അടൂർ: സിപിഎം ജില്ലാ സെക്രട്ടറി ഉദയഭാനുവിന്റെ മുൻ ഡ്രൈവറും സജീവ സിപിഎം പ്രവർത്തകനുമായ പഴകുള, പന്ത്രാംകുഴിയിൽ അബ്ദുൾ റഹിമാൻ, സഹോദരൻ അബ്ദുൾ സമദ് എന്നിവരുടെ വീടുകളിൽ സിബിഐ റെയ്ഡ്. ഇരുവരും സജീവ സിപിഎം പ്രവർത്തകരും അടൂരിൽ നിന്നുള്ള സിപിഎം നേതാക്കളുടെ വിശ്വസ്തരുമാണ്.

2012 കാലഘട്ടത്തിൽ സൗദി അറേബ്യയിൽ ജോലി ചെയ്തിരുന്ന ഇരുവരും അവിടെ വച്ച് ഒരു വഞ്ചനാ കേസിൽ പ്രതികളായിരുന്നുവെന്ന് പറയപ്പെടുന്നു. കൊലക്കേസിലും ഉൾപ്പെട്ടതായി സംശയിക്കുന്നു. സൗദിയിൽ കേസിൽ അകപ്പെട്ട ഇരുവരും വിമാനത്തിന് പകരം കപ്പലിലാണ് നാട്ടിലേക്ക് തിരിച്ചു വന്നത്. ഇവരുടെ പാസ്പോർട്ടോ വിസയോ സ്റ്റാമ്പ് ചെയ്യാതെയായിരുന്നു മടങ്ങി വരവ്. സൗദി അറേബ്യയിൽ രജിസ്റ്റർ ചെയ്ത കേസ് ഇന്റർപോൾ ഏറ്റെടുക്കുകയും സിബിഐക്ക് കൈമാറുകയുമായിരുന്നു.

സിബിഐ തിരുവനന്തപുരം യൂണിറ്റാണ് ഇന്ന് രാവിലെ ഇരുവരുടെയും വീടുകളിൽ റെയ്ഡിന് എത്തിയത്. അടൂർ പൊലീസിനെയും കൂട്ടിയായിരുന്നു വരവ്. റെയ്ഡ് വിവരം അറിഞ്ഞ സിപിഎമ്മിന്റെ ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളും ഏരിയാ സെക്രട്ടറിയും അടൂർ ഡിവൈഎസ്‌പിയെ ബന്ധപ്പെട്ടപ്പോഴാണ് റെയ്ഡ് മുകളിൽ നിന്നാണെന്ന് മനസിലായത്. ഇതോടെ നേതാക്കൾ മാളത്തിലൊളിച്ചു. സൗദിയിൽ നിന്നും വളഞ്ഞ വഴിയിൽ നാട്ടിലെത്തിയ അബ്ദുൾ റഹ്മാൻ പിന്നീട് സിപിഎം ജില്ലാ സെക്രട്ടറി ഉദയഭാനുവിന്റെ ഡ്രൈവറായി.

കോന്നി ഉപതെരഞ്ഞെടുപ്പ് നടക്കുന്ന സമയത്ത് അയൽവാസിയായ വീട്ടമ്മയുമായി ഇയാൾ ഒളിച്ചോടിയത് പാർട്ടിക്ക് ക്ഷീണമായിരുന്നു. ഇതേ വീട്ടമ്മ തന്നെ പിന്നീട് ഇയാൾക്കെതിരേ പീഡന പരാതി നൽകി. പത്തനംതിട്ട വനിതാ സ്റ്റേഷൻ ഇൻസ്പെക്ടർ ലീലാമ്മയാണ് കേസ് അന്വേഷിച്ചത്. അബ്ദുൾ റഹ്മാനെ ഈ കേസിൽ അറസ്റ്റ് ചെയ്തെങ്കിലും പൊലീസ് കേസ് വളച്ചൊടിച്ചുവെന്ന് പരാതിക്കാരി പറയുന്നു. പ്രതിയെ പീഡനം നടന്ന സ്ഥലത്തുകൊണ്ടു പോയി തെളിവെടുക്കാൻ ലീലാമ്മ തയാറായില്ലത്രേ. സിപിഎമ്മിന്റെ നേതാക്കളുടെ ഇടപെടലിനെ തുടർന്നായിരുന്നു ഇത്.

2018 ഒക്ടോബർ എട്ടിന് പുലർച്ചെ ആറു മണിയോടെയാണ് വീട്ടമ്മയെ വിവാഹ വാഗ്ദാനം ചെയ്ത് ഇയാൾ കടത്തിക്കൊണ്ടു പോയത്. സിപിഎമ്മിന്റെ മഹിളാ സംഘടനയുടെ ഭാരവാഹി കൂടിയാണ് യുവതി. പഴകുളത്ത് മുമ്പ് നടന്ന കൊലപാതക കേസിൽ പ്രതിയാണ് യുവതിയുടെ ഭർത്താവ്. അബ്ദുൾ റഹ്മാന് ഭാര്യയും രണ്ട് മക്കളുമുണ്ടായിരിക്കേയാണ് അയൽവാസിയായ വീട്ടമ്മയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചത് എന്നാണ് പരാതി.

ഇയാളുടെ സഹോദരൻ അബ്ദുൾ സമദ് സിപിഎമ്മിന്റെ നൂറനാട് പഞ്ചായത്തിലെ പാലിയേറ്റീവ് കെയർ വാഹനം ഓടിക്കുകയാണ്. സിബിഐ റെയ്ഡ് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല. ഇരുവരും സൗദി അറേബ്യയിൽ കൊലക്കേസിൽ ഉൾപ്പെട്ടുവെന്നും സംശയിക്കുന്നു.