ആലപ്പുഴ: ജില്ലയിലെ ബിജെപിയുടെ സൗമ്യമുഖമായിരുന്നു ഇന്ന് രാവിലെ ക്രൂരമായി കൊല ചെയ്യപ്പെട്ട അഡ്വ. രഞ്ജിത്ത് ശ്രീനിവാസൻ. ആലപ്പുഴയുടെ തീരദേശ മേഖലയിൽ നിന്ന് ധീവര സമുദായത്തിന്റെ ശബ്ദമായി ബിജെപിയുടെ നേതൃനിരയിലേക്ക് എത്തിയയാൾ. സൗമ്യമായ മുഖത്തോടെ പ്രശ്നങ്ങളെ നോക്കിക്കണ്ടിരുന്ന വ്യക്തിയായിരുന്നു അദ്ദേഹം.യാതൊരുവിധ ക്രിമിനൽ പശ്ചാത്തലവും അദ്ദേഹത്തിന് ഉണ്ടായിരുന്നില്ല.

പാർട്ടിയുടെ ജില്ലാ നേതൃത്വ പദവിയിൽ നിന്ന് ഓബിസി മോർച്ചയുടെ സംസ്ഥാന സെക്രട്ടറി പദത്തിലേക്ക് എത്തിയത് ഇക്കഴിഞ്ഞ പുനഃസംഘടനയിലൂടെയാണ്. ഇന്ന് രാവിലെ 11 ന് എറണാകുളത്ത് പുനഃസംഘടിപ്പിക്കപ്പെട്ട ഓബിസി മോർച്ച സംസ്ഥാന കമ്മറ്റിയുടെ ആദ്യ യോഗത്തിന് പോകാനുള്ള തയ്യാറെടുപ്പിലായിരുന്നു രഞ്ജിത്ത്. മകനെ വീടിന് അടുത്തു തന്നെ ട്യൂഷൻ പഠിക്കാൻ കൊണ്ടു വിട്ട ശേഷം എറണാകുളത്ത് പോകാൻ തയ്യാറെടുക്കുമ്പോഴാണ് അക്രമി സംഘം എത്തിയത്.

ടിപിയെ കൊന്നതു പോലെ മുഖത്തു തുരുതുരാ വെട്ടിയാണ് കൊല നടത്തിയത്. രഞ്ജിത്തിന്റെ മരണം ഉറപ്പാക്കിയാണ് സംഘം പോയത്. മുഖം വെട്ടി വികൃതമാക്കിയെന്ന് രഞ്ജിത്തിന്റെ സുഹൃത്തായ ബിജെപി നേതാവ് പറഞ്ഞു. എസ്ഡിപിഐക്ക് സ്വാധീനമുള്ള മേഖലയിലാണ് രഞ്ജിത്തിന്റെ വീട്. രാഷ്ട്രീയ പരമായോ തൊഴിൽ പരമായോ ശത്രുക്കൾ ഇല്ലാത്തയാളാണ് രഞ്ജിത്ത്. ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് എന്ന പദവിയിൽ നിന്നാണ് ഓബിസി മോർച്ച സംസ്ഥാന സെക്രട്ടറി പദവിയിലേക്ക് എത്തിയത്.

നാട്ടുകാർക്കും സഹപ്രവർത്തകർക്കുമെല്ലാം രഞ്ജിത്തിനെ കുറിച്ച് നല്ല വാക്കുകളേ പറയാനുള്ളൂ. അതേ സമയം, സംസ്ഥാനത്തെ താക്കോൽ സ്ഥാനത്ത് ഇരിക്കുന്ന ബിജെപി നേതാക്കൾക്ക് വേണ്ടത്ര സുരക്ഷയില്ലെന്ന് പരാതിയുണ്ട്. ഭീഷണി നിലനിൽക്കുന്ന കെ. സുരേന്ദ്രനെപ്പോലുള്ള നേതാക്കൾക്കാണ് സുരക്ഷയില്ലാത്തത്.