കൊച്ചി: ചന്ദ്രിക ദിനപത്രത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിച്ചെന്ന ആരോപണത്തിൽ കെ.ടി.ജലീൽ എംഎൽഎ കൊച്ചിയിലെ എൻഫോഴ്‌സ്‌മെന്റ് ഡയറക്റേറ്റ് ഓഫീസിലെത്തി തെളിവുകൾ സമർപ്പിച്ചു. കള്ളപ്പണ ഇടപാടിൽ ലഭ്യമായ രേഖകളെല്ലാം സമർപ്പിച്ചു. 16ന് പി.കെ. കുഞ്ഞാലിക്കുട്ടിയെ മൊഴിയെടുക്കാൻ ഇഡി വിളിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇഡിക്ക് തെളിവുകൾ നൽകിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കെ.ടി. ജലീൽ. എആർ നഗർ സഹകരണ ബാങ്ക് ഇടപാടിൽ ഇഡി അന്വേഷണം ആവശ്യപ്പെട്ടിട്ടില്ല. സഹകരണ വകുപ്പിന്റെ അന്വേഷണം നല്ല നിലയിലാണ് നടക്കുന്നത്. ഏതന്വേഷണം വേണമെന്ന് ആവശ്യപ്പെടേണ്ടത് താനല്ലെന്നും മുന്മന്ത്രി ജലീൽ പ്രതികരിച്ചു.

വ്യാഴാഴ്ച രാവിലെ മുഖ്യമന്ത്രി പിണറായി വിജയനെ ക്ലിഫ് ഹൗസിലെത്തി കണ്ടത് അദ്ദേഹം വിളിപ്പിച്ചിട്ടല്ലെന്നും ജലീൽ വ്യക്തമാക്കി. സാധാരണപോലെ താൻ അങ്ങോട്ടുപോയി കാണുകയായിരുന്നെന്നും ജലീൽ പറഞ്ഞു. ലീഗിനെതിരായ നിലപാടിൽ സിപിഎം പിന്തുണയുണ്ട്. അക്കാര്യത്തിൽ സംശയമില്ലെന്നും മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടിയായി ജലീൽ പറഞ്ഞു.

പി.കെ.കുഞ്ഞാലിക്കുട്ടിക്ക് എതിരായ പോരാട്ടത്തിൽ എൽഡിഎഫിൽ ഒറ്റപ്പെടുന്നതിനിടയിലാണ് കെ.ടി.ജലീൽ വീണ്ടും ഇഡിക്കു മുന്നിലെത്തിയത്. ഇഡി നൽകിയ നോട്ടീസിന്റെ അടിസ്ഥാനത്തിലാണ് ജലീൽ ഹാജരായത്. ചന്ദ്രിക കേസിൽ ജലീലിന്റെ പരാതിയിലല്ല ഇഡി കേസെടുത്തിരിക്കുന്നത്. കുഞ്ഞാലികുട്ടിക്കും മകനും എതിരെയടക്കം ഏഴ് തെളിവുകൾ ഹാജരാക്കും എന്ന് നേരത്തെ ജലീൽ വ്യക്തമാക്കിയിരുന്നു.