കൊച്ചി: കൊച്ചിയിൽ യുവനടിയെ ആക്രമിച്ച കേസിലെ പ്രതികളെ ഇന്ന് അറസ്റ്റു ചെയ്‌തേക്കും. രണ്ട് പ്രതികളെയും പൊലീസ് തിരിച്ചറിഞ്ഞെന്നാണ് പുറത്തുവരുന്ന വിവരം. കഴിഞ്ഞ ദിവസം പ്രതികളുടെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് കേസിൽ നിർണായകമായ വഴിത്തിരിവുണ്ടായത്. സിസി ടിവി ദൃശ്യങ്ങൾ കണ്ട് പ്രതികളെ തിരിച്ചറിഞ്ഞ ചിലർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു എന്നാണ് പുറത്തുവരുന്ന വിവരം.

്പ്രതികൾ മറ്റു ജില്ലക്കാരാണെന്ന് പൊലീസ് ഇന്നലെ സൂചിപ്പിച്ചിരുന്നു. ഇവർ മലപ്പുറം സ്വദേശികളാണെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ച സൂചന. സൈബൽ സെല്ലിന്റെ സഹായത്തോടെ ടവർ ലൊക്കേഷൻ ഉൾപ്പെടെ പരിശോധിച്ച് സംശയിക്കുന്നവർ തന്നെയാണ് പ്രതികളെന്ന് സ്ഥിരീകരിച്ച് അറസ്റ്റ് രേഖപ്പെടുത്താനാണ് പൊലീസിന്റെ നീക്കം.

വ്യാഴാഴ്ച വൈകീട്ടാണ് കേസിനാസ്പദമായ സംഭവം. കുടുംബത്തോടൊപ്പം കൊച്ചിയിലെ മാളിൽ എത്തിയ തന്നെ രണ്ട് ചെറുപ്പക്കാർ അപമാനിച്ചെന്നും ശരീരത്തിൽ സ്പർശിച്ചശേഷം പിന്തുടർന്നുവെന്നും നടി സാമൂഹിക മാധ്യമത്തിലൂടെയാണ് വെളിപ്പെടുത്തിയത്. ഇത് ശ്രദ്ധയിൽപ്പെട്ട കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ വിജയ് സാഖറെ അന്വേഷണം നടത്താൻ കളമശ്ശേരി പൊലീസിന് നിർദ്ദേശം നൽകുകയായിരുന്നു.

പ്രതികൾ എറണാകുളം ഭാഗത്തു നിന്ന് മാളിലേക്ക് എത്തിയതായാണ് പൊലീസ് കരുതുന്നത്. ശേഷം ഇവർ ഇതേ ഭാഗത്തേക്ക് പോയതാണ് പൊലീസിന്റെ നിഗമനം. മാളിലെ സി.സി.ടി.വി. ദൃശ്യങ്ങളിൽ നിന്ന് പ്രതികൾ മാസ്‌ക് ധരിച്ചാണ് മാളിനുള്ളിൽ പ്രവേശിച്ചതെന്ന് കണ്ടെത്തിയിരുന്നു. കോവിഡ് പ്രോട്ടോകോൾ പ്രകാരം മാളിനുള്ളിലേക്ക് പ്രവേശിക്കുമ്പോൾ പേരും ഫോൺ നമ്പറും എഴുതി നൽകേണ്ടതുണ്ട്. എന്നാൽ, ഇവർ ഇത് രേഖപ്പെടുത്താൻ കൂട്ടാക്കിയിരുന്നില്ല.

വ്യാഴാഴ്ച വൈകീട്ട് 5.15-ന് മാളിൽ കടന്ന പ്രതികൾ ഹൈപ്പർ മാർക്കറ്റിലാണ് പ്രവേശിച്ചത്. അവിടെ കറങ്ങിനടന്നതല്ലാതെ സാധനങ്ങളൊന്നും വാങ്ങിയില്ല. ശേഷം 8.30-ന് മെട്രോയിൽ മടങ്ങുകയായിരുന്നു. ഇവർ മെട്രോയിൽ നിന്ന് ഇറങ്ങി റെയിൽവേ സ്റ്റേഷനിലെത്തിയതായും പൊലീസിന് വിവരമുണ്ട്. അവിടെ തീവണ്ടിയില്ല എന്നു കണ്ടതോടെ റോഡ് മാർഗം ഇവിടെനിന്ന് കടന്നതായാണ് കരുതുന്നത്. ഇതിനാൽത്തന്നെ പ്രതികൾ ജില്ലയ്ക്കു പുറത്തുനിന്നുള്ളവരാണെന്നാണ് പൊലീസ് കരുതിയത്.

അതേസമയം മാസ്‌ക് ധരിച്ചതിനാൽ പ്രതികളെ തിരിച്ചറിയാൻ കഴിയാത്തതാണ് പൊലീസിനെ കുഴക്കുന്നത്. അതേസമയം, ദൃശ്യങ്ങൾ പുറത്തുവിട്ടതോടെ ഇവരെ പരിചയമുള്ളവർക്ക് എളുപ്പത്തിൽ തിരിച്ചറിയാൻ കഴിയുമെന്നാണ് കരുതുന്നത്. മാളിൽ പേരോ നമ്പറോ നൽകാതെ കബളിപ്പിച്ച പ്രതികൾ ഒരു സാധനം പോലും മാളിൽനിന്ന് വാങ്ങിയിട്ടില്ലെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

പൊലീസിന് പുറമേ വനിതാ കമ്മിഷനും യുവജന കമ്മിഷനും സംഭവത്തിൽ സ്വമേധയാ കേസെടുത്തിട്ടുണ്ട്. നടിയുടെ മൊഴി ശനിയാഴ്ച എടുക്കാൻ വനിതാ കമ്മിഷൻ തീരുമാനിച്ചിരുന്നെങ്കിലും നടി ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് സ്ഥലത്തില്ലാത്തതിനാൽ മൊഴിയെടുക്കാൻ സാധിച്ചില്ല. ഷൂട്ടിങ് കഴിഞ്ഞ് എത്തിയാൽ നേരിട്ട് കണ്ട് മൊഴിയെടുക്കുമെന്ന് വനിത കമ്മിഷൻ അധ്യക്ഷ എം.സി. ജോസഫൈൻ അറിയിച്ചു.

നിരവധി പേർ വന്നു പോകുന്ന ഷോപ്പിങ് മാളിൽ നടന്ന സംഭവം ഏറെ ഞെട്ടിച്ചെന്നും സ്ത്രീകളുടെ സുരക്ഷ വർദ്ധിപ്പിക്കണമെന്നും നടിയുടെ മാതാവ് നേരത്തെ മറുനാടനോട് പറഞ്ഞിരുന്നു. നടി ഇൻസ്റ്റാഗ്രാമിൽ തനിക്ക് നേരിട്ട അപമാനം പങ്കുവച്ചപ്പോൾ നിരവധി സ്ത്രീകൾ സമാനമായ അനുഭവം മാളിൽ വച്ച് നേരിട്ടുണ്ടെന്നും ഫോണിൽ വിളിച്ചു പറഞ്ഞു എന്നും മാതാവ് പറഞ്ഞു. സംഭവത്തിൽ ഇതുവരെയും പൊലീസിൽ പരാതി നൽകിയിട്ടില്ല. പുതിയ സിനിമയുടെ ഷൂട്ടിങ് തുടങ്ങുന്നതിനാൽ കേസിന് പിന്നാലെ പോകാൻ സമയമില്ല. കേസ് കൊടുത്ത് അവരെ കണ്ടെത്തി വരുമ്പോഴേക്കും ദിവസങ്ങൾ കഴിഞ്ഞിരിക്കും. അതിനാലാണ് കേസ് കൊടുക്കാത്തതെന്നും നടിയുടെ അമ്മ പറഞ്ഞു.

നടിയും സഹോദരിയും മാതാവും ബന്ധുവും കൂടിയാണ് ലുലുമാളിൽ എത്തിയത്. മാതാവും ബന്ധുവും സാധനങ്ങൾ വാങ്ങാനായി മറ്റൊരു സ്ഥലത്തേക്ക് പോയി. നടിയും സഹോദരിയും ഈ സമയം ഹൈപ്പർമാർക്കറ്റിൽ കയറി സാധനങ്ങൾ എടുക്കുകയായിരുന്നു. അവിടെ യാതൊരു തിരക്കുമില്ലാതിരുന്നപ്പോളാണ് രണ്ടു യുവാക്കൾ മനഃപൂർവ്വം വന്ന് നടിയുടെ ശരീരത്തിൽ തട്ടുകയും ശരീരഭാഗങ്ങളിൽ സ്പർശിക്കുകയും ചെയ്തത്.

എന്താണ് സംഭവിച്ചതെന്ന് മനസ്സിലാകാതെ നിന്നപ്പോൾ നടിയുടെ സഹോദരി എത്തി അവർ മനഃപൂർവ്വം വന്ന് ശരീരത്തിൽ സ്പർശിച്ചതാണെന്ന് പറയുകയായിരുന്നു. പിന്നീട് യുവാക്കൾ നടിയുടെ സമീപത്തെത്തി എന്തെങ്കിലും കുഴപ്പമുണ്ടോ എന്ന് ചോദിക്കുകയും പുതിയ സിനിമ ഏതാണെന്നുമൊക്കെ ചോദിച്ചു. എന്നാൽ നടി അവരോട് പരുഷമായി സംസാരിച്ച് അവിടെ നിന്നും തിരികെ പോരുകയായിരുന്നു. വീട്ടിലെത്തിയ ശേഷം നടി ഇൻസ്റ്റാഗ്രാമിൽ വിവരം പങ്കു വച്ചപ്പോഴാണ് സംഭവം പുറത്തറിയുന്നത്.