കോഴിക്കോട്: പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിനും ഭാര്യ വീണയ്ക്കും എതിരെ നടത്തിയ വിവാദ പ്രസ്താവനയിൽ മാപ്പ് പറഞ്ഞ് ലീഗ് നേതാവ് അബ്ദുറഹ്മാൻ കല്ലായി. വഖഫ് ബോർഡ് നിയമനം പി.എസ്.സിക്ക് വിടാനുള്ള തീരുമാനത്തിനെതിരെ മുസ്ലിംലീഗ് കോഴിക്കോട് നടത്തിയ റാലിയിലാണ് മന്ത്രി പി എ മുഹമ്മദ് റിയാസിനെതിരെ വിവാദ പരാമർശമുണ്ടായത്.

വ്യക്തിജീവിതത്തിലെ മതപരമായ കാഴ്ചപ്പാടാണ് പ്രസംഗത്തിൽ സൂചിപ്പിക്കാൻ ഉദേശിച്ചതെന്നും ആരെയും വ്യക്തിപരമായോ കുടുംബപരമായോ വേദനിപ്പിക്കാൻ ഉദ്ദേശിച്ചിരുന്നില്ല എന്നുമാണ് വിശദീകരണം. പ്രസ്താവന അത്തരത്തിൽ വിവാദമായതിൽ അതിയായ ദുഃഖമുണ്ടെന്നും പ്രസ്തുത പരാമർശത്തിൽ നിർവ്യാജം ഖേദം പ്രകടിപ്പിക്കുന്നതായും അബ്ദുറഹ്മാൻ കല്ലായി പ്രസ്താവനയിൽ പറയുന്നു. മുസ്ലിംലീഗ് ഔദ്യോഗിക ഫേസ്‌ബുക്ക് പേജ് പ്രസ്താവന പങ്കുവെച്ചിട്ടുണ്ട്.

മുഹമ്മദ് റിയാസും മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയും തമ്മിലുള്ള വിവാഹത്തെക്കുറിച്ചാണ് ലീഗ് നേതാവിന്റെ അധിക്ഷേപം. റിയാസിന്റേത് വിവാഹമല്ലെന്നും വ്യഭിചാരമാണെന്നുമായിരുന്നു പരാമർശം. ലൈംഗിക ന്യൂനപക്ഷങ്ങൾക്കെതിരെയും പ്രസംഗത്തിൽ അധിക്ഷേപകരമായ പ്രസ്താവനകൾ നടത്തിയിരുന്നു.

അബ്ദുറഹ്മാൻ കല്ലായിയുടെ വാക്കുകൾ

'മുൻ ഡിവൈഎഫ്ഐ അഖിലേന്ത്യ പ്രസിഡന്റ് പുതിയാപ്ലയാണ്. എന്റെ നാട്ടിലെ പുതിയാപ്ലയാണ്. ആരാടോ ഭാര്യ.. ഇത് വിവാഹമാണോ വ്യഭിചാരമാണ്. അത് വിളിച്ചു പറയാൻ ചങ്കൂറ്റം വേണം. തന്റേടവും വേണം. സിഎച്ച് മുഹമ്മദ് കോയയുടെ നട്ടെല്ല് നമ്മൾ പ്രകടിപ്പിക്കണം.

സ്വവർഗ രതിക്ക് നിയമപ്രാബല്യം കൊണ്ട് വരണമെന്ന് പറയുന്നവരാണ് കമ്മ്യൂണിസ്റ്റ് പാർട്ടികൾ. അവരുടെ പ്രകടന പത്രികയിൽ അതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പിലെ പ്രകടന പത്രികയിലും അവരത് പറഞ്ഞു. ഭാര്യക്കും ഭർത്താവിനും ഉഭയസമ്മത പ്രകാരം ആരുമായും ലൈംഗികബന്ധത്തിലേർപ്പെടാമെന്ന് കോടതി ഒരു നിരീക്ഷണം നടത്തിയല്ലോ. സുപ്രീംകോടതിയുടെ നിരീക്ഷണത്തെ ആദ്യം സ്വാഗതം ചെയ്തത് ഡിവൈഎഫ്ഐയാണ്. കമ്മ്യൂണിസ്റ്റുകാരെ പിന്തുണയ്ക്കുന്നവർ അത് കൂടി ഓർക്കണം.
ഞങ്ങളിലില്ല ഹൈന്ദവ രക്തം. ഞങ്ങളിലില്ല ക്രൈസ്തവ രക്തം, ഞങ്ങളിലില്ല ക്രൈസ്തവ രക്തം എന്ന് പറഞ്ഞാൽ തന്നെ ഇസ്ലാമിൽ നിന്ന് പുപുറത്താണ്. ഇഎംഎസും എകെജിയും ഇല്ലാത്ത സ്വർഗം വേണ്ട എന്ന് പറയുന്നവരെയും കണ്ടിട്ടുണ്ട്. അങ്ങനെ പറയുന്നവർ കാഫിറുകളാണ്.

പിന്നെ നിന്റെ കൊച്ചാപ്പയ്ക്കും നിന്നെ രക്ഷപ്പെടുത്താൻ കഴിയില്ല. ലീഗ് എന്നും സമുദായത്തിനൊപ്പം നിന്ന പാർട്ടിയാണ്. ആയിരം പിണറായി വിജയന്മാർ ഒരുമിച്ച് ശ്രമിച്ചാലും മുസ്ലിം ലീഗിന്റെ അഭിമാനം നശിപ്പിക്കാൻ കഴിയില്ല' അബ്ദുറഹ്മാൻ കല്ലായി പറഞ്ഞു.

ലീഗ് നേതാവിന്റെ പരാമർശത്തിനെതിരെ വ്യാപക വിമർശനമാണ് സോഷ്യൽ മീഡിയയിൽ ഉയർന്നത്.പരാമർശത്തിൽ പ്രതിഷേധം രേഖപ്പെടുത്തിയ ഡിവൈഎഫ്‌ഐയും സിപിഐഎമ്മും വിഷയത്തിൽ പൊലീസിൽ പരാതിപ്പെട്ടിട്ടുണ്ട്. അധികാരം ലഭിക്കില്ലെന്ന് ഉറപ്പായ ലീഗ് നേതാക്കളുടെ മാനസിക നില തകരാറിലായോ എന്ന് പരിശോധിക്കേണ്ടതുണ്ടെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വികെ സനോജ് പറഞ്ഞു. ഫേസ്‌ബുക്ക് പോസ്റ്റിലൂടെയായിരുന്നു പ്രതികരണം.