തിരുവനന്തപുരം: സിപിഐഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എ.കെ.ജി സെന്ററിനെതിരെ ബോംബേറിലെ അന്വേഷണം നിർണ്ണായകമാകും. കോൺഗ്രസിനെയാണ് സിപിഎം പ്രതിക്കൂട്ടിൽ നിർത്തുന്നത്. അതുകൊണ്ട് തന്നെ ബോംബ് എറിയാൻ എത്തിയത് ആരെന്നത് നിർണ്ണായകമാണ്. എകെജി സെന്ററിന് തൊട്ടു താഴെ കുന്നുകുഴിയാണ്. സിപിഎമ്മിന് നിർണ്ണായക സ്വാധീനമുള്ള സ്ഥലം. ഇതുവഴിയാണ് രാത്രിയിൽ അക്രമി എത്തിയത്. നിരവധി ഇടറോഡുകളും ഉണ്ട്. ഈ ഭാഗത്തെ സിസിടിവികൾ എല്ലാം പൊലീസ് അരിച്ചു പെറുക്കും. പ്രതിയിലേക്ക് അതിവേഗം എത്താനാണ് ഇതെല്ലാം. നിലവിൽ കിട്ടിയ ദൃശ്യങ്ങളിൽ വാഹന നമ്പർ വ്യക്തമല്ല. ഇത് പൊലീസ് അന്വേഷണത്തിൽ തെളിയുമെന്നാണ് പ്രതീക്ഷ.

എകെജി സെന്ററിലെ ഹാളിലേക്കുള്ള ഗേറ്റിലാണ് ബോംബ് എറിഞ്ഞത്. രാത്രി 11.30 ഓടെയാണ് സംഭവം.എകെജി സെന്ററിന്റെ അടുത്തുകൂടി കുന്നുകുഴി ഭാഗത്തേക്ക് പോകുന്ന റോഡിൽ നിന്നും സ്‌കൂട്ടറിൽ വന്ന ഒരാൾ ബോംബ് എറിയുന്ന സിസിടിവി ദൃശ്യം പുറത്തുവന്നത്. ബോംബ് എറിഞ്ഞ ഇയാൾ അതിവേഗം ഓടിച്ചു പോവുകയായിരുന്നു. മുന്നിലെ ഗേറ്റിൽ പൊലീസുകാർ ഉണ്ടായിരുന്നു. എകെജി സെന്റർ ആക്രമിച്ചത് സിപിഎമ്മിനെ വികാരപരമായി മുറിവേൽപ്പിച്ചിട്ടുണ്ട്. ഭരണമുള്ളപ്പോഴും എകെജി സെന്ററിനെ സംരക്ഷിക്കാൻ കഴിഞ്ഞില്ലെന്നതാണ് വസ്തുത. നിയമസഭാ സമ്മേളനകാലമായതു കൊണ്ടു തന്നെ ഈ പരിസരത്തെല്ലാം കർശന സുരക്ഷയുണ്ട്. ഇതിനിടെയാണ് ആക്രമണം.

പ്രതിയെ കണ്ടെത്തിയാൽ ഗൂഢാലോചനയിലേക്കും അന്വേഷണം നീളും. സ്‌ഫോടക വസ്തു ഉപയോഗിച്ചതു കൊണ്ടു തന്നെ ഭീകരവാദ വകുപ്പുകൾ പോലും ചേർത്ത് കേസെടുക്കാൻ പൊലീസിന് കഴിയും. വിശദമായ അന്വേഷണം ആരംഭിച്ചതായി സിറ്റി പൊലീസ് കമ്മീഷ്ണർ അറിയിച്ചു. സംഭവ സ്ഥലത്ത് ഫോറൻസിക് പരിശോധന നടത്തി. സർക്കാരിനെതിരായ വിവാദങ്ങളിൽ നിന്ന് ശ്രദ്ധതിരിക്കാൻ സിപിഎം തന്നെ നടത്തിയ നാടകമാണെന്ന ആരോപണം കോൺഗ്രസ് ഉയർത്തുമോ എന്നത് നിർണ്ണായകമാണ്. ഏതായാലും ബോംബ് എറിഞ്ഞ ആളിനെ കണ്ടെത്തിയാൽ സംഭവത്തിൽ വ്യക്തത വരും.

എ.കെ.ജി. സെന്ററിന്റെ പിൻഭാഗത്തുള്ള എ.കെ.ജി. ഹാളിന്റെ ഗേറ്റിലേക്കാണ് സ്ഫോടകവസ്തു എറിഞ്ഞത്. ഇവിടെ മതിലിൽ തട്ടി സ്ഫോടകവസ്തു പൊട്ടിത്തെറിച്ചു. കുന്നുകുഴി ഭാഗത്തുനിന്ന് ഇരുചക്ര വാഹനത്തിലെത്തിയ ആളാണ് കൃത്യം ചെയ്തതെന്ന് സി.സി.ടി.വി. ദൃശ്യങ്ങളിൽനിന്നു വ്യക്തമാണ്. വാഹനം നിർത്തിയ ശേഷം കൈയിലുണ്ടായിരുന്ന ബാഗിൽനിന്ന് സ്ഫോടകവസ്തു എടുത്തെറിയുന്നത് ദൃശ്യത്തിലുണ്ട്. എറിഞ്ഞശേഷം തിരിച്ച് കുന്നുകുഴി ഭാഗത്തേക്ക് വാഹനം വേഗം ഓടിച്ചുപോകുകയും ചെയ്തു.

എ.കെ.ജി. സെന്ററിന്റെ മുഖ്യകവാടത്തിൽ പൊലീസ് കാവൽ ഉണ്ടായിരുന്നെങ്കിലും ഹാളിന്റെ ഗേറ്റിനു സമീപം പൊലീസ് ഉണ്ടായിരുന്നില്ല. ശബ്ദംകേട്ടാണ് അവർ ഓടിയെത്തിയത്. സംഭവം നടക്കുമ്പോൾ ഇ.പി.ജയരാജനും പി.കെ. ശ്രീമതിയും ഓഫീസിനകത്തുണ്ടായിരുന്നു. എ.കെ.ജി. സെന്ററിന്റെ സമീപമുള്ള വീടുകളിലെയും സ്ഥാപനങ്ങളിലെയും സി.സി.ടി.വി. ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചു. അടുത്തകാലത്ത് എ.കെ.ജി. സെന്ററിലെ സി.സി.ടി.വി.കൾ പുനഃസ്ഥാപിച്ചിരുന്നു. ഇതെല്ലാം അന്വേഷണത്തിൽ നിർണ്ണായകമാകും. അക്രമി എത്തിയ സ്‌കൂട്ടർ കണ്ടെത്തുന്നതും നിർണ്ണായകമാണ്.

സംഭവം നടന്ന് മിനിറ്റുകൾക്കുള്ളിൽ പോളിറ്റ് ബ്യൂറോ അംഗം എംഎ ബേബി അടക്കം മുതിർന്ന സിപിഎം നേതാക്കൾ എകെജി സെന്ററിൽ എത്തി. മന്ത്രിമാരും, സിപിഐ നേതാക്കളും, എൽഡിഎഫ് നേതാക്കളും എത്തി. എംഎൽഎമാരും, എംപിമാരും വന്നു. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും പ്രവർത്തകരും എകെജി സെന്ററിന് മുന്നിൽ തടിച്ചുകൂടി. ഡിവൈഎഫ്ഐ, എസ്എഫ്ഐ നേതൃത്വത്തിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധ പ്രകടനങ്ങളും നടന്നു. പത്തനംതിട്ടയിൽ പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തും തള്ളും ഉണ്ടായി. കോഴിക്കോടും പ്രകടനം നടന്നു.

ആക്രമണത്തെ തുടർന്ന് പൊലീസ് കനത്ത ജാഗ്രതയിലാണ്. തിരുവനന്തപുരം നഗരത്തിൽ കൂടുതൽ പൊലീസിനെ വിന്യസിച്ചു . കണ്ണൂരിൽ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്റേയും കെപിസിസി പ്രസിഡന്റ് കെ.സുധാകരന്റെയും വീടുകൾക്ക് സുരക്ഷ വർധിപ്പിച്ചു. കണ്ണൂർ ഡി.സി.സി ഓഫിസിനും സിപിഎം ജില്ലാ കമ്മിറ്റി ഓഫിസിനും സുരക്ഷകൂട്ടി. നൈറ്റ് പട്രോളിങ് ശക്തമാക്കി. കമ്മിഷണറുടെ നേതൃത്വത്തിൽ സ്ഥിതി വിലയിരുത്തുന്നു. രാഹുൽ ഗാന്ധി വരുന്നത് കണത്തിലെടുത്ത് വിമാനത്താവളത്തിലും വൻ സുരക്ഷയൊരുക്കും. വിവിധ ജില്ലകളിലെ രാഷ്ട്രീയ പാർട്ടി ഓഫീസുകൾക്കും സുരക്ഷ വർദ്ധിപ്പിച്ചിട്ടുണ്ട്.

ഏകെജി സെന്ററിനെതിരെ നടന്നത് ആസൂത്രിതമായ ആക്രമണമെന്നും പാർട്ടി പ്രവർത്തകർ സംയമനം പാലിക്കണമെന്നും എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ അഭ്യർത്ഥിച്ചു.