ആലപ്പുഴ: വീടണയുന്നതിന് ഒന്നര കിലോമീറ്റർ മാത്രം ശേഷിക്കുമ്പോഴാണ് എസ്ഡിപിഐ യുവനേതാവ് കെഎസ് ഷാൻ അക്രമി സംഘത്തിന്റെ വെട്ടേറ്റു വീണത്. മൂന്നു മണിക്കൂറിന് ശേഷം ആ ചെറുപ്പക്കാരൻ ആശുപത്രിയിൽ വച്ച് മരണത്തിന് കീഴടങ്ങുമ്പോൾ അനാഥരായത് പതിനൊന്നും ആറും വയസുള്ള രണ്ടു പെൺമക്കളാണ്.

ചെറുപ്രായത്തിൽ തന്നെ രാഷ്ട്രീയ രംഗത്ത് വളർച്ചയുടെ പടവുകൾ കയറിയായിരുന്നു ഷാന്റെ വരവ്. നാട്ടുകാർക്ക് ഈ യുവാവിനെ കുറിച്ച് നല്ലതേ പറയാനുള്ളു. മണ്ണഞ്ചേരി പുന്നാട് ഐഷാ മൻസിലിൽ സലീമിന്റെ മകനാണ് കെ എസ് ഷാൻ (39). ഇന്നലെ രാത്രി 7.30ന് മണ്ണഞ്ചേരി കപ്പേടത്തു വച്ചാണ് ആക്രമണമുണ്ടായത്.

കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ ജില്ലാ പ്രസിഡന്റ്, സംസ്ഥാന പ്രസിഡന്റ്, പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ ജില്ലാ ജനറൽ സെക്രട്ടറി, എസ്ഡിപിഐ ആലപ്പുഴ ജില്ലാ പ്രസിഡന്റ്, ജില്ലാ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ സംസ്ഥാന സെക്രട്ടറിയാണ്. കഴിഞ്ഞ ടേമിലും സംസ്ഥാന സെക്രട്ടറിയായിരുന്നു. ആലപ്പുഴ നിയമസഭ, ലോക്‌സഭാ മണ്ഡലങ്ങളിൽ എസ്ഡിപിഐ സ്ഥാനാർത്ഥിയായി ഷാൻ മൽസരിച്ചിട്ടുണ്ട്.

അമ്പനാംകുളങ്ങര മഹല്ല് കമ്മിറ്റി അക്കൗണ്ടന്റ് ഓർഗനൈസറായും സേവനം അനുഷ്ടിച്ചു. മാതാവ്: റഹ്മ. ഭാര്യ: ഫൻസില. മക്കൾ: ഷിബ ഫാത്തിമ (11), ലിയ ഫാത്തിമ (6). വത്സൻ തില്ലങ്കേരിയുടെ നേതൃത്വത്തിൽ ഗൂഢാലോചന നടത്തിയാണ് ഷാനെ വകവരുത്തിയതെന്ന് എസ്ഡിപിഐയുടെ സംസ്ഥാന നേതാക്കൾ ആരോപിക്കുന്നു. വത്സൻ ആലപ്പുഴയിൽ വന്ന് മടങ്ങിയതിന് ശേഷമാണ് കൊലപാതകം നടന്നിട്ടുള്ളതെന്നും അവർ പറയുന്നു.