അടൂർ: തനിക്കെതിരേ നിരന്തരം വാർത്ത പ്രസിദ്ധീകരിക്കുന്ന മറുനാടനെ പൂട്ടാൻ നൂതനമായ വഴിയുമായി സിപിഎം അടൂർ ഏരിയാ സെക്രട്ടറി അഡ്വ. എസ്. മനോജ്. തനിക്കെതിരേ വാർത്ത പ്രസിദ്ധീകരിക്കുന്നത് നിർത്താൻ മറുനാടൻ മലയാളി ചീഫ് എഡിറ്റർ ഷാജൻ സ്‌കറിയ ഏഴു ലക്ഷം രൂപ ഇടനിലക്കാർ മുഖേനെ ആവശ്യപ്പെട്ടുവെന്ന് കാട്ടി മനോജ് അടൂർ പൊലീസിൽ പരാതി നൽകി. പരാതി കിട്ടാത്ത താമസം കേസിൽ എഫ്ഐആർ ഇട്ട് അടൂർ പൊലീസ് മാതൃകയും കാട്ടി.

ഇടനിലക്കാരായ രണ്ടു പത്ര പ്രവർത്തകർ മുഖേനെ താൻ ഷാജനുമായി ബന്ധപ്പെട്ടുവെന്നാണ് മനോജ് പറയുന്നത്. ഇവർ രണ്ടു പേർക്കും മറുനാടനുമായി ഒരു ബന്ധവുമില്ലെന്നതാണ് ഏറെ രസകരം.അഡ്വ. എസ്. മനോജിന്റെ തട്ടിപ്പുകൾക്കെതിരേ മറുനാടൻ നിരന്തരം വാർത്ത നൽകിയിരുന്നു. ഈ വാർത്തകളുടെ സോഴ്സ് അടൂരിലെ സ്വതന്ത്ര മാധ്യമ പ്രവർത്തകനും പത്തനംതിട്ടയിലെ മുതിർന്ന മാധ്യമ പ്രവർത്തകനുമാണെന്ന് മനോജിനെ ആരോ ധരിപ്പിച്ചിരുന്നു. ഇതിന്റെ പേരിലാണ് ഇരുവരെയും ടാർജറ്റ് ചെയ്തത്. ഇരുവരെയും ഷാജനൊപ്പം പ്രതി ചേർത്തിട്ടുണ്ട്.

അടൂരിൽ നിന്നുള്ള മാധ്യമ പ്രവർത്തകൻ ആദ്യകാലത്ത് മറുനാടന്റെ ലേഖകനായിരുന്നു. ഇപ്പോൾ സ്വതന്ത്ര മാധ്യമപ്രവർത്തനം നടത്തുന്നു. പത്തനംതിട്ടയിൽ നിന്നുള്ള മാധ്യമ പ്രവർത്തകനും ഷാജൻ സ്‌കറിയയും തമ്മിൽ വർഷങ്ങളുടെ സൗഹൃദമുണ്ട്. ഇതാണ് മനോജിന്റെ സംശയത്തിന് കാരണം.

സിപിഎം ഏരിയാ സെക്രട്ടറിയെന്ന നിലയിൽ മനോജ് നടത്തിയ ക്രമക്കേടും സാമ്പത്തിക തട്ടിപ്പും അഴിമതിയും സ്വജനപക്ഷപാതവും ഒന്നൊന്നായി മറുനാടൻ വെളിച്ചത്തു കൊണ്ടു വന്നിരുന്നു. അതിനെതിരേ കോടതിയെ സമീപിച്ചാൽ വിജയിക്കില്ലെന്ന് കണ്ടതോടെ പ്രസ് കൗൺസിലിന് പരാതി നൽകാൻ മനോജ് തീരുമാനിച്ചിരുന്നു. ഈ വിവരം കഴിഞ്ഞ ദിവസം മറുനാടൻ വാർത്തയാക്കിയിരുന്നു.

ഒരാഴ്ച മുൻപ് തന്നെ ഷാജനെതിരേ ബ്ലാക് മെയിൽ കേസ് നൽകാനുള്ള നീക്കം മനോജ് ആരംഭിച്ചിരുന്നു. ഇതിനായി അടൂരിലെ ചില പ്രാദേശിക പത്രപ്രവർത്തകരും സഹായം നൽകി. ഇന്നലെ വൈകിട്ട് അടൂർ ടൂറിസ്റ്റ് ഹോം മൈതാനത്ത് നിന്നിരുന്ന സ്വതന്ത്ര മാധ്യമ പ്രവർത്തകനെ മനോജും ഗുണ്ടകളും ചേർന്ന് തടഞ്ഞു വച്ച് ഭീഷണി മുഴക്കി. ഈ ദൃശ്യം വീഡിയോയിൽ ചിത്രീകരിക്കുകയും ചെയ്തു.

അതിന് ശേഷം ഇയാളെ ഭീഷണിപ്പെടുത്തി ഫോൺ കൈക്കലാക്കി അതിൽ നിന്നും പത്തനംതിട്ടയിലെ മാധ്യമ പ്രവർത്തകനെ വിളിച്ചു. തനിക്കെതിരായ വാർത്തകളുടെ സോഴ്സ് നിങ്ങൾ രണ്ടു പേരുമല്ലേ എന്ന് ചോദിച്ചു. ആ വിവരം അദ്ദേഹം നിഷേധിക്കുകയും ചെയ്തു. നിങ്ങൾ നിങ്ങളുടെ പാർട്ടിക്കാരോട് തന്നെ ചോദിക്കൂവെന്നാണ് പത്തനംതിട്ടയിലെ മാധ്യമ പ്രവർത്തകൻ പറഞ്ഞത്.

ഇതോടെ കാൾ കട്ടാക്കിയ മനോജ് അടൂരിലെ മാധ്യമ പ്രവർത്തനെ പോകാനും അനുവദിച്ചു. അതിന് ശേഷം ഇന്ന് രാവിലെ അടൂർ സ്റ്റേഷനിലെത്തി മനോജ് തന്നോട് ഷാജനും കൂട്ടരും പണം ചോദിച്ചെന്ന് കാട്ടി പരാതി നൽകുകയും ഉടനടി പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്യുകയുമായിരുന്നു. ഭരണ സ്വാധീനം ഉപയോഗിച്ച് കേസെടുപ്പിച്ച് മറുനാടനെ പൂട്ടാമെന്ന കണക്കൂ കൂട്ടലിലാണ് മനോജ്.