കൊച്ചി: കമ്മീഷൻ നൽകാത്തതിനെ തുടർന്ന് ബാലതാരങ്ങളെ ഭീഷണിപ്പെടുത്തുകയും ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ച് അപമാനിക്കുകയും ചെയ്തതായി പരാതി. നേര്യമംഗലം സ്വദേശികളായ ഗോകുൽ, ഗോപിക എന്നീ ബാല താരങ്ങളെയാണ് ജൂനിയർ ആർട്ടിസ്റ്റുകളെ നൽകുന്ന മുത്തു എന്ന ഏജന്റും കൂട്ടാളികളും ഇനി അഭിനയിക്കാൻ സമ്മതിക്കില്ലെന്ന് ഭീഷണിപ്പെടുത്തുകയും ചിത്രങ്ങൾ പ്രചരിപ്പിച്ച് ഇവരെ ആരും അഭിനയിക്കാൻ വിളിക്കരുതെന്നും ആഹ്വാനം ചെയ്തത്.

ഗോകുലം സ്‌കൂളിന്റെ പരസ്യ ചിത്രത്തിൽ അഭിനയിച്ചതിന് കിട്ടിയ പ്രതിഫലത്തിൽ നിന്നും തുക നൽകാതിരുന്നതിനെ തുടർന്നാണ് മുത്തു ഇത്തരത്തിൽ കുട്ടികളുടെ ചിത്രം പ്രചരിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതെന്നാണ് ആരോപണം. സംഭവത്തെ പറ്റി കുട്ടികളുടെ പിതാവ് പ്രദീപ് പറയുന്നതിങ്ങനെയാണ്:

ഗോകുലം സ്‌കൂളിന്റെ പരസ്യ ചിത്രത്തിൽ അഭിനയിക്കുവാനായി മുത്തു കുട്ടികളെ വിളിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ എറണാകുളത്ത് വച്ച് ഓഡിഷൻ നടക്കുകയും സെലക്ട് ചെയ്യുകയും ചെയ്തു. പ്രധാന വേഷം ചെയ്തത് ഗോകുലായിരുന്നു. പരസ്യം നിർമ്മാണത്തിന്റെ ചുമല കവിത എന്ന യുവതിക്കായിരുന്നു. ഇവർ ഏജന്റിന് അഭിനയിച്ചവരുടെ പ്രതിഫലം നൽകാതെ കുട്ടികളുടെ അക്കൗണ്ടിലേക്ക് നേരിട്ട് നൽകുകയായിരുന്നു. 12,000 രൂപയാണ് പ്രതിഫലം ഗോകുലിന് ലഭിച്ചത്. ഇത് തെറ്റി വന്ന തുകയാണെന്നും അതിൽ നിന്നും 8,000 രൂപ തിരികെ വേണമെന്നുമായിരുന്നു മുത്തുവിന്റെ ആവശ്യം. എന്നാൽ ഇതിൽ സംശയം തോന്നി പ്രദീപ് കവിതയെ ബന്ധപ്പെട്ടപ്പോൾ അഭിയിച്ചതിന്റെ പ്രതിഫലമാണ് തന്നിരിക്കുന്നതെന്നും അതിൽ നിന്നും മുത്തു എന്ന ഏജന്റിന് പണം നൽകേണ്ട എന്നും അറിയിച്ചു. കാരണം കുട്ടികളെ അഭിനയിക്കാനായി എത്തിച്ചതിന് പ്രത്യേകം പ്രതിഫലം അവർക്ക് നൽകിയിട്ടുള്ളതു കൊണ്ടായിരുന്നു.

തുക നൽകില്ലെന്ന് അറിഞ്ഞതോടെ മുത്തുവും സംഘവും കുട്ടികളെയും പിതാവിനെയും ഭീഷണിപ്പെടുത്തി. ഇനി കുട്ടികൾ ഒരു സിനിമയിലോ പരസ്യത്തിലോ അഭിനയിക്കാൻ അനുവദിക്കില്ലെന്നായിരുന്നു ഭീഷണി. കൂടാതെ ഇവർ ഗോകുലിന്റെയും സഹോദരി ഗോപികയുടെയും ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ച് ആരും ഇവരെ അഭിനയിക്കാൻ വിളിക്കരുതെന്ന് ആഹ്വാനം ചെയ്യുകയും ചെയ്തു. 'ഈ കുട്ടികളെ ഷൂട്ടിങ്ങിന് വിളിക്കുന്നവരുടെ ശ്രദ്ധക്ക്. ഇവരെ ഷൂട്ടിങ്ങിന് വിളിക്കുമ്പോൾ പെയ്മെന്റ് എഗ്രിമെന്റ് എഴുതിയതിന് ശേഷം മാത്രം വിളിക്കുക. കാരണം, ഇവർ കോർഡിനേറ്റർമാരെ ചവിട്ടി താഴ്‌ത്തി പ്രൊഡക്ഷൻ കൺട്രോളറുടെ അടുത്തും അവരെയും ചവിട്ടി താഴ്‌ത്തി ഡയറക്ടരുടെ കയ്യിൽ നിന്നും നേരിട്ട് പേയ്മെന്റ് മേടിക്കും. അപ്പോൾ അതിന് താഴെയുള്ള ഈ കോർഡിനേറ്റർമാരും പ്രൊഡക്ഷൻ കൺട്രോളർമാരും ഒന്നുമല്ലാത്തവരായി മാറും. ഇത് എല്ലാ കോർഡിനേറ്റർമാർക്കും അയക്കുക'. ഈ സന്ദേശത്തോടെയാണ് കുട്ടികളുടെ ചിത്രങ്ങൾ ഇവർ പ്രചരിപ്പിച്ചത്.

ഇതിന് ശേഷം കുട്ടികൾക്ക് അവസരങ്ങൾ കുറഞ്ഞു. അങ്ങനെയിരിക്കെയാണ് മറുനാടൻ കോട്ടയം കടുത്തുരുത്തി സ്വദേശികളായ മൂന്നു ബാലതാരങ്ങളെ ഏജന്റ് മുത്തുവും സംഘവും പ്രതിഫലം നൽകാതെ കബളിപ്പിച്ച വാർത്ത ഇവരുടെ ശ്രദ്ധയിൽപ്പെടുന്നത്. ഇതോടെയാണ് ഈ വിവരങ്ങൾ മറുനാടനെ അവർ അറിയിച്ചത്. മിന്നൽ മുരളി എന്ന ചിത്രത്തിൽ ഗോപിക അഭിനയിച്ചെങ്കിലും 600 രൂപ മാത്രമാണ് പ്രതിഫലം നൽകിയത്. വൈകുന്നേരം 4 മണിക്ക് ഷൂട്ടിങ് ലൊക്കേഷനിലെത്തി പിറ്റേന്ന് പുലർച്ചെയായിരുന്നു മടക്കം. ദിവസങ്ങളോളം രാത്രി മുഴുവൻ അഭിനയിച്ചിട്ടും കിട്ടിയത് തുച്ഛമായ പ്രതിഫലമാണ്. ഇത് ഇടനിലക്കാർ തട്ടിയെടുത്ത ശേഷമുള്ള തുകയാണെന്നാണ് അവർ പറയുന്നത്.

കവിതയുടെ ഇടപെടലോടെയാണ് കുട്ടികൾക്ക് ഇവരുടെ തട്ടിപ്പ് മനസ്സിലാക്കാൻ കഴിഞ്ഞത്. കുട്ടികളെ വാഹനത്തിൽ ഷൂട്ടിങ് നടക്കുന്ന തുറവൂരിൽ എത്തിക്കണമെന്നായിരുന്നു ഏജന്റുമാരോട് ആവശ്യപ്പെട്ടത്. എന്നാൽ കുട്ടികൾ സ്വന്തം മാർഗ്ഗത്തിലാണ് അവിടെ എത്തിയത്. എന്നാൽ ഏജന്റുമാർ 5 വാഹനങ്ങളിലാണ് കുട്ടികളെ എത്തിച്ചതെന്നും അതിന്റെ വാടകയും ആവശ്യപ്പെട്ടു. ഷൂട്ടിങ് ലൊക്കേഷനിൽ കുട്ടികളെ കൊണ്ടു വന്ന വാഹനം കാണാതിരുന്നതിനാൽ കുട്ടികളെ ബന്ധപ്പെട്ടപ്പോഴാണ് ഏജന്റുമാരുടെ കള്ളക്കളി ബോധ്യപ്പെട്ടത്. ഇതോടെയാണ് കുട്ടികളുടെ അക്കൗണ്ടിലേക്ക് പണം നേരിട്ട് നക്ഷേപിക്കാൻ തീരുമാനിച്ചത്. ആദ്യം ഇവർ എതിർത്തെങ്കിലും പിന്നീട് നിർദ്ദേശം അംഗീകരിക്കുകയായിരുന്നു. പലരോടും 1,000 രൂപയാണ് പ്രതിഫലമെന്ന് പറഞ്ഞാണ് വിളിച്ചു വരുത്തിയിരുന്നത്

അതേ സമയം സിനിമാ, സീരിയൽ രംഗങ്ങളിൽ ഇത്തരത്തിൽ നിരവധി കുട്ടികളെയാണ് ഏജന്റുമാർ ചൂഷണം ചെയ്യുന്നത്. ആരോടും പരാതി പറയാത്തതിനാൽ ഏജന്റുമാർ ചൂഷണം തുടരുകയാണ്. പരാതി പറയുന്നവരെ പിന്നീട് ഇവർ വിളിക്കുകയുമില്ല, വാട്ടാസാപ്പ് ഗ്രൂപ്പുകളിൽ പ്രചരിപ്പിച്ച് അപമാനിക്കുകയും ചെയ്യും. ഇത്തരം സംഭവങ്ങൾ ബാലവകാശ കമ്മീഷൻ ഇടപെട്ട് നിയമ നടപടികൾ സ്വീകരിക്കേണ്ടതാണ്. ഇനിയും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ശ്രദ്ധയും വേണം.