായിരുന്ന കെ. പ്രസാദ് പറയുന്നത്. വ്യാജ അക്കൗണ്ടുകൾ ഉപയോഗിച്ച് നടക്കുന്ന അനധികൃത സാമ്പത്തിക ഇടപാടുകളുടെ ഭാഗമായി താൻ പ്രവർത്തിച്ചിട്ടുണ്ടെന്നും പ്രസാദ് വ്യക്തമാക്കുന്നു. സ്വർണ്ണപ്പണയത്തിന്റെ പേരിൽ തിരിമറികൾ നടത്തിയതും അന്നത്തെ സെക്രട്ടറിയുടെ അറിവോടെയായിരുന്നുവെന്നാണ് പ്രസാദിന്റെ ആരോപണം.

സാമ്പത്തിക തിരിമറികൾ പുറത്തായതോടെ 3 ജീവനക്കാർക്ക് ജോലി നഷ്ടമായി. ക്രമക്കേട് നടത്തിയതിന്റെ പേരിലാണ് ജീവനക്കാരെ പിരിച്ചുവിടുന്നത് അടക്കമുള്ള നടപടി സ്വീകരിച്ചതെന്നും സാമ്പത്തിക തിരിമറിയുമായി തനിക്ക് ബന്ധമില്ലെന്നുമുള്ള വാദമുഖമാണ് വി.കെ. ഹരികുമാർ മുന്നോട്ടു വയ്ക്കുന്നത്. കെ.വൈ.സി മാനദണ്ഡങ്ങൾ പാലിക്കാത്ത എ.ആർ നഗർ സർവീസ് സഹകരണബാങ്കിലെ ഒട്ടേറെ അക്കൗണ്ടുകൾ യഥാർഥ രേഖകൾ ഹാജരാക്കുന്നതു വരെ ആദായനികുതി മരവിപ്പിച്ചിട്ടുണ്ട്.