ആലപ്പുഴ: ആലപ്പുഴയിൽ എസ്.ഡി.പി.ഐ നേതാവ് അഡ്വ. കെ.എസ്. ഷാനെ വധിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ. ഇന്നലെ പൊലീസ് കസ്റ്റഡിയിൽ എടുത്ത ആർ.എസ്.എസ് പ്രവർത്തകരായ പ്രസാദ്, രതീഷ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ആർ.എസ്.എസിന്റെ സജീവ പ്രവർത്തകരാണ് പിടിയിലായവരെന്ന് ആലപ്പുഴ എസ്‌പി പറഞ്ഞു. ഗുഡാലോചനയിലും ആസൂത്രണത്തിലുമടക്കം പങ്കെടുത്തവരാണ് പിടിയിലായതെന്ന് എസ്‌പി പറഞ്ഞു.

പ്രസാദിന് കൊലപാതകത്തിൽ നിർണായകമായ പങ്കുണ്ടെന്നും ആസൂത്രണത്തിനടക്കം നേതൃത്വം നൽകിയത് പ്രസാദാണെന്നും എ.ഡി.ജിപി വിജയ സാഖറെ പറഞ്ഞു. കൊലപാതകത്തിന്റെ മുഖ്യസൂത്രധാരൻ പ്രസാദാണ്. കൊലപാതകത്തിൽ 10 പേർക്ക് പങ്കുള്ളതായാണ് പൊലീസിന് ബോധ്യപ്പെട്ടതെന്നും കൂടുതൽ പേർക്ക് പങ്കുണ്ടോയെന്ന് പരിശോധിക്കുന്നതായും എ.ഡി.ജിപി വ്യക്തമാക്കി.

ബിജെപി നേതാവ് അഡ്വ. രജ്ഞിത് ശ്രീനിവാസനെ വധിച്ച കേസിൽ 12 പേർക്ക് പങ്കുള്ളതായാണ് പൊലീസിന്റെ കണ്ടെത്തലെന്നും കൂടുതൽ ആളുകൾക്ക് പങ്കുണ്ടോയെന്ന് പരിശോധിക്കുകയാണെന്നും എ.ഡി.ജി.പി പറഞ്ഞു. ഈ കേസിലുൾപ്പെട്ടവരുടെ അറസ്റ്റ് ഉടൻ ഉണ്ടാകുമെന്ന സൂചനയും പൊലീസ് നൽകുന്നുണ്ട്.

മണിക്കൂറുകളുടെ വ്യത്യാസത്തിലാണ് ശനിയാഴ്ച രാത്രിയും ഞായറാഴ്ച രാവിലെയുമായി ആലപ്പുഴയിൽ എസ്.ഡി.പി.ഐ, ബിജെപി നേതാക്കൾ കൊല്ലപ്പെട്ടത്. എസ്.ഡി.പി.ഐ നേതാവ് ഷാൻ സ്‌കൂട്ടറിൽ രാത്രി വീട്ടിലേക്ക് മടങ്ങുമ്പോൾ കാറിലെത്തിയ സംഘംഇടിച്ചുവീഴ്‌ത്തിയ ശേഷം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. മണ്ണഞ്ചേരിയിൽ ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. രാത്രി 7.30 ഓടെ വെട്ടേറ്റ ഷാൻ മരിക്കുന്നത് രാത്രി 12.15 ഓടെയാണ്.

മണിക്കൂറുകൾക്കകം, ഞായറാഴ്ച രാവിലെ ആലപ്പുഴ വെള്ളക്കിണറിലെ വീട്ടിലാണ് ബിജെപി നേതാവ് അഡ്വ. രജ്ഞിത് ശ്രീനിവാസൻ കൊല്ലപ്പെടുന്നത്. ഇടവഴിയൂടെ സഞ്ചരിച്ചെത്തിയ അക്രമിസംഘം വീട്ടിൽ വെച്ച് വെട്ടിക്കൊല്ലുകയായിരുന്നു. അതേസമയം ആലപ്പുഴയിൽ ജാഗ്രത തുടരുകയാണ്. മൂന്ന് ദിവസത്തേയ്ക്ക് റാലികൾക്കും മൈക്ക് അനൗൺസ്മെന്റിനും നിയന്ത്രണം ഏർപ്പെടുത്തി പൊലീസ്. അക്രമസംഭവങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള മുൻകരുതലിന്റെ ഭാഗമായാണ് നടപടി. അവധിയിൽ പോയിരിക്കുന്ന പൊലീസുകാരോട് ഉടൻ തന്നെ ഡ്യൂട്ടിയിലേക്ക് തിരിച്ചുവരാനും ഡിജിപി പുറത്തിറക്കിയ സർക്കുലറിൽ പറയുന്നു.

ആലപ്പുഴയിൽ മണിക്കൂറുകളുടെ വ്യത്യാസത്തിൽ രണ്ടു കൊലപാതകങ്ങൾ നടന്ന പശ്ചാത്തലത്തിൽ നിരീക്ഷണം ശക്തമാക്കാനും തീരുമാനിച്ചു. അക്രമസംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ മുൻകരുതലിന്റെ ഭാഗമായാണ് റാലികൾക്കും മൈക്ക് അനൗൺസ്മെന്റിനും പൊതുസമ്മേളനങ്ങൾക്കും നിയന്ത്രണം ഏർപ്പെടുത്തിയത്. പ്രകോപനപരമായ പ്രസംഗങ്ങൾ ഉണ്ടാവുകയും അത് ആക്രമണത്തിലേക്ക് നയിക്കുകയും ചെയ്യുന്ന സംഭവങ്ങൾ ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് മുൻകരുതൽ നടപടി സ്വീകരിച്ചത്. പൊതുസമ്മേളനങ്ങൾക്കും മറ്റുമായി അനുമതി തേടി പൊലീസിനെയാണ് സമീപിക്കേണ്ടത്. അപേക്ഷകൾ വിശദമായി പരിശോധിച്ച് സുരക്ഷ ഉറപ്പാക്കിയ ശേഷം മാത്രം അനുമതി നൽകിയാൽ മതിയെന്നും ഡിജിപിയുടെ സർക്കുലറിൽ പറയുന്നു.