കൊൽക്കത്ത: പശ്ചിമ ബംഗാൾ ഗവർണർ ജഗദീപ് ധങ്കറെ പരിഹസിച്ച് തൃണമൂൽ കോൺഗ്രസ് നേതാൃവ് മഹുവ മൊയ്ത്ര എംപി. മുഖ്യമന്ത്രി മമത ബാനർജിക്കെതിരെ വിമർശനം ഉന്നയിച്ചതിന് പിന്നാലെയായിരുന്നു മഹുവയും പരിഹാസവുമായി രംഗത്തുവന്നത്. ഒരു ദിവസം തന്നെ അഞ്ച് ചാനൽ പരിപാടികളിൽ പങ്കെടുത്ത് ഇങ്ങനെ ഓടി നടന്നാൽ ബിജെപി നേതാക്കൾക്ക് പണിയില്ലാതാകുമല്ലോ എന്നായിരുന്നു മഹുവയുടെ പ്രതികരണം.

ബംഗാൾ ഗവർണർ ചുരുങ്ങിയത് അഞ്ച് പ്രൈം ടൈം ടിവി പരിപാടികളിൽ പങ്കെടുത്തുകാണും. ഇങ്ങനെപോയാൽ ബിജെപി വക്താക്കൾക്ക് പണിയില്ലാതാകുമല്ലോ,'' മഹുവ പരിഹസിച്ചു. ഗവർണറെ അങ്കിൾ എന്നു വിളിച്ചുകൊണ്ടായിരുന്നു പരിഹാസം.

ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി നദ്ദയുടെ വാഹനവ്യൂഹത്തിന് നേരെയുണ്ടായ ആക്രമണത്തിന് പിന്നാലെ കേന്ദ്രവും ബംഗാൾ സർക്കാരും തമ്മിലുള്ള തർക്കം രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. പശ്ചിമ ബംഗാളിൽ ക്രമസമാധാന നില തകരാറിലാണെന്ന് ജഗദീപ് ധങ്കർ റിപ്പോർട്ട് നൽകിയിരുന്നു. മമത ബാനർജി തീ കൊണ്ട് കളിക്കാൻ നിൽക്കരുതെന്നും ധങ്കർ വെല്ലുവിളി നടത്തിയിരുന്നു.