ബെംഗളൂരു: വിഷാദ രോഗം മൂലം ജീവനൊടുക്കിയ സിനിമാ പ്രവർത്തകരുടെ എണ്ണം കൂടി വരികയാണ്. ഇതിന്റെ ഒടുവിലത്തെ തെളിവായിരുന്നു കന്നട നടിയും ബിഗ് ബോസ് താരവുമായ ജയശ്രീ രാമയ്യുടെ മരണം. തീർത്തും അപ്രതീക്ഷിതമായി മരണത്തെ പുൽകിയ നടിയുടേത് ആത്മഹത്യയെന്നാണ് പൊലീസ് പറയുന്നത്. നടി വിഷാദത്തിൽ ആയിരുന്നെന്നു അതിൽ നിന്നും മറികടക്കാൻ സാധിക്കാതെ ജീവിതം അവസാനിപ്പിക്കുകയായിരുന്നു എന്നുമാണ് പൊലീസ് വ്യക്തമാക്കുന്നത്.

2020 ൽ ജീവിതം മടുത്തുവെന്ന് വ്യക്തമാക്കി ജയശ്രീ ഒരു പോസ്റ്റ് പങ്കുവച്ചിരുന്നു. വിഷയത്തിൽ ബിഗ് ബോസിന്റെ അവതാരകനും നടനുമായ കിച്ച സുദീപ് ഇടപെടുകയും നടിയെ അതിൽ നിന്ന് പിന്തിരിപ്പിക്കുകയും ചെയ്തുവെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കുറച്ചുനാളുകൾക്ക് മുൻപ് നടി ഇൻസ്റ്റാഗ്രാമിൽ ലൈവിൽ വന്നിരുന്നു. തന്നെ ദയാവധത്തിന് വിധേയാക്കണമെന്നായിരുന്നു നടിയുടെ ആവശ്യം.

ഇത് താൻ പബ്ലിസിറ്റിക്ക് വേണ്ടി ചെയ്യുന്നതല്ലെന്നും നടി പറഞ്ഞു. നടൻ കിച്ച സുദീപിൽ നിന്ന് സാമ്പത്തിക സഹായങ്ങൾ പ്രതീക്ഷിക്കുന്നില്ല. എന്റെ കയ്യിൽ ആവശ്യത്തിലേറെ പണമുണ്ട്. എന്നാൽ വ്യക്തിപരമായി ഒരുപാട് പ്രശ്നങ്ങളുണ്ട്. കുട്ടിക്കാലത്ത് വഞ്ചിക്കപ്പെട്ടു. അതിൽ നിന്ന് ഇതുവരെ മോചനം ലഭിച്ചിട്ടില്ലെന്നും ജയശ്രീ പറഞ്ഞു. ഞാൻ ജീവിതത്തിൽ പാരജയപ്പെട്ടവളാണെന്ന് പറഞ്ഞാണ് ജയശ്രീ സംഭാഷണം അവസാനിപ്പിച്ചത്.

തിങ്കഴാഴ്ച ബെംഗളൂരുവിലെ റീഹാബിലിറ്റേഷൻ സെന്ററിൽ വച്ചായിരുന്നു ജയശ്രീയുടെ മരണം. തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കഴിഞ്ഞ വർഷം മരണത്തെ കുറിച്ച് ജയശ്രീ ഫേസ്‌ബുക്കിൽ പങ്കുവച്ച പോസ്റ്റ് എറെ ചർച്ചകൾക്ക് വിധേയമാകുകയും തുടർന്ന് താരം തന്നെ അത് ഡിലീറ്റ് ചെയ്യുകയുമായിരുന്നു. ''ഞാൻ മതിയാക്കുന്നു. ഈ നശിച്ച ലോകത്തോടും വിഷാദത്തോടും എന്നന്നേക്കുമായി വിട...' എന്നായിരുന്നു 2020 ജൂൺ 23ന് ജയശ്രീ സോഷ്യൽ മീഡിയയിൽ കുറിച്ചത്.

പിന്നീട് 2020 ജൂലൈ 25ന് സോഷ്യൽ മീഡിയയിൽ ലൈവിൽ വന്ന ജയശ്രീ താൻ വിഷാദരോഗത്തിന് അടിമപ്പെട്ടിരിക്കുകയാണെന്നും പബ്ലിസിറ്റിക്ക് വേണ്ടിയല്ല ഇത് തുറന്നു പറയുന്നതെന്നും വ്യക്തമാക്കിയിരുന്നു. ഡിപ്രഷനുമായി പൊരുതാൻ സാധിക്കുന്നില്ലെന്നും മരണം മാത്രമാണ് തന്റെ മുന്നിലുള്ള ഏക രക്ഷയെന്നും ജയശ്രീ പറഞ്ഞിരുന്നു. വ്യക്തിപരമായി നിരവധി പ്രശ്‌നങ്ങളിലൂടെയാണ് കടന്നു പോകുന്നത്. സാമ്പത്തിക പ്രശ്‌നങ്ങൾ ഇല്ല. കുട്ടിക്കാലം മുതൽ താൻ വഞ്ചിക്കപ്പെട്ടിരുന്നുവെന്നും അതിൽ നിന്നും പുറത്തുകടക്കാൻ സാധിച്ചിട്ടില്ലെന്നും നടി ലൈവിൽ പറഞ്ഞിരുന്നു.

ബിഗ് ബോസ് കന്നഡ സീസൺ 3 ന്റെ മത്സരാർത്ഥിയായിരുന്നു ജയശ്രീ രാമയ്യ. 2017 ൽ പുറത്തിറങ്ങിയ ഉപ്പു ഹുലി ഖര എന്ന ചിത്രത്തിലൂടെയാണ് അഭിനയ അരങ്ങേറ്റം കുറിച്ചത്. ഇമ്രാൻ സർദാരിയയാണ് ചിത്രം സംവിധാനം ചെയ്തത്. മഹേന്ദ്ര സംവിധാനം ചെയ്ത ബ്ലാക്ക് എന്ന സിനിമയിലും അവർ അഭിനയിച്ചു. മോഡലിങ് രംഗത്തു നിന്നാണ് ജയശ്രീ സിനിമയിൽ എത്തുന്നത്.