ആലപ്പുഴ: മന്ത്രി ജി സുധാകരനെതിരെ മുൻ മുൻ പേഴ്‌സനൽ സ്റ്റാഫ് അംഗത്തിന്റെ ഭാര്യ നൽകി അധിക്ഷേപ പരാതിയിൽ നടപടികളുമായി പൊലീസ്. ഒരു വശത്ത് സിപിഎമ്മിന്റെ ശക്തമായി സമ്മർദ്ദമുള്ള കേസുമായി മുന്നോട്ടു പോകാൻ സാധിക്കാത്ത അവസ്ഥയിലാണ് പൊലീസ്. അതേസമയം പരാതിയിൽ നിന്നും പിന്നോട്ടു പോകാതെ ഉറച്ച നിലപാടിൽ തുടരുകയാണ് യുവതിയും. മന്ത്രി ജി. സുധാകരൻ വാർത്തസമ്മേളനത്തിൽ നടത്തിയ അപകീർത്തികരമായ പരാമർശമാണ് പരാതിക്കാരിയെ ചൊടിപ്പിച്ചിരിക്കുന്നു.

ഇതോടെ പൊലീസ് പരാതിക്കാരിയുടെ മൊഴിയെടുത്തു. വേണുഗോപാലിന്റെ വീട്ടിലെത്തിയ എസ്‌ഐ: കെ.എച്ച്. ഹാഷിമാണ് വനിതാ സിവിൽ പൊലീസ് ഓഫിസറുടെ സാന്നിധ്യത്തിൽ മൊഴിയെടുത്തത്. തന്റെ സ്ത്രീത്വത്തെ ചോദ്യം ചെയ്യുന്ന വിധത്തിൽ മന്ത്രി പ്രസ്താവന നടത്തിയെന്നാണ് മൊഴി നൽകിയിട്ടുള്ളത്. പരാതിയിൽ കേസെടുക്കാൻ അമ്പലപ്പുഴ പൊലീസ് നിയമോപദേശം തേടിയിരിക്കയാണ്.

അതിനിടെ അപകീർത്തികരമായ പരാമർശം നടത്തിയതിന്റെ വീഡിയോ ഹാജരാക്കാൻ പരാതിക്കാരിക്ക് പൊലീസ് നിർദ്ദേശം. പരാതിക്കാരിയും സുധാകരന്റെ മുൻ പേഴ്‌സനൽ സ്റ്റാഫ് വേണുഗോപാലിന്റെ ഭാര്യയുമായ ശാലുവിനോടാണ് പൊലീസ് ഇക്കാര്യം ആവശ്യപ്പെട്ടത്. ആലപ്പുഴയിലെ വാർത്തസമ്മേളനത്തിൽ മന്ത്രി സുധാകരൻ തനിക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് വേണുഗോപാലിന്റെ ഭാര്യ ശാലു പരാതി നൽകിയത്. മന്ത്രി വാർത്തസമ്മേളനത്തിനിടെ സ്ത്രീത്വത്തെ അപമാനിച്ചെന്നും ജാതീയമായി അധിക്ഷേപിച്ചെന്നുമാണ് യുവതിയുടെ മൊഴി.

പരാതിയിൽ അമ്പലപ്പുഴ പൊലീസ് കേസെടുക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി മുൻ പേഴ്‌സനൽ സ്റ്റാഫിന്റെ ഭാര്യ കഴിഞ്ഞ ദിവസം ജില്ല പൊലീസ് മേധാവിയെ സമീപിച്ചിരുന്നു. പരാതിക്ക് ആധാരമായ വാർത്തസമ്മേളനം ആലപ്പുഴയിലായതിനാൽ തങ്ങളുടെ പരിധിയിൽ വരില്ലെന്നാണ് അമ്പലപ്പുഴ പൊലീസിന്റെ നിലപാട്. ഇതോടെയാണ് ശാലു പൊലീസ് മേധാവിക്ക് പരാതി നൽകിയത്.

ഇതിന് പിന്നാലെ ജി. സുധാകരനെതിരായ പരാതിയിൽ അനുനയനീക്കവുമായി സിപിഎം ആലപ്പുഴ ജില്ലാ നേതൃത്വം രംഗത്തെത്തി. സിപിഎം സംസ്ഥാന നേതൃത്വത്തിന്റെ നിർദേശ പ്രകാരം വിഷയം ചർച്ച ചെയ്യാൻ പുറക്കാട് ലോക്കൽ കമ്മിറ്റിയോഗം ചേരുകയും ചെയ്തിരുന്നു. പരാതിക്കാരിയുടെ ഭർത്താവും പങ്കെടുത്ത യോഗത്തിൽ നടത്തിയ അനുനയനീക്കം പരാജയപ്പെട്ടിരുന്നു. വ്യക്തിസ്വാതന്ത്ര്യത്തിൽ കൈകടത്താനാകില്ലെന്ന നിലപാടാണ് വേണുഗോപാൽ സ്വീകരിച്ചത്.

എസ്.എഫ്.ഐ മുൻ ജില്ല കമ്മിറ്റി അംഗമായ യുവതിയുടെ പരാതി പിൻവലിപ്പിക്കാൻ ജില്ല സെക്രട്ടറിയുടെ സാന്നിധ്യത്തിൽ നേരത്തേ നടന്ന ഒത്തുതീർപ്പ് ശ്രമം പരാജയപ്പെട്ടിരുന്നു. ജില്ലയിൽ തുടരെ വിവാദം ഉണ്ടാകുന്ന പശ്ചാത്തലത്തിൽ ഏതുവിധേനയും പ്രശ്‌നം ഒത്തുതീർക്കണമെന്ന സംസ്ഥാന നേതൃത്വത്തിന്റെ നിർദ്ദേശം പരിഗണിച്ചാണ് വീണ്ടും ചർച്ച നടത്തിയത്. സമ്മർദത്തിലൂടെ യുവതിയെ പാർട്ടിയുടെ വഴിക്ക് കൊണ്ടു വരാനാകുമെന്നാണ് പ്രതീക്ഷ.

ആലപ്പുഴയിലെ വിഭാഗീയ നീക്കങ്ങൾ എല്ലാ പരിധിയും ലംഘിച്ചെന്നാണ് സംസ്ഥാന നേതൃത്തിന്റെ വിലയിരുത്തൽ. മന്ത്രി ജി. സുധാകരൻ ഒരുവശത്തും ആലപ്പുഴ സിപിഎമ്മിലെ മറ്റൊരു ചേരി മറുവശത്തും ശക്തമായി നിലയുറപ്പിച്ചാണ് നീക്കങ്ങൾ. തെരഞ്ഞെടുപ്പുഫലം വന്നശേഷം വിഭാഗീയ പ്രശ്‌നങ്ങളിൽ വിശദമായ ചർച്ചയാകാമെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ നിലപാട്.

ഇതിനിടെ, വേണുഗോപാലിനെതിരെ പാർട്ടി നടപടിയെടുക്കരുതെന്നു സിപിഎം പുറക്കാട് ലോക്കൽ കമ്മിറ്റി യോഗത്തിൽ ഭൂരിപക്ഷം അംഗങ്ങളും ആവശ്യപ്പെട്ടു. പ്രശ്‌നം ചർച്ച ചെയ്യാനായി ലോക്കൽ കമ്മിറ്റി യോഗം പാർട്ടി ജില്ലാ കമ്മിറ്റി ഓഫിസിലാണു ചേർന്നത്. വേണുഗോപാലും യോഗത്തിൽ പങ്കെടുത്തു. പ്രശ്‌നം പരിഹരിക്കാൻ ഏരിയ കമ്മിറ്റിയെ ചുമതലപ്പെടുത്തി. ലോക്കൽ കമ്മിറ്റി അംഗം കെ.രാജീവൻ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ആർ.നാസർ, സെക്രട്ടേറിയറ്റ് അംഗം കെ.പ്രസാദ്, ജില്ലാ കമ്മിറ്റി അംഗം എച്ച്.സലാം, ഏരിയ സെക്രട്ടറി എ.ഓമനക്കുട്ടൻ എന്നിവരും പങ്കെടുത്തു.