തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിലെ തോൽവിക്ക് ശേഷം കോൺഗ്രസിൽ നടന്നത് വലിയ ചർച്ചകളാണ്. നേതൃമാറ്റം അടക്കം ഉയർന്നെങ്കിലും അതൊന്നും എളുപ്പത്തിൽ നടക്കില്ലെന്ന് എല്ലാവർക്കും അറിയാം. അതുകൊണ്ട് തന്നെ ഇക്കുറി കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങൾ എഐസിസി നേരിട്ടു നടത്താനാണ് തയ്യാറെടുക്കുന്നത്. രാഹുൽ ഗാന്ധി എംപിയായിരിക്കുന്ന സംസ്ഥാനത്ത് വിജയത്തിൽ കുറഞ്ഞൊന്നും കോൺഗ്രസ് ആഗ്രഹിക്കുന്നില്ല. അതുകൊണ്ട് തന്നെയാണ് ഐഎസിസി നേരിട്ടു തെരഞ്ഞെടുപ്പിൽ ഇടപെടാൻ തയ്യാറെടുക്കുന്നത്.

ഓരോ മണ്ഡലത്തിലെയും സ്ഥിതി മനസ്സിലാക്കുന്ന പ്രക്രിയ കേന്ദ്ര നേതൃത്വം 7ന് കോഴിക്കോട്ട് തുടങ്ങും. ഇതിനായി 2016ലെ തിരഞ്ഞെടുപ്പിൽ ജയിച്ചതും തോറ്റതുമായ നേതാക്കളുടെ മേഖലാതല യോഗം വിളിച്ചു ചേർത്തു. മലബാറിലെ 5 ജില്ലകളിലെ അറുപതോളം മണ്ഡലങ്ങളിലെ അനുഭവങ്ങളാണ് എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവറിന്റെ നേതൃത്വത്തിലുള്ള സംഘം പരിശോധിക്കുന്നത്. ഇതിനു തുടർച്ചയായി മധ്യ, തെക്കൻ മേഖലാ യോഗങ്ങളും ചേരും. എംപിമാർ, എംഎൽഎമാർ, കെപിസിസി ഭാരവാഹികൾ എന്നിവരെ കൂടാതെയാണ് 2016ൽ പരാജയപ്പെട്ടവരെയും വിളിക്കുന്നത്. സാഹചര്യം അവലോകനം ചെയ്യും, ഉച്ചയ്ക്കു ശേഷം ഓരോരുത്തരെയും എഐസിസി സംഘം പ്രത്യേകം കാണും. കഴിഞ്ഞ തിരഞ്ഞെടുപ്പിലെ വിജയ, പരാജയ കാരണങ്ങൾ മനസ്സിലാക്കി തുടർനടപടികളാണു ലക്ഷ്യം.

ഇന്നലെ രാത്രി തലസ്ഥാനത്തെത്തിയ എഐസിസി സംഘം ഇന്നു കെപിസിസി വൈസ് പ്രസിഡന്റുമാർ, ജനറൽ സെക്രട്ടറിമാർ, സെക്രട്ടറിമാർ എന്നിവരുടെ 2 യോഗങ്ങളിൽ പങ്കെടുക്കും. തദ്ദേശ തിരഞ്ഞെടുപ്പു തോൽവിയുടെ അടിസ്ഥാനത്തിൽ ഉദ്ദേശിക്കുന്ന സംഘടനാ അഴിച്ചുപണിക്ക് ഇന്നും നാളെയുമായി നടക്കുന്ന ചർച്ചകളിൽ ധാരണയാകുമെന്നു കരുതുന്നു. എഐസിസി ചില നിർദ്ദേശങ്ങളുമായാണു പ്രതിനിധികളെ അയയ്ക്കുന്നതെന്നു നേതാക്കൾ പറഞ്ഞു. ജനപ്രതിനിധികൾ ഡിസിസി അധ്യക്ഷ പദം വഹിക്കുന്ന എറണാകുളം, പാലക്കാട്, വയനാട് ജില്ലകളിൽ പുതിയ ഡിസിസി പ്രസിഡന്റുമാർ വരും. തദ്ദേശ തിരഞ്ഞെടുപ്പിൽ തീർത്തും നിറംകെട്ട ഡിസിസികളിലും മാറ്റം ഉണ്ടാകും.

പുതിയ ഡിസിസി പ്രസിഡന്റിനെ നിയമിക്കുമ്പോൾ ഗ്രൂപ്പ് മാനദണ്ഡമാകില്ലെന്നു കേരള നേതൃത്വത്തെ എഐസിസി അറിയിച്ചു. ജില്ലയിൽ കോൺഗ്രസിനെ നയിക്കാൻ ഏറ്റവും യോജ്യനായ ആളെത്തന്നെ നിയോഗിക്കും. ഈ ജില്ല, അല്ലെങ്കിൽ മണ്ഡലം ഈ ഗ്രൂപ്പിന് എന്ന മട്ടിലുള്ള വീതംവയ്പ് അനുവദിക്കില്ല. തദ്ദേശ തിരഞ്ഞെടുപ്പ് സ്ഥാനാർത്ഥി നിർണയം പാളിയത് ഈ വീതംവയ്പു മൂലമാണെന്നാണു നേതൃത്വത്തിന്റെ നിലപാട്.

പോഷക സംഘടനാ ഭാരവാഹികളുടെ യോഗവും എഐസിസി പ്രതിനിധികളുടെ സാന്നിധ്യത്തിൽ ചേരുന്നുണ്ട്. 10 ദിവസത്തോളം സംഘം കേരളത്തിൽ തുടരും. അതേസമയം യുവാക്കൾക്ക് അടക്കം കൂടുതൽ പരിഗണന സ്ഥാനാർത്ഥിപട്ടികയിൽ ലഭിക്കുമെന്നാണ് ലഭിക്കുന്ന വിവരം. ഈ ആവശ്യം ശക്തമാക്കാൻ യൂത്ത് കോൺഗ്രസും തയ്യാറെടുക്കുന്നുണ്ട്. പാർട്ടിയുടെ പൊതുവായ താൽപര്യം സംരക്ഷിക്കാൻ ഗ്രൂപ്പിന് അതീതമായി കോൺഗ്രസിൽ യുവാക്കളുടെ മുന്നേറ്റമുണ്ടാകുമെന്നു യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ എംഎൽഎ, വൈസ് പ്രസിഡന്റ് കെ.എസ്. ശബരീനാഥൻ എംഎൽഎ എന്നിവർ വ്യക്തമാക്കിയിട്ടുണ്ട്. മലമ്പുഴയിൽ നടന്ന യൂത്ത് കോൺഗ്രസ് സംസ്ഥാന ഭാരവാഹികളുടെയും ജില്ലാ പ്രസിഡന്റുമാരുടെയും ക്യാംപിൽ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു ഇരുവരും.

സംസ്ഥാനത്തെ നേതാക്കന്മാർക്കു മുന്നിലും എഐസിസിയുടെ മുന്നിലും ഈ വിഷയം അവതരിപ്പിക്കും. വിജയസാധ്യതയുള്ളവർക്കു മുന്നിൽ ഗ്രൂപ്പ് തടസ്സമാകരുത്. തദ്ദേശ തിരഞ്ഞെടുപ്പിൽ ചെറുപ്പക്കാർക്ക് അവസരം കൊടുത്ത സ്ഥലങ്ങളിൽ മികച്ച വിജയമുണ്ടായി. തോറ്റ സ്ഥലങ്ങളിൽപോലും നല്ല പ്രകടനമാണു കാഴ്ചവച്ചത്.

അതു പാർട്ടിയെ ബോധ്യപ്പെടുത്തും. 1967ൽ കോൺഗ്രസിന്റെ വലിയ തോൽവിക്കുശേഷം ചെറുപ്പക്കാർക്കായി വാദിച്ചവർ അതു മറന്നിട്ടില്ലെന്നു കരുതുന്നു. അവസരം കിട്ടിയ പ്രായവും അവർ ഓർക്കുന്നുണ്ടാകും. വരുന്ന തിരഞ്ഞെടുപ്പിൽ യുഡിഎഫ് യുവത്വം നയിക്കുന്ന പാനലിനെ അവതരിപ്പിക്കാൻ കോൺഗ്രസ് മുൻകൈയെടുക്കണം. ചെറുപ്പക്കാർ മാത്രമല്ല, ജനപിന്തുണയുള്ള പുതുമുഖങ്ങളും എല്ലാ ജില്ലയിലെയും സ്ഥാനാർത്ഥി പട്ടികയിൽ ഉണ്ടാകണം.

നേതാക്കന്മാർ സമകാലികരായി പ്രവർത്തിച്ചവർക്കു മാത്രം സീറ്റ് കൊടുത്തു സംരക്ഷിച്ചതാണു പല സ്ഥലങ്ങളിലും തോൽവിക്കു കാരണമായത്. സ്ഥാനാർത്ഥി പട്ടികയിൽ 'ഏജ് ഓഡിറ്റ്' നടത്താൻ പാർട്ടി തയാറാകണം. പാർട്ടിയിലെ അഴിച്ചുപണി സമീപനത്താലാണു വേണ്ടതെന്നും ഇരുവരും പറഞ്ഞു.

ക്യാംപിൽ നടന്ന സംഘടനാ ചർച്ചയിലും നേതൃത്വത്തിനെതിരെ വിമർശനം ഉയർന്നു. ഷാഫി അടക്കമുള്ളവർ ഇവിടെയും ഗ്രൂപ്പുകൾക്കെതിരെ നിലപാടെടുത്തെന്നാണു സൂചന. കെപിസിസി തന്നെ പിരിച്ചുവിടണമെന്നും കുറച്ചുപേർക്ക് എംഎൽഎമാരാകാനുള്ള ഇടത്താവളം മാത്രമായി യൂത്ത്‌കോൺഗ്രസ് മാറിയെന്നുമുള്ള കടുത്ത വിമർശനങ്ങളും ഭാരവാഹികളിൽനിന്ന് ഉണ്ടായി. ഇന്നലെ വൈകിട്ട് സമാപിക്കേണ്ടിയിരുന്ന ക്യാംപ് ചർച്ചകൾ തുടർന്നതോടെ ദീർഘിപ്പിച്ചു.