പുനലൂർ: അച്ചൻകോവിൽ ക്ഷേത്രത്തിൽ പൂജാരിയായി ജോലി നോക്കിയിരുന്ന കൊലക്കേസ് പ്രതി പിഎം ബിജുമോന്റെ പൂർവാശ്രമം സംഭവ ബഹുലം. അല്ലറ ചില്ലറ മോഷണങ്ങളിൽ നിന്ന് ക്രൂരമായ ഒരു കൊലപാതകത്തിലേക്ക് അടി വച്ചു കയറിയ ആളാണ് ബിജു മോൻ.

ഏപ്രിൽ മാസത്തിലാണ് ബിജു മോൻ അച്ചൻകോവിൽ അയ്യപ്പ ക്ഷേത്രത്തിൽ കീഴ്ശാന്തിയായി ജോലിക്ക് ചേർന്നത്. ഇയാളുടെ നിയമനം സബ്ഗ്രൂപ്പ് ഓഫീസറായിരുന്ന പികെ ലാലിന്റെ താൽപര്യത്തിലായിരുന്നു. ദേവസ്വം ബോർഡ് നേരിട്ടുള്ള നിയമനം ആയിരുന്നതിനാൽ മേൽശാന്തിക്കും സംശയം തോന്നിയിരുന്നില്ല. ബ്രാഹ്മണർക്ക് മാത്രമാണ് അച്ചൻകോവിൽ ക്ഷേത്രത്തിൽ താന്ത്രികാവകാശമുള്ളത്. ഈഴവ സമുദായത്തിൽപ്പെട്ടയാളാണ് ഇലന്തൂർ പരിയാരം മേട്ടയിൽ വീട്ടിൽ ബിജു മോൻ. ചെങ്ങന്നൂരിലെ ഒരു കടയിൽ നിന്നും 32 രൂപ കൊടുത്ത് വാങ്ങിയ പൂണൂലുമിട്ടായിരുന്നു ബിജുമോന്റെ തട്ടിപ്പ്.

വെറും പത്താം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള ബിജു മോൻ ആദ്യം ഇലന്തൂരിൽ ഓട്ടോ ഡ്രൈവറായിരുന്നു. അന്ന് അല്ലറ ചില്ലറ മോഷണം തുടങ്ങി. സ്റ്റാൻഡിൽ കിടക്കുന്ന മറ്റു വാഹനങ്ങളുടെ സ്റ്റീരിയോ, ബോക്സ്, ബാറ്ററി ഇവയൊക്കെയായിരുന്നു മോഷ്ടിച്ചിരുന്നത്. സഹഡ്രൈവർമാർ പിടികൂടിയതോടെ പണി നിർത്തി പോയി. പിന്നെ കാണുന്നത് മേലേവെട്ടിപ്രത്ത് പ്രവർത്തിക്കുന്ന കാവുകണ്ടം സോഡാ കമ്പനിയിൽ ടെമ്പോ ഡ്രൈവർ ആയിട്ടായിരുന്നു. ബിസിനസ് ആവശ്യത്തിന് പണം വേണ്ടി വരുമ്പോൾ കാവുകണ്ടം കമ്പനി ഉടമ സ്വർണം പണയം വച്ചിരുന്നത് പത്തനംതിട്ടയിലുള്ള വാസുക്കുട്ടിയുടെ ഫിനാൻസിലായിരുന്നു.

മിക്കപ്പോഴും ബിജുവാകും സ്വർണം പണയം വയ്ക്കാനായി പോവുക. അങ്ങനെ വാസുക്കുട്ടിയുമായി ബിജു അടുത്ത പരിചയത്തിലായി. പണയം വയ്ക്കുന്ന ഉരുപ്പടികളും പണവും ഒരിക്കലും വാസുക്കുട്ടി സ്ഥാപനത്തിൽ വയ്ക്കില്ലെന്ന് ബിജു മനസിലാക്കിയത് അങ്ങനെയാണ്. ദിവസവും വൈകിട്ട് വീട്ടിലേക്ക് പോകുമ്പോൾ ഇതെല്ലാം കൊണ്ടു പോകും. പിറ്റേന്ന് വരുമ്പോൾ തിരികെ കൊണ്ടു വരും. കാലാകാലങ്ങളായി പണയം വച്ചിരുന്ന ഉരുപ്പടികൾ ഇങ്ങനെ ഒരു ബാഗിലാക്കി കൊണ്ടുപോവുകയും കൊണ്ടു വരികയും വാസുക്കുട്ടി ചെയ്തിരുന്നു. ഇക്കാര്യം മനസിലാക്കിയാണ് ബിജു കൊലപാതകം ആസൂത്രണം ചെയ്തത്.

2009 ഒക്ടോബർ 15 ന് വൈകിട്ട് ബാങ്കിൽ നിന്ന് വീട്ടിലേക്ക് വാസുക്കുട്ടി മടങ്ങുമ്പോഴാണ് ബിജു അടങ്ങുന്ന നാലംഗ സംഘം പദ്ധതി നടപ്പാക്കിയത്. വീട്ടിലേക്കുള്ള വഴിയിൽ വച്ച് ബിജു കാറിന് കൈ കാണിച്ചു. മുൻ പരിചയമുള്ളതിനാൽ വാസുക്കുട്ടി കാർ നിർത്തുകയും ബിജുവും സംഘവും ഉള്ളിൽ കടക്കുകയുമായിരുന്നു. പിറ്റേന്ന് മാവേലിക്കര പുന്നമൂടിന് സമീപത്ത് നിന്ന് കാറിൽ മരിച്ച നിലയിൽ വാസുക്കുട്ടിയെ കണ്ടെത്തി. ലോക്കൽ പൊലീസ് അന്വേഷിച്ച കേസ് ആലപ്പുഴ ക്രൈം ബ്രാഞ്ചിന് വിട്ടതിന് പിന്നാലെ ബിജുവിനെ പത്തനംതിട്ട പൊലീസ് തന്നെ അറസ്റ്റ് ചെയ്തു. ഡിസംബറിലായിരുന്നു ബിജുവിന്റെ അറസ്റ്റ്. പിന്നാലെ രണ്ടു പ്രതികളെ മുംബൈയിൽ നിന്നും ഒരാളെ ഇടുക്കിയിൽ നിന്നും ക്രൈംബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്തു.

ലോക്കൽ പൊലീസിന് പ്രതികളെ നേരത്തേ പിടികിട്ടിയിരുന്നുവെന്നും മുതിർന്ന ഉദ്യോഗസ്ഥനും ബിജു ജോലി ചെയ്യുന്ന സോഡാ ഫാക്ടറി ഉടമയും തമ്മിലുള്ള അടുപ്പം കാരണം അറസ്റ്റ് ഒഴിവാക്കുകയായിരുന്നുവെന്നും ആരോപണം ഉയർന്നു. എന്തായാലും ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുത്തതിന് പിന്നാലെ ആരോ കൊണ്ടു കൊടുത്തതു പോലെ ബിജുവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതികൾ സ്വർണവും പണവുമൊക്കെ വീതം വച്ചിരുന്നു. തനിക്ക് കിട്ടിയ പങ്കിൽ നിന്ന് ഒരു ഭാഗം ബിജു പൂക്കോടുള്ള സഹകരണബാങ്കിൽ പണയം വച്ച് പണം വാങ്ങി. പ്രതികളിൽ ഒരാളായ ശ്യാം സ്വർണം വിറ്റ് ആറു ലക്ഷം രൂപ എടുത്തു. ഇയാൾ ഒരു കാറും പൾസർ ബൈക്കും വാങ്ങി. ശേഷിച്ച രണ്ടു പ്രതികൾ മുംബൈയിലേക്ക് കടന്നു. ഇവരെ അവിടെ നിന്നും പിടികൂടി.

വാസുക്കുട്ടി കൊലക്കേസിൽ വിചാരണ തുടങ്ങാൻ കാലതാമസം നേരിട്ടു. 2014 ആണ് വിചാരണ ആരംഭിച്ചത്. ഇതിനോടകം ജാമ്യത്തിൽ ഇറങ്ങിയ ബിജു പൂക്കോട് ജങ്ഷനിൽ കോഴിക്കട നടത്തി. നാട്ടുകാർ കയറാതെ വന്നതോടെ കട പൂട്ടി. പിന്നെ കുമ്പനാട്ടുള്ള ട്രാവൽ ഏജൻസിയിൽ ജോലിക്ക് ചേർന്നു. അങ്ങനെ വിസ തട്ടിപ്പ് കേസിലും പ്രതിയായി. അതിന് ശേഷം അല്ലറ ചില്ലറ തട്ടിപ്പും ഉഡായിപ്പുമായി കഴിഞ്ഞു കൂടി. ഇങ്ങനെ കിട്ടിയ അഞ്ചു ലക്ഷം ഉപയോഗിച്ച് ബുള്ളറ്റ് മോട്ടോർ സൈക്കിളുമായി കറങ്ങി നടക്കുകയായിരുന്നു.

ഏപ്രിൽ മാസത്തിൽ അച്ചൻകോവിൽ ക്ഷേത്രത്തിൽ പൂജാരി ആയി ബിജു മാറിയതിന് പിന്നിൽ ദുരൂഹതയുണ്ട്. സബ്ഗ്രൂപ്പ് ഓഫീസർ പികെ ലാലിനും പുനലൂർ ദേവസ്വം അസി. കമ്മിഷണർ ജയപ്രകാശിനും മാത്രമാണ് ഇയാളൂടെ നിയമനത്തിൽ പങ്കുണ്ടായിരുന്നത്. ബ്രാഹ്മൺ ആയി മേൽശാന്തിക്കൊപ്പം ജോലി ചെയ്തിരുന്ന ബിജു ഫേസ്‌ബുക്കിൽ ഇട്ട സെൽഫികളാണ് പിടികൂടപ്പെടാൻ കാരണമായത്. മേൽശാന്തിക്കും ക്ഷേത്രത്തിലെ വിഗ്രഹത്തിനുമൊപ്പമുള്ള സെൽഫി ഇയാൾ ഫേസ് ബുക്കിൽ പോസ്റ്റ് ചെയ്തു. ഇലന്തൂരിൽ നിന്ന് അച്ചൻകോവിൽ അമ്പലത്തിൽ ചെന്ന ചിലർക്ക് ബിജുവിനെ കണ്ട് സംശയം തോന്നി. ഇടയ്ക്ക് ഒരു സുഹൃത്തിനോട് താൻ ദേവസ്വം ബോർഡിൽ ജോലിക്ക് കയറിയെന്ന് ബിജു പറഞ്ഞിരുന്നു. കഴകമാണോ എന്ന് ചോദിച്ചപ്പോൾ അല്ല തിരുമേനി ആണെന്നായിരുന്നു മറുപടി.

അച്ചൻകോവിൽ അമ്പലത്തിൽ വിഷചികിൽസയുടെ ഭാഗമായി നൽകുന്ന ചന്ദനവും അമ്പലക്കിണറ്റിലെ ഔഷധ ഗുണമുള്ള വെള്ളവും ബിജു നാട്ടുകാർക്ക് എത്തിച്ചു കൊടുത്തിരുന്നു. മുട്ടി അരച്ചാണ് ചന്ദനം നൽകേണ്ടിയിരുന്നത്. എന്നാൽ ഇയാൾ പുറമേ നിന്ന് ചന്ദനം കൊണ്ടു വന്നാണ് കൊടുത്തിരുന്നത്. ഈ ഇനത്തിൽ വലിയ തുക ദക്ഷിണയായും ലഭിച്ചിരുന്നു. ഒരു കൊലക്കേസിലെ ഒന്നാം പ്രതി ബ്രാഹ്മണൻ ചമഞ്ഞ്, ദേവസ്വം ബോർഡ് ക്ഷേത്രത്തിൽ ശാന്തിയായി കയറിപ്പറ്റിയത് എങ്ങനെ എന്നു സംബന്ധിച്ച് ഒരു അന്വേഷണവും ഇതു വരെ നടക്കുന്നില്ല. പരിയാരം സ്വദേശി അജികുമാർ പരാതി നൽകിയിട്ടും നടപടിയില്ല. ദേവസ്വം ബോർഡ് സ്വന്തം നിലയിലും അന്വേഷണമില്ല. സബ്ഗ്രൂപ്പ് ഓഫീസർക്കും അസി. കമ്മിഷണർക്കും നിയമനത്തിൽ മനസറിവുണ്ട് എന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. ആരെങ്കിലും കോഴ കൈപ്പറ്റിയോ എന്ന് അന്വേഷിക്കണമെന്നും ഭക്തർ ആവശ്യപ്പെടുന്നു.