കോഴിക്കോട്: പന്തീരാകാവ് യുഎപിഎ കേസ് ഇനിയും സിപിഎമ്മിനെ വലിയ പ്രതിരോധത്തിലാക്കും. പൊലീസ് ഭാഷ്യം മാത്രമല്ല ഒരാളെ മാവോയിസ്റ്റ് ആക്കി മുദ്രകുത്തുന്നതിനുള്ള മാനദണ്ഡമെന്ന് അലൻ-താഹ കേസിലും കോടതി പറയുമ്പോൾ, ഭരണകൂടം സ്വേച്ഛാധിപതികളാണെന്നും ക്ഷമയോടെ കാത്തിരിക്കണമെന്നുമുള്ള അലന്റെ അമ്മ സബിത മഠത്തിലിന്റെ ഫേസ്‌ബുക്ക് കുറിപ്പിലെ പഴയ വാചകങ്ങളും ചർച്ചയാവുകയാണ്.

2019 നവംബർ ഒന്നിലെ പന്തീരങ്കാവ് യു.എ.പി.എ കേസിൽ സിപിഎമ്മിന് ഇനി വിശദീകരിക്കാൻ പെടാപാടുപെടും. തങ്ങളുടെ സജീവ പ്രവർത്തകരായ രണ്ട് ചെറുപ്പക്കാരെ കേരള പൊലീസ് മാവോയിസ്റ്റ് ബന്ധത്തിന്റെ പേരിൽ ആദ്യം അറസ്റ്റ് ചെയ്തപ്പോൾ അവരെ തള്ളാനും കൊള്ളാനുമാവാതെയായി നേതൃത്വം. കേസ് എൻ.ഐ.എ ഏറ്റെടുത്തതിന് പിന്നിലും കേരള സർക്കാരിന്റെ ഇടപടെലായിരുന്നു. പിടിക്കപ്പെട്ട രണ്ടുപേർക്കും മാവോയിസ്റ്റ് ബന്ധമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞതും സിപിഎമ്മിന് വിനയാണ്.

ഒടുവിൽ പത്ത് മാസത്തിനിപ്പുറം മാവോയിസ്റ്റ് ബന്ധത്തിന് തെളിവ് ഹാജരാക്കാൻ എൻ.ഐ.എക്ക് കഴിഞ്ഞില്ലെന്ന പ്രതിഭാഗം വാദം അംഗീകരിച്ച് അലനും താഹയും ജാമ്യം നേടി ജയിലിനു പുറത്തുവരുമ്പോൾ മാവോയിസ്റ്റ് ബന്ധം ആരോപിച്ച പൊലീസിനും തിരിച്ചടിയാണ്. രണ്ട് പാർട്ടി പ്രവർത്തകരെ മാവോയിസ്റ്റുകളാക്കിയ സിപിഎം നേതൃത്വത്തിനും ഇനി പല ചോദ്യങ്ങൾക്കും മറപടി പറയേണ്ടിവരും. യു.എ.പി.എ കരിനിയമമാണെന്ന് അനുഭവത്തിന്റെ വെളിച്ചത്തിൽ പറഞ്ഞ പി. ജയരാജൻ പോലും പന്തീരങ്കാവ് യു.എ.പി.എ കേസിനെ അംഗീകരിിച്ചിരുന്നു.

തങ്ങൾ മാവോയിസ്റ്റുകളാണെങ്കിൽ അതിനുള്ള തെളിവ് ഹാജരാക്കാൻ മുഖ്യമന്ത്രി തയ്യാറാവണമെന്നായിരുന്നു മാധ്യമങ്ങളോട് ഒരിക്കൽ അലൻ ഷുഹൈബ് പ്രതികരിച്ചത്. വായിക്കുകയും അഭിപ്രായം പറയുകയും ചെയ്യുന്നവരെ രാജ്യദ്രോഹികളാക്കുന്നവർക്കെതിരേ ശക്തമായി ശബ്ദമുയർത്തേണ്ട തങ്ങളുടെ പ്രസ്ഥാനംതന്നെ, പുസ്തകവും ലഘുലേഖയും കയ്യിൽ വെച്ചതിന്റെ പേരിൽ രണ്ടു കുട്ടികളെ മാവോയിസ്റ്റുകളാക്കുന്നതിൽ വലിയ വേദനയുണ്ടായെന്ന അലന്റെ അമ്മയുടെ പ്രതികരണവും അന്ന് വലിയ ചർച്ചയായിരുന്നു. ഇത് ഇനിയും ചർച്ചയായി തുടരും.

ആദ്യം അലനും താഹയും മാവോയിസ്റ്റുകളല്ലെന്ന് പറഞ്ഞ സിപിഎം ജില്ലാ നേതൃത്വം പോലും പിന്നീട് പൊതുയോഗങ്ങളിലടക്കം ഇവരെ പരസ്യമായി തള്ളിപ്പറഞ്ഞിരുന്നു. മുഖ്യമന്ത്രിയുടെ നിലപാട് വിശദീകരണമായിരുന്നു ഇതിന് കാരണം. ഇത് പരമാവധി മുതലാക്കാൻ പ്രതിപക്ഷം രംഗത്തെത്തിയതും പ്രതിപക്ഷ നേതാവടക്കം ഇരുവരുടെയും വീട് സന്ദർശിച്ചതും സിപിഎമ്മിനെ പ്രതിരോധത്തിലാക്കി. ഇതിനിടെയാണ് ചോദ്യംചെയ്യലുകൾക്ക് ശേഷവും തങ്ങളെ കസ്റ്റഡിയിൽ വെച്ചിരിക്കുകയാണെന്നും മാവോയിസ്റ്റ് ബന്ധത്തിന് ഒരു തെളിവും എൻ.ഐ.എക്ക് ഹാജരാക്കാൻ കഴിഞ്ഞില്ലെന്നും അലനും താഹയും വാദിച്ചത്. ഇത് കോടതിയും അംഗീകരിച്ചാണ് ജാമ്യം അനുവദിച്ചത്.

ലഘുലേഖയും പുസ്തകവും കണ്ടെടുത്തതുകൊണ്ടുമാത്രം ഒരാൾ മാവോയിസ്റ്റാവില്ലെന്ന ഹൈക്കോടതിയുടെ നിരീക്ഷണമുണ്ടായത് 2015-ൽ ശ്യാം ബാലകൃഷ്ണനെന്ന വയനാട്ടുകാരന്റെ കേസ് പരിഗണിച്ചപ്പോഴായിരുന്നു. വയനാട്ടിൽ വെച്ച് മാവോയിസ്റ്റാണെന്ന് ആരോപിച്ച് യു.എ.പി.എ ചാർത്തിയ കേസ് ഹൈക്കോടതി അന്ന് റദ്ദ് ചെയ്യുകയുംചെയ്തു. ഇത് തന്നെയാണ് അലന്റേയും താഹയുടേയും കേസിലും സംഭവിക്കുന്നത്.

അലനും താഹയ്ക്കും എൻ.ഐ.എ. കോടതി ജാമ്യം അനുവദിച്ചത് കർശന ഉപാധികളോടെയാണ്. വിദ്യാർത്ഥികളായ ഇരുവരുടെയും ചിന്താഗതികളിൽ മാറ്റമുണ്ടാക്കുന്നതിൽ രക്ഷിതാക്കളുടെ ഭാഗത്തുനിന്ന് ക്രിയാത്മക ഇടപെടലുണ്ടാകണമെന്നും കോടതി അഭിപ്രായപ്പെട്ടു. ഇരുവരുടെയും പാസ്‌പോർട്ട് കോടതിയിൽ കെട്ടിവെക്കണം, ഇരുവരും എല്ലാമാസവും ആദ്യ ശനിയാഴ്ച സ്വന്തം വീടിന്റെ പരിധിയിലുള്ള പൊലീസ് സ്റ്റേഷനിൽ ഹാജരായി ഒപ്പിടണം, എൻ.ഐ.എ. ആവശ്യപ്പെടുമ്പോൾ ഹാജരാകണം, സിപിഐ.(എം.എൽ.) സംഘടനയുമായി ഒരു ബന്ധവും പുലർത്തരുതെന്നും നിർദേശിച്ചിട്ടുണ്ട്.

ഏപ്രിൽ 27-ന് എൻ.ഐ.എ. അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഇതിനാൽ ഇനിയും കസ്റ്റഡിയിൽ ആവശ്യമില്ലെന്നുകാട്ടി ഇരുവരും സമർപ്പിച്ച ജാമ്യഹർജിയാണ് കോടതി പരിഗണിച്ചത്. കേസിൽ അലൻ ഒന്നാംപ്രതിയും താഹ രണ്ടാംപ്രതിയുമാണ്. മൂന്നാംപ്രതി ഉസ്മാൻ ഒളിവിലാണ്. കുറ്റപത്രത്തിൽ പറഞ്ഞ കാര്യങ്ങൾ തെളിയിക്കാൻ എൻ.ഐ.എ.യ്ക്ക് കഴിഞ്ഞിട്ടില്ലെന്ന് ഹർജിക്കാരുടെ അഭിഭാഷകർ വാദിച്ചു. തീവ്രസ്വഭാവമുള്ള സംഘടനകളുമായി ബന്ധപ്പെട്ട പുസ്തകങ്ങളും മറ്റും വായിച്ചത് ഇതിനെക്കുറിച്ചൊക്കെ മനസ്സിലാക്കാനുള്ള താത്പര്യംകൊണ്ടുമാത്രമായിരുന്നെന്നും വാദിച്ചു. മാവോവാദി സംഘടയുമായുള്ള ഇരുവരുടെയും ബന്ധത്തിന് വ്യക്തമായ തെളിവുണ്ടെന്ന് ചൂണ്ടിക്കാട്ടി എൻ.ഐ.എ. ജാമ്യാപേക്ഷയെ ശക്തമായി എതിർത്തിരുന്നു.

തൃശ്ശൂർ വിയ്യൂരിലെ അതിസുരക്ഷാ ജയിലിലാണ് ഇരുവരുമുള്ളത്. ബുധനാഴ്ച എൻ.ഐ.എ. കോടതി ഇരുവർക്കും ജാമ്യം അനുവദിച്ചെങ്കിലും ഉത്തരവ് ലഭിക്കാൻ വൈകിയതും ജാമ്യബോണ്ട് തയ്യാറാക്കുന്നതടക്കം വൈകിയതുമാണ് മോചനം വ്യാഴാഴ്ചയിലേക്കു നീണ്ടത്. 2019 നവംബർ ഒന്നിനാണ് ഇരുവരെയും മാവോയിസ്റ്റ് ബന്ധം ആരോപിച്ചു പന്തീരാങ്കാവ് പൊലീസ് അറസ്റ്റ് ചെയ്തത്. തുടർന്ന് അന്വേഷണം എൻഐഎ ഏറ്റെടുത്തു. 10 മാസമായി ജുഡീഷ്യൽ കസ്റ്റഡിയിലായിരുന്നു. ഇരുവരും മാവോയിസ്റ്റ് സംഘടനയുമായോ അതുമായി ബന്ധപ്പെട്ടവരുമായോ അടുപ്പം പുലർത്തുന്നുണ്ടോയെന്നു നിരീക്ഷിക്കാൻ പൊലീസിന് നിർദ്ദേശം നൽകിയിട്ടുണ്ട്.

കോടതി ജാമ്യം അനുവദിച്ചെങ്കിലും ഇരുവരും വിയ്യൂർ ജയിലിൽത്തന്നെ ഇന്നലെ തുടർന്നു. റിലീസ് മെമോ ജയിലിൽ എത്താതിരുന്നതും കർശന ജാമ്യവ്യവസ്ഥകൾ പാലിക്കാൻ ബന്ധുക്കൾക്കു കൂടുതൽ സമയം വേണ്ടിവന്നതുമാണ് ജയിൽവാസം തുടരാൻ വഴിയൊരുക്കിയത്. ഇന്നു പൊതു അവധി ആയതുകൊണ്ടു നടപടിക്രമങ്ങൾ പൂർത്തിയാക്കി നാളെ വൈകിട്ടേ ഇരുവർക്കും ജയിലിനു പുറത്തിറങ്ങാനാകൂ.