ആലപ്പുഴ: ആലപ്പുഴയിലെ വള്ളികുന്നത്ത് പതിനഞ്ചുകാരൻ കുത്തേറ്റു മരിച്ച കേസിൽ മുഖ്യപ്രതിയെന്ന് സംശയിക്കുന്നയാളെ പൊലീസ് തിരിച്ചറിഞ്ഞു. അഭിമന്യുവിനെ കുത്തിയ നാലംഗ സംഘത്തിൽ ഉൾപ്പെട്ട സജയ് ദത്ത് എന്നയാളെയാണ് പൊലീസ് തിരിച്ചറിഞ്ഞത്. അഭിമന്യുവിനെ കുത്തിയത് സജയ് ദത്താണെന്നാണ് സൂചന. ഇതോടെ അന്വേഷണത്തിന്റെ ഭാഗമായി സജയ് ദത്തിന്റെ അച്ഛനേയും സഹോദരനേയും ചോദ്യം ചെയ്യാനായി പൊലീസ് കസ്റ്റഡിയിലെടുത്തു.

ബുധനാഴ്ച രാത്രി പത്ത് മണിയോടെ വള്ളികുന്നം പടയണിവട്ടം ക്ഷേത്ര ഉത്സവത്തിനിടെ ഉണ്ടായ തർക്കത്തിലാണ് അഭിമന്യു കൊല്ലപ്പെട്ടത്. നേരത്തെ മറ്റൊരു ഉത്സവത്തിനിടെ ഉണ്ടായ തർക്കത്തിന്റെ തുടർച്ചയാണ് കഴിഞ്ഞ ദിവസത്തെ സംഘർഷമെന്നാണ് പൊലീസ് പറയുന്നത്. ആക്രമണത്തിൽ മറ്റു രണ്ടു പേർക്കും പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

കൊലപാതകത്തിന് പിന്നിൽ ആർഎസ്എസ് അക്രമികളാണെന്ന് സിപിഎം ആരോപിച്ചു. അതേസമയം പൂർവവൈരാഗ്യത്തിന്റെ തുടർച്ചയായുണ്ടായ കൊലപാതകമാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ പ്രതിഷേധിച്ച് സിപിഎം വള്ളികുന്നത്ത് ഹർത്താൽ ആചരിക്കുകയാണ്.

അതേസമയം മകൻ രാഷ്ട്രീയക്കാരനല്ലെന്ന് അഭിമന്യുവിന്റെ പിതാവ് അമ്പിളികുമാർ പ്രതികരിച്ചു. എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്നും അദ്ദേഹം പ്രതികരിച്ചു. മകൻ ഒരു പ്രശ്‌നത്തിലും പോകാറില്ലെന്നും അദ്ദേഹം പറഞ്ഞു. വള്ളിക്കുന്നം ഹൈസ് കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയും പുത്തൻചന്ത കുറ്റിയിൽ തെക്കതിൽ അമ്പിളികുമാറിന്റെ മകനുമാണ് അഭിമന്യു. എസ്.എഫ്.ഐ പ്രവർത്തകനാണ്. അഭിമന്യുവിന് ഒപ്പമുണ്ടായിരുന്ന രണ്ട് പേർക്കും പരിക്കേറ്റിട്ടുണ്ട്. ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്.

അഭിമന്യുവിന്റെ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ആലപ്പുഴ മെഡിക്കൽ കോളജിലേക്ക് മാറ്റിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം മറ്റൊരു ഉത്സവത്തിനിടെയുണ്ടായ സംഘർഷത്തിന്റെ തുടർച്ചയാണ് ഇന്നലത്തെ സംഭവമെന്ന് പറയപ്പെടുന്നു. അഭിമന്യുവിന്റെ ജ്യേഷ്ഠൻ അനന്തുവിനെ തെരഞ്ഞെത്തിയ അക്രമിസംഘം അനന്തുവിനെ കുത്തുകയായിരുന്നെന്ന് പൊലീസ് പറയുന്നു. ഡിവൈഎഫ്ഐ പ്രവർത്തകനാണ് അനന്തു. അനന്തുവും ആർ.എസ്.എസ് പ്രവർത്തകരും തമ്മിൽ പ്രശ്‌നങ്ങൾ നിലനിന്നിരുന്നെന്നും ഇതാണ് കൊലപാതകത്തിന് കാരണമെന്നും പ്രദേശത്തെ സിപിഎം നേതൃത്വം പറയുന്നു.