തിരുവനന്തപുരം: സദാചാര പൊലീസ് ചമഞ്ഞ് നാലു യുവാക്കൾ ഭീഷണിപ്പെടുത്തിയതിലും അപകീർത്തിപ്പെടുത്തിയതിലും വച്ചുള്ള മനോവിഷമത്താൽ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിന്റെ കേസ് ഡയറി ഫയൽ ഹാജരാക്കാൻ തിരുവനന്തപുരം ആറാം ജില്ലാ സെഷൻസ് കോടതി ഉത്തരവിട്ടു.

തിരുവനന്തപുരം റൂറൽ വെള്ളറട പൊലീസ് സർക്കിൾ ഇൻസ്‌പെക്ടറോട് ഏപ്രിൽ 13 ന് കേസ് ഡയറി ഹാജരാക്കാൻ ജഡ്ജി കെ.എൻ. അജിത് കുമാറാണ് ഉത്തരവിട്ടത്. കുന്നത്തുകാൽ ചാവടി നരിയൂർ കരുണാലയത്തിൽ സുരേഷ് കുമാറിന്റെ ഭാര്യ അക്ഷര (36) യാണ് കൈ ഞരമ്പ് മുറിച്ച ശേഷം ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി ജീവിതം അവസാനിപ്പിച്ചത്.

ആത്മഹത്യ പ്രേരണ കേസിൽ ഒളിവിൽ കഴിയുന്ന ഒന്നു മുതൽ നാലുവരെ പ്രതികളായ വെള്ളറട കുന്നത്തുകാൽ ചാവടി സ്ഥലവാസികളായ മണികണ്ഠൻ എന്ന ശ്രീജിത്ത് , സുബാഷ് , വിഷ്ണു , രഞ്ജിത് എന്ന ശ്രീജിത് എന്നിവർ സമർപ്പിച്ച മുൻകൂർ ജാമ്യ ഹർജികളിലാണ് കോടതി ഉത്തരവ്. ക്രിമിനൽ നടപടി ക്രമത്തിലെ വകുപ്പ് 438 പ്രകാരമുള്ള മുൻകൂർ ജാമ്യ ഹർജിയിൽ വെള്ളറട പൊലീസ് മാർച്ച് 30 ന് സമർപ്പിച്ച റിപ്പോർട്ട് തൃപ്തികരമല്ലാത്തതിനാലാണ് കേസ് ഡയറി കോടതി വിളിച്ചു വരുത്തുന്നത്.

ഫെബ്രുവരി 18 വ്യാഴാഴ്ച രാത്രിയിലാണ് നാടിനെ ദുഃഖത്തിലാഴ്‌ത്തിയ സംഭവം നടന്നത്. നാറാണിയിലെ ടെക്സ്റ്റയിൽസ് ജീവനക്കാരിയായിരുന്നു അക്ഷര. സമീപത്ത് പണമിടപാട് സ്ഥാപനം നടത്തുന്ന പരശുവയ്ക്കൽ സ്വദേശി ബിജു യുവതിയുടെ ഭർത്താവിന് കടം നൽകിയ പണം വാങ്ങാനായി വീട്ടിൽ വന്നപ്പോൾ പരിസരവാസികളായ പ്രതികൾ സദാചാര പൊലീസ് ചമഞ്ഞ് അയാളെ തടഞ്ഞുവെച്ച് ഭീഷണിപ്പെടുത്തി. അക്ഷരയെയും അവർ ഭീഷണിപ്പെടുത്തി. ഭീഷണിയിലും അപകീർത്തിപ്പെടുത്തലിലും മനംനൊന്ത് യുവതി ആത്മഹത്യ ചെയ്‌തെന്ന ബന്ധുക്കളുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. എന്നാൽ പ്രതികൾ പൊലീസ് സ്റ്റേഷൻ പരിധിക്കകത്തുണ്ടായിട്ടും ഉന്നത രാഷ്ട്രീയ സ്വാധീനത്താൽ പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്യാതെ ഒളിവിൽ പോകാൻ അനുവദിച്ച് മുൻകൂർ ജാമ്യ ഹർജി സമർപ്പിക്കാൻ ഒത്താശ ചെയ്തതായി ആരോപണമുണ്ട്.

വ്യാഴാഴ്ച രാത്രിയിൽ ഗുരുതരമായി പൊള്ളലേറ്റ യുവതിയെ തിരുവനന്തപുരം മെഡിക്കൽ കോളേജാശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വെള്ളിയാഴ്ച വൈകിട്ടോടെ മരിച്ചു. യുവതിക്ക് രണ്ടു മക്കളുണ്ട്. പണമിടപാട് സ്ഥാപന ഉടമയെ അന്യായമായി തടഞ്ഞു വച്ച് ഭീഷണിപ്പെടുത്തിയ പരാതിയിലും വീട്ടമ്മയുടെ മരണത്തെത്തുടർന്നുള്ള ബന്ധുക്കളുടെ പരാതിയിലുമാണ് പൊലീസ് കേസെടുത്തത്.

ആത്മഹത്യാ പ്രേരണക്ക് ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പ് 306 പ്രകാരം ജാമ്യമില്ലാ കേസെടുത്തിട്ടും പ്രതികളെ അറസ്റ്റ് ചെയ്യാതെ പൊലീസ് ഒത്തു കളിക്കുകയായിരുന്നു. കേസന്വേഷണ വീഴ്ചകൾ കോടതി കണ്ടെത്തുമെന്ന് ഭയന്നാണ് പൊലീസ് റിപ്പോർട്ടിനൊപ്പം കേസ് ഡയറി കോടതിയിൽ ഹാജരാക്കാതെ പൊലീസ് മുക്കിയത്.

രാത്രി എട്ട് മണിക്ക് അക്ഷരയുടെ ഭർത്താവിനെ തേടി സുഹൃത്ത് വന്നതോടെയാണ് സംഭവങ്ങളുടെ തുടക്കം. വീട്ടിലേക്ക് എത്തിയ ആളെ ഒരു സംഘം തടഞ്ഞുനിർത്തി. ഇയാളെ കയ്യേറ്റം ചെയ്യുകയും അക്ഷരയുമായി അവിഹിത ബന്ധമുണ്ടെന്ന് ആരോപിച്ച് അധിക്ഷേപിക്കുകയും ചെയ്തു. ആരോപണങ്ങളിൽ മനംനൊന്ത അക്ഷര ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. യുവാവിനെ തടഞ്ഞുനിർത്തി കൈയേറ്റം ചെയ്തവർക്കെതിരെ വെള്ളറട പൊലീസ് കേസെടുത്തു. രണ്ട് കേസുകളാണ് രജിസ്റ്റർ ചെയ്തത്.