ന്യൂഡൽഹി: അഫ്ഗാനിസ്ഥാനിലെ താലിബാന്റെ കൊടിയേറ്റം സസൂക്ഷ്മം നിരീക്ഷിച്ചു ഇന്ത്യ. കാബൂൾ പിടിച്ചതോടെ അഫ്ഗാനിൽ ഇനി അവരുടെ യുഗം വരുമെന്ന് ഉറപ്പാണ്. അഫ്ഗാനിൽ നിന്നും ഇന്ത്യയിലേക്ക് അഭയാർഥി പ്രവാഹം ഇന്ത്യ പ്രതീക്ഷിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ എന്തു നടപടികൾ കൈക്കൊള്ളണം എന്ന കാര്യത്തിൽ അടക്കം ഇന്ത്യ തീരുമാനം കൈക്കൊള്ളും. അതേസമയം അഫ്ഗാനിലെ ഇന്ത്യക്കാരെ രക്ഷിക്കുക എന്ന ദൗത്യം രാജ്യം ഏതാണ്ട് പൂർത്തീകരിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.

കാബൂളിൽ നിന്ന് 129 യാത്രക്കാരുമായി എയർ ഇന്ത്യ വിമാനം ഡൽഹിയിലെത്തിയിരുന്നു. ഇന്നലെ വൈകിട്ട് ആറിന് കാബൂളിൽനിന്നു പുറപ്പെട്ട വിമാനം രാത്രി എട്ടോടെയാണ് ഡൽഹിയിലെത്തിയത്. ഉച്ചയ്ക്കു ഡൽഹിയിൽനിന്നു പുറപ്പെട്ട വിമാനം മണിക്കൂറുകൾ നീണ്ട അനിശ്ചിതത്വത്തിനു ശേഷമാണു കാബൂളിൽ ലാൻഡ് ചെയ്തത്.

നഗരത്തിന്റെ പ്രാന്തപ്രദേശങ്ങളെല്ലാം താലിബാൻ വളഞ്ഞിരുന്നതിനാൽ കാബൂൾ എയർ ട്രാഫിക് കൺട്രോളിൽ ലാൻഡ് ചെയ്യാൻ വിമാനം ഏറെ സമയമെടുത്തിരുന്നു. അഫ്ഗാനിലെ സാഹചര്യം സൂക്ഷ്മമായി നിരീക്ഷിക്കുകയാണ് ഇന്ത്യ. കാബൂളിലെ നയതന്ത്ര ഉദ്യോഗസ്ഥരെ ഒഴിപ്പിക്കുന്നതിൽ തീരുമാനം വൈകാതെയെടുക്കുമെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു.

അടിയന്തരഘട്ടത്തിൽ വിമാനങ്ങൾ അയച്ച് ഉദ്യോഗസ്ഥരെ ഒഴിപ്പിക്കാനുള്ള പദ്ധതി തയാറാക്കിയിട്ടുണ്ടെന്നാണ് സൂചന. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ നേതൃത്വത്തിൽ സ്ഥിതി വിലയിരുത്തി. നിരവധി അഫ്ഗാൻ പൗരന്മാരും ഇന്ത്യയിലേക്ക് വരാൻ അപേക്ഷ നൽകിയിട്ടുണ്ട്. പ്രസിഡണ്ടിന്റെ കൊട്ടാരത്തിൽ വരെ ഭീകരരുടെ ആധിപത്യം ഉറച്ചതോടെ എങ്ങനെയും രക്ഷപ്പെടാനുള്ള ശ്രമത്തിൽ കാബൂൾ വിമാനത്താവളത്തിലെ റൺവേയിൽ പോലും അവർ കൂട്ടംകൂടുന്ന സ്ഥിതിയാണുള്ളത്. പ്രസിഡണ്ട് നാടുവിട്ട വാർത്ത പുറത്തായതോടെ കാബൂളിലെ ഹമീദ് കർസായി വിമാനത്താവളങ്ങളിലേക്ക് ആയിരക്കണക്കിന് വിദേശികളും ഒഴുകിയെത്തി.

അമേരിക്കൻ പൗരന്മാരെ സുരക്ഷിതരായി നാട്ടിലെത്തിക്കൻ അമേരിക്കൻ സൈന്യവും രംഗത്തെത്തിയതോടെ വിമാനത്താവള പരിസരങ്ങളിൽ നിന്നും വെടിയൊച്ചകൾ കേട്ടതായി പ്രദേശവാസികൾ പറയുന്നു. വാണിജ്യ വിമാന സർവ്വീസുകൾ റദ്ദ് ചെയ്തതായും സൈനിക വിമാനങ്ങൾ മാത്രമാണ് ഇപ്പോൾ സർവ്വീസ് നടത്തുന്നതെന്നും നാറ്റോ വക്താവ് അറിയിച്ചു. എയർപോർട്ടിന്റെ പ്രവർത്തനങ്ങൾ നടന്നുപോകാൻ ആവശ്യമായ സഹായങ്ങൾ ഇപ്പോൾ നൽകുന്നത് നാറ്റോയാണ്.

അതേസമയം, ആയുധങ്ങളുമേന്തി തലസ്ഥാന നഗരിയിൽ പ്രവേശിച്ച താലിബാൻ ഭീകരർ നഗരത്തിൽ ചുറ്റുകയാണ്. ഉപേക്ഷിക്കപ്പെട്ടുപോയ പ്രസിഡണ്ടിന്റെ കൊട്ടാരത്തിലും അവർ എത്തിച്ചേർന്നിട്ടുണ്ട്. വരും ദിവസങ്ങളിൽ പലരുമായും കൂടിയാലോചനകൾ നടത്തുമെന്നും തുറന്ന സമീപനമുള്ള,എല്ലാ വിഭാഗങ്ങളേയും ഉൾക്കൊള്ളുന്ന ഇസ്ലാമിക നിയമത്തിൽ അടിസ്ഥാനമായ ഒരു സർക്കാർ രൂപീകരിക്കുമെന്നും താലിബാൻ വക്താവ് സുഹൈൽ ഷഹീൻ അറിയിച്ചു.

പൗരന്മാരെ ഒഴിപ്പിക്കുന്ന നാറ്റൊ സഖ്യത്തിന്റെ നടപടിയെ എതിർക്കുകയില്ലെന്ന് പറഞ്ഞ താലിബാൻ പക്ഷെ സന്നദ്ധ സംഘടനകളും എംബസികളും അഫ്ഗാനിൽ തുടരണമെന്ന് ആവശ്യപ്പെട്ടു. അവർക്ക് നേരെ യാതൊരു വിധത്തിലുള്ള ആക്രമങ്ങളും ഉണ്ടാകില്ലെന്നും അവർ ഉറപ്പു പറയുന്നു. എന്നാൽ, അഫ്ഗാൻ പൗരന്മാരെ നാടുവിടാൻ അനുവദിക്കില്ലെന്നും താലിബാൻ വ്യക്തമാക്കി. അതേസമയം, ബ്രിട്ടനുമായി സഹകരിച്ചു പ്രവർത്തിച്ച പരമാവധി അഫ്ഗാൻകാരെ രാജ്യത്തിന് വെളിയിൽ എത്തിക്കാൻ ശ്രമിക്കുമെന്ന നിലപാടാണ് ബോറിസ് ജോൺസന്റേത്.

തീവ്രവാദികൾ നഗരം വളഞ്ഞതോടെ പ്രസിഡണ്ട് അഷറഫ് ഘാനി രാജ്യം വിട്ടതായ റിപ്പോർട്ടുകൾ പുറത്തുവന്നു. ഇതോടെ കാര്യങ്ങൾ കൂടുതൽ വഷളാവുകയാണ് എന്ന് പ്രധാനമന്ത്രിയും സമ്മതിച്ചു. രാജ്യം വീണ്ടും സഖ്യകക്ഷികളുടെ പിടിയിൽ ആകാതിരിക്കാൻ ബ്രിട്ടനും സഖ്യകക്ഷികളും സഹായിക്കും എന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം തുടർന്നു. നിലവിൽ 600 ബ്രിട്ടീഷ് സൈനികരാണ് അഫ്ഗാനിസ്ഥാനിലുള്ളത്. തങ്ങളുടെ പൗരന്മാരെ സുരക്ഷിതമായി രാജ്യം വിടുന്നതിൽ സഹായിക്കുക എന്നതാണ് അവരുടെ ദൗത്യം.

മറ്റു പാശ്ചാത്യ രാജ്യങ്ങളും തങ്ങളുടെ പൗരന്മാരെ ഒഴിപ്പിക്കുന്ന തിരക്കിലാണ്. അമേരിക്കൻ എംബസിയിൽ നിന്നും വിമാനത്താവളത്തിലേക്ക് ഹെലികോപ്റ്ററുകൾ തുടരെത്തുടരെ സർവ്വീസ് നടത്തുകയാണ്. എംബസിയിൽ നിന്നും കനത്ത പുക ഉയരുന്നുണ്ട്. അതീവ പ്രാധാന്യമുള്ള പല രേഖകളും കത്തിച്ചു നശിപ്പിക്കുകയാണെന്നാണ് പുറത്തുവരുന്ന സ്ഥിരീകരിക്കാത്ത ചില റിപ്പോർട്ടുകളിൽ പറയുന്നത്. അതേ സമയം എംബസി ജീവനക്കാരെയെല്ലാം സുരക്ഷിതമായി വിമാനത്താവളത്തിനടുത്തുള്ള ഒരു സങ്കേതത്തിൽ എത്തിച്ചതായി അമേരിക്കൻ സൈനിക വക്താവ് അറിയിച്ചു. വരുന്ന ഒന്നോ രണ്ടോ ദിവസങ്ങൾക്കുള്ളിൽ കാബൂൾ എംബസിയിലെ ഒട്ടുമിക്ക ജീവനക്കാരെയും തിരിച്ച് അമേരിക്കയിൽ എത്തിക്കും എന്നാണ് റോയിറ്റേഴ്സ് റിപ്പോർട്ട് ചെയ്യുന്നത്.