കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ ആർഎംപിയും യുഡിഎഫും തമ്മിൽ തെരഞ്ഞെടുപ്പ് ധാരണ പൂർത്തിയായി. ആർഎംപിയുടെ സ്വാധീന മേഖലകളായ ഒഞ്ചിയം, ഏറാമല, അഴിയൂർ, ചോറോട് ഗ്രാമപഞ്ചായത്തുകളിലേക്ക് യുഡിഎഫും ആർഎംപിയും സഖ്യമായി മത്സരിക്കും. വടകര ബ്ലോക്ക് പഞ്ചായത്തിലേക്കും പരസ്പര സഹകരണത്തോടെയായിരിക്കും മത്സരിക്കുക. ഇതിനായി ജനകീയ മുന്നണിയെന്ന പേരിൽ പുതിയ സഖ്യം രൂപീകരിച്ചു.

പുതിയ ധാരണ പ്രകാരം നാല് ഗ്രാമപഞ്ചായത്തുകളിൽ ആകെയുള്ള സീറ്റുകളിൽ 24 ഇടത്ത് ആർഎംപി മത്സരിക്കും. 25 വാർഡുകളിൽ കോൺഗ്രസും, 23 വാർഡുകളിൽ മുസ്ലിം ലീഗ് സ്ഥാനാർത്ഥികളുമാണ് മത്സരിക്കുന്നത്. 3 സീറ്റുകളിൽ സ്വതന്ത്രരാണ് മത്സരിക്കുന്നത്. അഴിയൂർ പഞ്ചായത്ത് എട്ടാം വാർഡിൽ വെൽഫയർപാർട്ടിയും സഖ്യത്തിന്റെ ഭാഗമായി മത്സരിക്കും. ഒഞ്ചിയം ഗ്രാമ പഞ്ചായത്തിൽ മാത്രമാണ് ആർഎംപി കൂടുതൽ സീറ്റുകളിൽ മത്സരിക്കുന്നത്. ഇവിടെ ആകെയുള്ള 17 സീറ്റിൽ 9 ഇടത്ത് ആർഎംപി മത്സരിക്കും. ബാക്കി സീറ്റുകൾ ലീഗും കോൺഗ്രസും ചേർന്ന് മത്സരിക്കും.

വടകര ബ്ലോക്ക് പഞ്ചായത്തിലെ മുഴുവൻ ഡിവിഷനിലേക്കും ജനകീയ മുന്നണിയായാണ് മത്സരിക്കുന്നത്. വടകര നഗരസഭയിലേക്കും ആർഎംപി യുഡിഎഫുമായി ചേർന്നാണ് മത്സരിക്കുന്നത്. നഗരസഭ 19ാം വാർഡിൽ ആർഎംപി സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചിട്ടുണ്ട്. യുഡിഎഫ് ധാരണ പ്രകാരം മുസ്ലിം ലീഗിന് അനുവദിച്ച സീറ്റായിരുന്നു വാർഡ് 19. എന്നാൽ ആർഎംപി സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചതോടു കൂടി ഈ വാർഡിൽ മുസ്ലിം ലീഗ് മത്സരത്തിൽ നിന്നും പിന്മാറുകയായിരുന്നു. നഗരസഭയിൽ മൂന്ന് വാർഡുകളിൽ കൂടി ആർഎംപി മത്സരിക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്.

ഇവിടങ്ങളിലെല്ലാം യുഡിഎഫിന്റെയും വെൽഫയർപാർട്ടിയുടെയും പിന്തുണ ഉറപ്പാക്കുകയും ചെയ്തിട്ടുണ്ട്.ഇത്രയും മേഖലകളിൽ മാത്രമാണ് ഇപ്പോൾ യുഡിഎഫ് ആർഎംപി സഖ്യം നിലവിലുള്ളത്. എന്നാൽ സംസ്ഥാനത്താകെ മറ്റിടങ്ങളിൽ ആർഎംപിയും യുഡിഎഫും പരസ്പരം മത്സരിക്കുന്ന സാഹചര്യം ഒഴിവാക്കാനും നേതാക്കൾ തമ്മിൽ ധാരണയിലെത്തിയിട്ടുണ്ട്. കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പുകളിലും ചിലയിടങ്ങളിൽ ആർഎംപി സ്ഥാനാർത്ഥികളും യുഡിഎഫ് സ്ഥാനാർത്ഥികളും പരസ്പരം മത്സരിക്കുന്ന അവസ്ഥയുണ്ടായപ്പോൾ അവിടെയെല്ലാം ഇടതുമുന്നണി സ്ഥാനാർത്ഥികൾ വിജയിക്കുന്ന സ്ഥിതിയുണ്ടായിരുന്നു.

ഇത്തവണ യുഡിഎഫുമായുള്ള മത്സരത്തിന്റെ ഭാഗമായി എൽഡിഎഫ് വിജയിക്കുന്ന സ്ഥിതിയുണ്ടാകരുതെന്ന് ആർഎംപി നേതാക്കൾ തീരുമാനിച്ചിരുന്നു. വടകര ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള നാല് ഗ്രാമപഞ്ചായത്തുകളിലും കഴിഞ്ഞ തവണ യുഡിഎഫാണ് ഭരണത്തിലുണ്ടായിരുന്നത്. ആർഎംപി പിന്തുണയോടെയാണ് അന്ന് യുഡിഎഫ് ഭരണത്തിലേറിയിരുന്നത്. എൽജെഡിയും അന്ന് യുഡിഎഫിലായിരുന്നു. പിന്നീട് എൽജെഡി എൽഎഡിഎഫിലെത്തിയപ്പോൾ ഒഞ്ചിയത്ത് യുഡിഎഫിന് ഭരണം നഷ്ടപ്പെടുകയും ചെയ്തിരുന്നു. എൽജെഡി മുന്നണി വിട്ടുപോയതോടെയാണ് ആർഎംപിയെ കൂടെകൂട്ടി ജനകീയ മുന്നണിയായി മത്സരിക്കാൻ യുഡിഎഫ് തീരുമാനിച്ചിരിക്കുന്നത്.

അതേ സമയം കോഴിക്കോട് കോർപറേഷൻ വലിയങ്ങാടി ഡിവിഷനിൽ നിന്നും ആർഎംപി സ്ഥാനാർത്ഥിയായ മത്സരിക്കുന്ന മുഹമ്മദ് ഷുഹൈബിനെ പിന്തുണക്കുന്ന കാര്യത്തിൽ യുഡിഎഫിൽ ഇതുവരെ ധാരണയായിട്ടില്ല. മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റ് ചെയ്യപ്പെട്ട അലൻഷുഹൈബിന്റെ പിതാവിനെ മത്സരത്തിനിറക്കി സിപിഎമ്മിനെ പ്രതിരോധത്തിലാക്കാനായിരുന്നു യുഡിഎഫ് തന്ത്രം.കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രനും പ്രതിപക്ഷ ഉപനേതാവ് എംകെ മുനീറും ഇടപെട്ടാണ് സിപിഐഎം ബ്രാഞ്ച് സെക്രട്ടറിയായിരുന്നു മുഹമ്മദ് ഷുഹൈബിനെ വലിയങ്ങാടിയിൽ ആർഎംപി ബാനറിൽ മത്സരിക്കാനിറക്കിയത്.

എന്നാൽ നാമനിർദ്ദേശ പത്രിക സമർപ്പിക്കാറായിട്ടും മുഹമ്മദ് ഷുഹൈബിനെ പിന്തുണക്കുന്ന കാര്യത്തിൽ യുഡിഎഫിൽ തീരുമാനമായിട്ടില്ല.നേതൃത്വം തീരുമാനം അടിച്ചേൽപ്പിക്കുകയാണെന്നാണ് യുഡിഎഫ് പ്രവർത്തകർ ആരോപിക്കുന്നത്. മുഹമ്മദ് ഷുഹൈബിനെ പിന്തുണക്കുകയാണെങ്കിൽ മുസ്ലിം വോട്ടുകൾ ലഭിക്കില്ലെന്നും യുഡിഎഫ് പ്രവർത്തർ പറയുന്നു.