കൊച്ചി: കൊച്ചിയിൽ യുവനടിയെ അപമാനിച്ച സംഭവത്തിൽ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്ന് പൊലീസ്. വൈറസ് പരിശോധന ഫലം വന്ന ശേഷം പ്രതികളെ കോടതിയിൽ ഹാജരാക്കും. നടി മാപ്പ് സ്വീകരിച്ചെങ്കിലും കേസുമായി മുന്നോട്ട് പോകാനാണ് പൊലീസിന്റെ തീരുമാനം.നടി കൊച്ചിയിലെത്തിയാൽ മൊഴിയെടുക്കും. അതിനിടെ പ്രതികളുടെ കുടുംബം ഒത്തുതീർപ്പിന് ശ്രമിച്ചെന്നാണ് സൂചന.

അത്യന്തം നാടകീയമായാണ് നടിയെ അപമാനിച്ച കേസിലെ പ്രതികളായ റംഷാദിനെയും ആദിലിനെയും ഇന്നലെ രാത്രി പൊലീസ് കസ്റ്റഡിയിലെടുത്തത്. കളമശേരി പൊലീസ് സ്റ്റേഷനിൽ കീഴടങ്ങാനായി അഭിഭാഷകനൊപ്പം പ്രതികൾ സഞ്ചരിച്ചിരുന്ന വാഹനം പൊലീസ് സ്റ്റേഷന് ഒരു കിലോമീറ്റർ അകലെയുള്ള കുസാറ്റ് ജംഗ്ഷനിൽ വച്ച് പൊലീസ് തടഞ്ഞു.കസ്റ്റഡിയിലെടുത്ത പ്രതികളെ പൊലീസ് പിന്നീട് മാധ്യമങ്ങളുടെ കണ്ണു വെട്ടിച്ച് ചോദ്യം ചെയ്യാനായി രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റുകയായിരുന്നു.

ഇതിനിടെയാണ് പ്രതികൾക്ക് മാപ്പ് നൽകിയെന്നറിയിച്ച് ഇൻസ്റ്റഗ്രാമിലൂടെ അപമാനത്തിനിരയായ നടി രംഗത്തെത്തിയത്. പിന്തുണച്ച പൊലീസിനും മാധ്യമങ്ങൾക്കും കുടുംബത്തിനും നടി നന്ദി അറിയിച്ചു. നേരത്തെ ബോധപൂർവ്വം അപമാനിക്കാൻ ശ്രമിച്ചതല്ലെന്നും മാപ്പ് പറയാൻ തയ്യാറാണെന്നും പറഞ്ഞുകൊണ്ടുള്ള വീഡിയോ പ്രതികളായ റംഷാദും ആദിലും പുറത്തുവിട്ടിരുന്നു

വ്യാഴാഴ്ച വൈകീട്ടാണ് കേസിനാസ്പദമായ സംഭവം. കുടുംബത്തോടൊപ്പം കൊച്ചിയിലെ മാളിൽ എത്തിയ തന്നെ രണ്ട് ചെറുപ്പക്കാർ അപമാനിച്ചെന്നും ശരീരത്തിൽ സ്പർശിച്ചശേഷം പിന്തുടർന്നുവെന്നും നടി സാമൂഹിക മാധ്യമത്തിലൂടെയാണ് വെളിപ്പെടുത്തിയത്. ഇത് ശ്രദ്ധയിൽപ്പെട്ട കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ വിജയ് സാഖറെ അന്വേഷണം നടത്താൻ കളമശ്ശേരി പൊലീസിന് നിർദ്ദേശം നൽകുകയായിരുന്നു.